സിന്‍സിനാറ്റി: ചെക്ക് താരം ടോമാസ് ബെര്‍ഡിക്കിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ സിന്‍സിനാറ്റി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലില്‍ 7-5, 7-6 (4) എന്ന സ്കോറിനാണ് സ്പാനിഷ് താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ സീഡുചെയ്യപ്പെടാത്ത ജോണ്‍ ഇസ്നര്‍ ഒരു മാരത്തോണ്‍ മത്സരത്തിലൂടെ ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയിരുന്നു. സ്കോര്‍: 6-7 (5), 7-6 (9), 6-3.
യുഎസ് ഓപ്പണ്‍ ലക്ഷ്യംവെക്കുന്ന റാഫേല്‍ നദാലിന് ബെര്ഡിക്കുമായുള്ള മത്സരം ഒരു വെല്ലുവിളിതന്നെയായിരുന്നു. ആദ്യസെറ്റില്‍ ഉജ്വല പോരാട്ടം പുറത്തെടുത്ത ബെര്‍ഡിക്ക് നദാലിനെ വിറപ്പിച്ചുവിട്ടശേഷമാണ് കീഴടങ്ങിയത്. ഇത് രണ്ടാം സെറ്റിനുള്ള ഒരു മുന്നറിയിപ്പുകൂടിയായിരുന്നു. ആദ്യസെറ്റിനേക്കാള് മികച്ച പ്രകടനം ബെര്‍ഡിക്ക് രണ്ടാം സെറ്റില്‍ പുറത്തെടുത്തതോടെ കാര്യങ്ങള്‍ തീരുമാനമാകാന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. ഇവിടെ പരിചയസമ്പന്നനായ നദാലിന് മുന്‍തൂക്കം ലഭിച്ചു. മൂന്നാം സെറ്റിലേക്ക് മത്സരം നീട്ടാതെ നദാല്‍ വിജയം പിടിച്ചെടുത്തു.
രണ്ടാം സെമിയില്‍ ആദ്യസെറ്റ് പരാജയപ്പെട്ടശേഷമായിരുന്നു ഇസ്നര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ടൈബ്രേക്കര്‍ വരെ എത്തിയെങ്കിലും പോട്രോ വിജയം പിടിച്ചെടുത്തു. മത്സരത്തില്‍ അര്‍ജന്റീന താരത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം സെറ്റില്‍ കളി മാറി. ടൈബ്രേക്കറിലെത്തിയെങ്കിലും പോട്രോ മത്സരം കൈവിട്ടു. ഉജ്വലമായ രീതിയില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇസ്നര്‍ നിര്‍ണായകമായ മൂന്നാം സെറ്റിലും പോട്രോയെ നിലംപരിശാക്കി.
തന്റെ കരിയറിലെ 59-ാം കിരീടം തേടിയാണ് നദാല്‍ സിന്‍സിനാറ്റി ഫൈനലില്‍ ഇറങ്ങുക. ഈവര്‍ഷം എട്ട് കിരീടങ്ങള്‍ നേടിയ നദാലിന് നേട്ടം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്. ഈ മാസം 26 ന് ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നദാലിന് ഈ നേട്ടം ആത്മവിശ്വാസം നല്കുകയുംചെയ്യും.
വനിതാ വിഭാഗത്തില്‍ വിക്ടോറിയ അസാരങ്ക ഫൈനലില്‍ സെറീന വില്യംസിനെ നേരിടും. ചൈനീസ് താരം ലി നായെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. സ്കോര്‍ 7-5, 7-5. ഇരുസെറ്റുകളിലും ഉജ്വല പോരാട്ടം കാഴ്ചവെച്ചശേഷമാണ് ചൈനീസ് താരം തോല്‍വി സമ്മതിച്ചത്. ഈ വര്‍ഷത്തെ ഒമ്പതാം കിരീടം തേടിയാണ് സെറീന ഇവിടെ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ നിലവിലുള്ള വനിതാ ചാമ്പ്യനായിരുന്നു ലി നാ.
വനിതകളുടെ രണ്ടാം സെമിയില്‍ സെര്‍ബിയന്‍ താരം ജലേന ജാങ്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് അസാരങ്ക ഫൈനലിലെത്തിയത്. ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ബലാറസ് താരത്തിന്റെ തിരിച്ചുവരവ്. സ്കോര്‍: 4-6, 6-2, 6-3. രണ്ടാം സെറ്റില്‍ ഉജ്വല വിജയത്തോടെ തിരിച്ചെത്തിയ അസാരങ്കയെ നിര്‍ണായകമായ മൂന്നാം സെറ്റിലും പിടിച്ചുനിര്‍ത്താന്‍ ജാങ്കോവിച്ചിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: