കൊച്ചി: മഴ കുറഞ്ഞതോടെ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. രാത്രിയും പകലുമായിട്ടാണ് ജോലികള്‍ നടക്കുന്നത്. മെട്രോയുടെ ആദ്യറീച്ചില്‍ ആലുവ പുളിഞ്ചുവട് ജംഗ്ഷനില്‍ ആറാമത്തെ പെയിലിംഗ് തുടങ്ങി. ആലുവയില്‍ രാത്രി പെയിലിങ് നടക്കുന്നുണ്ട്.സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള നിര്‍മാണത്തിനായി ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ചങ്ങമ്പുഴ പാര്‍ക്കില്‍ 22-ാമത്തെ പെയിലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.നാലാമത്തെ റീച്ചില്ടെസ്റ്റ് പെയിലിംഗ് ജോലികള്‍ ആരംഭിച്ചു. സൗത്ത് മുതല്‍ പേട്ടവരെയുള്ള നാലാമത്തെ റീച്ചില്‍ വൈറ്റില മൊബിലിറ്റി ഹബിനോടു ചേര്‍ന്നാണ് ടെസ്റ്റ് പെയിലിംഗ് ആരംഭിച്ചിട്ടുള്ളത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈറ റാംഗണാണ് ഈ റീച്ചിന്റെ നിര്‍മാണ കരാര്‍ എറ്റെടുത്തിട്ടുള്ളത്. ഹബ് മുതല്‍ 800 മീറ്ററോളം നീളത്തില്‍ റോഡിനോടു ചേര്‍ന്നല്ലാതെ നിര്‍മാണം നടത്താമെന്നതിനാല്‍ ഇവിടുത്തെ ജോലികള്‍ മറ്റു സ്ഥലങ്ങളേക്കാള്‍ വേഗത്തില്‍ നടക്കുമെന്നാണ് ഡിഎംആര്‍സി വൃത്തങ്ങള്‍ കണക്കാക്കുന്നത്.
മെട്രോ റെയില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വൈറ്റില-പേട്ട റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു വിജ്ഞാപനമായതായി കളക്ടര്‍ പി.ഐ. ഷേക്ക് പരീത് അറിയിച്ചു. 4.94 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ളതാണ് വിജ്ഞാപനം. ഏറ്റെടുക്കുന്ന സര്‍വേ നമ്പറുകളില്‍ ക്രയവിക്രയവും നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതി ലഭിക്കില്ല. അടിയന്തര വ്യവസ്ഥ ബാധകമാക്കിയ സാഹചര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്ത് കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് മുഖേന ഡിഎംആര്‍സിക്ക് കൈമാറുമെന്ന് കളക്ടര്‍ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഓഗസ്റ്റ് 13നാണു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഒപ്പിട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ലഭിച്ചു. സെന്റ് ജോര്‍ജ് പള്ളി, മുസ്ലിം പള്ളി എന്നിവയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പിന്നീടുണ്ടാകും. വിജ്ഞാപനത്തിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ അടിസ്ഥാന വില നിര്‍ണയം ഉടനെ ആരംഭിക്കും. തുടര്‍ന്ന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. മെട്രോ റെയില്‍ സ്ഥലമെടുപ്പ് യൂണിറ്റിനാണ് ഏറ്റെടുക്കല്‍ നടപടികളുടെ ചുമതല.
കൊച്ചി സര്‍വകലാശാല, ചങ്ങമ്പുഴ പാര്‍ക്ക്, തൈക്കൂടം സ്റ്റേഷനുകളുടെ സ്ഥലം കെഎംആര്‍എല്ലിനു കൈമാറി. മുട്ടം സ്റ്റേഷന്റെ സ്ഥലം കൈമാറ്റത്തിനും നടപടിയായി. തൈക്കൂടത്ത് സ്റ്റേഷനും പാര്‍ക്കിംഗിനുമായി 85 സെന്റ് സ്ഥലവും ഏറ്റെടുത്തു. ഇതിനോട് ചേര്‍ന്നുള്ള രണ്ട്ഏക്കറോളം സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: