ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ച് എത്രയും വേഗം കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്നും തൂത്തെറിയാന്‍ ബിജെപി പ്രചാരണസമിതി കണ്‍വീനര്‍ നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്തെ ജനങ്ങള്‍ ഇത് ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജ്ജിമാക്കുന്നതിന് നിര്‍ണ്ണായകമായ 200 ദിനങ്ങളാണ് പ്രവര്ത്തനകര്ക്കു മുന്നിലുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും സംഘടിപ്പിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. എല്ലാ വോട്ടര്‍മാരിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി ബിജെപി ദേശീയ ഭാരവാഹികളുടേയും സംസ്ഥാന പ്രസിഡന്റ്-സംഘടനാ സെക്രട്ടറിമാരുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി. എല്‍.കെ.അദ്വാനി ഉദ്ഘാടനം നിര്‍വഹിച്ചു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ 272 സീറ്റിലധികം വിജയം നേടുകയെന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കു വിജയിക്കാന്‍ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ ബിജെപിക്കനുകൂലമായ സമീപനം ബിജെപിയുടെ ദൗത്യത്തെ സഹായിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ സുരക്ഷിതത്വം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്വം കോണ്‍ഗ്രസിന് പ്രശ്നമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സാധാരണജനങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പരാജയം സംഭവിച്ചിരിക്കുന്നു. വിലക്കയറ്റം പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. രൂപയുടെ വിനിമയ മൂല്യം അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം അനാകര്‍ഷകവും സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതുമായിരുന്നു. മൂലധന നിയന്ത്രണത്തിനുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ സമ്പദ്ഘടനയെ കൂടുതല്‍ മുറിവേല്‍പ്പിക്കും.
പാക്കിസ്ഥാനുമായി നിലവിലെ സാഹചര്യത്തില്‍ ഒരു ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറാവരുത്. അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ നടത്തരുതെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ.അദ്വാനി സമാപന പ്രസംഗം നടത്തി. കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസ്,സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്,സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: