ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് കൗശിക് ബസു.
ഇന്ത്യ മാത്രമല്ല ആഗോള സാമ്പത്തിക രംഗവും ഇതേ അവസ്ഥയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നതായും ബസു പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ കനത്ത പ്രഹരമാണ് ഇത് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സാമാന്യതയിലും കവിഞ്ഞ നിയന്ത്രണം ആവശ്യമാണെന്നും ബസു അഭിപ്രായപ്പെട്ടു.
അടുത്ത ഒന്നര വര്‍ഷത്തേക്ക് കൂടി തല്‍ സ്ഥിതി തുടരുമെന്നും ബസു കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കയറ്റുമതി കൂടുതല്‍ സുഗമമാക്കേണ്ടത് ആവശ്യമാണെന്നും കറന്റ് അക്കൗണ്ട് കമ്മി പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും ബസു പറഞ്ഞു. ഉയരുന്ന കറന്റ് അക്കൗണ്ട് കമ്മിയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നതെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ കൗശിക് ബസു പറഞ്ഞു. ഇന്ത്യയിലെ നിലവിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ 1991 ലെ പ്രതിസന്ധിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൂപയുടെ സ്ഥിരത നിലനിര്‍ത്താന്‍ ഇന്ത്യ വിദേശ നാണ്യ ശേഖരം ഉപയോഗപ്പെടുത്തണമെന്നും ബസു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: