വൈപ്പിന്‍: സ്കൂളുകളില്‍ ഇന്റര്‍വെല്‍ സമയം ഒട്ടും തികയുന്നില്ല, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ സമയം മതിയാകുന്നില്ല. ഈ പരാതി പറയുന്നത് ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. വൈപ്പിനിലെ കുഴിപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന കുട്ടികളുടെ ഗ്രാമസഭയിലാണ് ഈ കൊച്ചു കൂട്ടുകാരുടെ സങ്കടങ്ങള്‍ ഉയര്‍ന്നു വന്നത്. പഞ്ചായത്തുകളില്‍ നടത്തുന്ന ഗ്രാമയാത്രാ പരിപാടിക്ക് മുന്നോടിയായാണ് കുട്ടികളുടെ ഗ്രാമസഭ നടത്തിയത്.
മറ്റൊരു നിര്‍ദ്ദേശം സ്കൂളുകളില്‍ പി.ടി.സമയം കൂട്ടണമെന്നാതാണ്. കുട്ടികളെ കൂടുതല്‍ നേരം ക്ലാസ്സ് മുറിയില്‍ അടക്കിയിരുത്തുന്നത് അവരില്‍ അക്രമവാസന വളര്‍ത്തുന്നു എന്നവര്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമാണ് പി.ടി സമയം കൂട്ടുക എന്നത്.
പരാതികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വിജയന് കുട്ടികേളാട് അനുഭാവപൂര്‍വ്വം മറുപടി നല്കി. അതോടെ കുട്ടികളുടെ ഗ്രാമസഭ ഉഷാറായി. സ്കൂളുകളില്‍ കൂടുതല്‍ ടോയ്ലറ്റുകള് നിര്‍മ്മിക്കാന്‍ സ്കൂള്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെടുമെന്നും ഇതോടെ ഇന്റര്‍വെല്‍ സമയം തികയാതെ വരുന്ന പ്രശ്നം പരിഹരിക്കപ്പടുമെന്നും പ്രസിഡന്റ് ഉറപ്പ് നല്കി. ഈ ഉറപ്പ് പരാതിക്കാരെ അല്‍പ്പം ചിന്തകുഴപ്പത്തിലാക്കി. പി.ടി.സമയം കൂട്ടുന്ന കാര്യത്തിലും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണെമന്നതിനാല് ഈ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പരാതികളും നിര്‍ദേശങ്ങളും തീരുന്നില്ല. കിട്ടിയ തക്കത്തിന് സ്കൂള്‍ കുട്ടികളുടെ കുലവൈരികളായ ബസ് ജിവനക്കാര്‍ക്കെതിരെ നിശിതമായ ആരോപണങ്ങളും കുട്ടിപട്ടാളം ഉന്നയിച്ചു. ബസ്സുകള്‍ സ്കൂള്‍ കുട്ടികളെ കയറ്റാതെ പോകുന്നു. ഇത് മൂലം കുട്ടികള്‍ക്ക് സ്കൂളിലും വീട്ടിലും സമയത്ത് എത്താന്‍ കഴിയുന്നില്ല. തന്നെയുമല്ല ബസ്സുകള്‍ നിര്‍ത്തിയാല്‍ തന്നെ ബസ്സ് ജിവനക്കാര്‍ കുട്ടികളോട് മോശമായ പെരുമാറ്റം. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബസ്സുകള്‍ നിര്‍ത്തിക്കുന്നതിനായി ഹൈവേ പൊലിസില്‍ കുട്ടിപൊലീസിന്റെ സേവനം ഉപേയാഗപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. സ്കൂളുകള്‍ക്ക് മുന്നില്‍ ബസ്സുകള്‍ വേഗം കുറക്കാനും നിര്‍ദ്ദേശം വച്ചു.
ബസ്സ് ജിവനക്കാര്ക്കെതിരെയുള്ള ഈ പരാതികള്‍ ഈ മാസം 27ന് ചേരുന്ന ഹൈവേ പട്രോള്‍ മീറ്റിംഗില്‍ ഉന്നയിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികള്‍ ചര്‍ച്ചക്കിരുന്നത്. കുടുംബത്തിലും സമൂഹത്തിലും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, വിദ്യാഭ്യാസരീതിയെ കുറിച്ച് കുട്ടികളുടെ അഭിപ്രായം, ആരോഗ്യം, ശുചിത്വം, വിവിധ കാര്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം, കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങശിലാണ് ചര്‍ച്ച നടന്നത്.
രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും, കൗണ്‍സിലിംഗ് നല്‍കണമെന്ന ആവശ്യം എല്ലാ ഗ്രൂപ്പിലെയും കുട്ടികള്‍ മുന്നോട്ട് വച്ചു. അടിക്കടിയുള്ള കറന്റ് കട്ട് ഒഴിവാക്കാനും, വൈപ്പിനിലെ റോഡുകളുടെ ശോചനീയമായ സ്ഥിതി ഇല്ലാതാക്കാനും, കുടിവെള്ള പ്രശ്നം പരിഹരിക്കാനും നടപടി വേണം. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് സാഹചര്യം ഒരുങ്ങിയിട്ടുണ്ടെന്നും, കാലാവസ്ഥ അനുയോജ്യമായാല്‍ ഉടന്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്നും പ്രസിഡന്റ് മറുപടി നല്കി.
ഉച്ചഭക്ഷണം പഞ്ചായത്തുകളില്‍ ഉണ്ടാക്കി അത് സ്കൂളുകളില്‍ വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വന്നു. കുട്ടികളുടെ നിര്‍ദേശങ്ങള്‍ എല്ലാം സര്‍ക്കാരിന് മുന്നില്‍ വക്കുമെന്നും പഞ്ചായത്ത് തലത്തില്‍ പരിഹരിക്കേണ്ടവ അത്തരത്തില്‍ പരിഹരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
സെന്റ് അഗസ്റ്റിന് ഗേള്‍സ് സ്കൂള്‍, സെന്റ് ഗ്രിഗോറിയസ് സ്കൂള്‍, വി.ഡി.എസ്സ് .എല്‍.പി.സ്കൂള്‍, പി.ബി.ഡി.പി. എല്‍.പി.സ്കൂള്‍, സെന്റ് ജോണ്‍സ് എല്‍.പി.സ്കൂള്‍, എന്നീ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്. കുഴിപ്പിള്ളി പഞ്ചായത്ത് വെസ് പ്രസിഡന്റ് ബീനാ ജോര്‍ജ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി.ജെ.അനിരുദ്ധന്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വിജയന്, മെമ്പര്‍ സുഭാഷിണി ജോഷി, കൂടാതെ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: