കെയ്റോ: കലാപം തുടരുന്ന ഈജിപ്തില്‍ ഭരണഘടനാ കോടതിയിലേക്ക് നടത്താനിരുന്ന റാലികള്‍ മുസ്ലിം ബ്രദര്‍ഹുഡ് ഉപേക്ഷിച്ചു. സുരക്ഷാകാരണങ്ങളാലാണ് റാലികള്‍ ഉപേക്ഷിക്കുന്നതെന്ന് ഇസ്ലാമിക സഖ്യം അറിയിച്ചു.
ഞായറാഴ്ച ആറ് സ്ഥലങ്ങളില്‍ നിന്നായി എത്തുന്ന മാര്‍ച്ചുകള്‍ കോടതിക്കുമുന്നില്‍ സംഗമിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അക്രമങ്ങള്‍ക്കെതിരെ മിണ്ടാതിരിക്കില്ലെന്ന് സൈനിക മേധാവി അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നു.
അതിനിടെ, മുസ്ലിം ബ്രദര്‍ഹുഡിനെ നിയമപരമായി പിരിച്ചുവിടാനുള്ള നിര്‍ദേശം ഇടക്കാല പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇതിന് പ്രസിഡന്റ് അനുകൂലമല്ല. ആരെയെങ്കിലും പിരിച്ചുവിടാനോ തടയാനോ തങ്ങളില്ലെന്ന് പ്രസിഡന്റിന്റെ ഉപദേശകന് അറിയിച്ചു.
അതിനിടെ ഈജിപ്തിലെ ഗാസയില്‍ നിന്നുള്ള പ്രവേഷന കവാടമായ സിനായിലെ റഫ അതിര്‍ത്തിയില്‍ വച്ച് പോലീസ് വാഹനങ്ങള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് 24 പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം മുസ്ലീംബ്രദര്‍ഹുഡ് അനുകൂലികളായ 36 തടവുകാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
കെയ്റോയ്ക്ക് അടുത്തുള്ള അബു സാബല്‍ ജയിലിലേക്ക് തടവുകാരെ കൊണ്ടുപോകുന്ന വഴിക്കാണ് സംഘര്‍ഷം നടന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ദിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് 36 തടവുകാര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. കണ്ണീര്‍വാതകം ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ നടന്ന അക്രമങ്ങളിലും സൈനിക നടപടിയിലും ആയിരത്തിലധികം പേര് മരിച്ചിരുന്നു. ഈജിപ്തില്‍ സൈനിക നടപടിയില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നല്കുന്ന സൈനികസഹായം പിന്‍വലിക്കണമെന്ന് അമേരിക്കയില്‍ സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കലാപങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഈജിപ്തുമായുള്ള ബന്ധങ്ങള്‍ അടിയന്തരമായി പുനഃപരിശോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ഇടക്കാല സര്‍ക്കാറിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: