വെല്ലിങ്ങ്ടണ്‍: അവസാനം തീക്കട്ടയിലും ഉറുമ്പരിച്ചു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പാലസ്തീന്‍കാരനായ ഖലീല്‍ ഷെരിയത്തീഹെന്ന യുവാവാണ് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തത്. തന്റെ പരാതി ഫേസ്ബുക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെവികൊള്ളാത്തതിനാലാണ് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചതെന്ന് ഖലീല്‍ വ്യക്തമാക്കി.
ഫേസ്ബുക്കില്‍ ആര്‍ക്ക് വേണമെങ്കിലും ഉപഭോക്താവിന്റെ അനുവാദമില്ലാതെ തന്നെ ചിത്രങ്ങളും സന്ദേശങ്ങളും വാളില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന വീഴ്ച ഖലീല്‍ ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. എന്നാല്‍ ഖലീലിന്റെ ഇമെയിലുകള്‍ ഫേസ്ബുക്ക് ഗൗനിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സക്കര്‍ബര്‍ഗിന്റെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഫേസ്ബുക്കിനെ പറ്റി എന്തെങ്കിലും പരാതിയോ പിഴവോയുണ്ടെങ്കില് ഫേസ്ബുക്ക് സൂരക്ഷാ ഫീഡ് ബാക്ക് പേജില്‍ അറിയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ അറിയിക്കുന്നയാള്‍ക്ക് 500 ഡോളര്‍ ഫേസ്ബുക്ക് പാരിതോഷികം നല്‍കും.
സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജില്‍ നുഴഞ്ഞു കയറി പ്രൈവസി സെറ്റിങ്ങ്സിലെ പാകപ്പിഴ ചൂണ്ടികാണിച്ചുകൊണ്ട് പോസ്റ്റിട്ടു. അക്കൗണ്ട് ഹാക്ക് ചെയ്തതറിഞ്ഞ് ഉടനെ ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗം പിഴവുകള്‍ പരിഹരിച്ചു. എന്നാല്‍, പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവര്ക്കായുള്ള 500 ഡോളര്‍ പാരിതോഷികം ഫേസ്ബുക്ക് ഖലീലിന് നല്‍കില്ലെന്ന് അറിയിച്ചു. പിഴവുകള്‍ കണ്ടെത്തിയാല്‍ അത് മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ പരീക്ഷിക്കരുതെന്ന നിബന്ധന ഖലീല്‍ ലംഘിച്ചതിനാലാണിതെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഖലീലില്‍ ഫേസ്ബുക്ക് സിയിഒ ആയ സക്കര്‍ബര്‍ഗിനോട് പിന്നിട് മാപ്പുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: