ജീവിതനിലവാരം ഉയരുന്നു എന്നു പറയുമ്പോള്‍ ജീവിതച്ചെലവുകള്‍ ഉയരുന്നു എന്നൊരു അര്‍ത്ഥവുമുണ്ട്. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കൊത്ത് വരുമാനവും വര്‍ധിപ്പിക്കണം. ഇക്കാര്യത്തിന് പലരും ക്രെഡിറ്റ് കാര്‍ഡുകളെയാണ് ആശ്രയിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും മറ്റും വാങ്ങാന്‍ ഇത് മതിയാകും. എന്നാല്‍ ജീവിതത്തിലെ ചില ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഈ മാര്‍ഗങ്ങള്‍ മതിയാവുകയില്ല. എന്നു മാത്രമല്ല മികച്ച ആസൂത്രണവും (പ്ലാനിംഗ്) ഇക്കാര്യത്തില്‍ ആവശ്യമാണ്. വിദൂരഭാവിയ്ക്കു വേണ്ടി പ്ലാന്‍ ചെയ്യുന്നത് ജീവിതവിജയത്തിന് നിര്‍ണായകമാണ്.
മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, എഫ്ഡി, ഭൂമി, സ്വര്‍ണം തുടങ്ങിയവയിലെ നിക്ഷേപങ്ങളാണ് ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. സംരക്ഷണവും വിവിധ ജീവിതഘട്ടങ്ങള്ക്കുള്ള പ്ലാനിംഗും കണക്കിലെടുക്കുമ്പോള്‍ ഇക്കൂട്ടത്തില്‍ ചേര്‍ക്കാവുന്ന മറ്റൊരു മികച്ച നിക്ഷേപമാര്‍ഗമാണ് ഇന്‍ഷുറന്‍സ്. നിങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തെരഞ്ഞെടുക്കുന്ന ഒരു ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍, സ്ഥിരമായ ഒരു നിക്ഷേപ ഉപാധിയെന്ന നിലയില്‍ മാത്രമല്ല നിങ്ങളുടെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും വരെ നിങ്ങള്‍ക്കാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു കവചം കൂടിയാണ്.
മറ്റ് നിക്ഷേപമാര്‍ഗങ്ങളെ അപേക്ഷിച്ച് മികച്ച വൈവിധ്യവല്‍കരണത്തിന് സാധ്യത തരുന്നതാണ് ഇന്‍ഷുറന്‍സിലെ നിക്ഷേപം. പരമ്പരാഗത പ്ലാനുകള്‍, യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകള്‍ (യുലിപ്) തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് തുടങ്ങിയവ പ്ലാന്‍ ചെയ്യാന്‍ ഇന്‍ഷുറന്‍സ് സഹായിക്കുന്നു.
ആദായമുണ്ടാക്കാനും ഇന്‍ഷുറന്‍സ്
ആദായം തരുന്നതോടൊപ്പം സമ്പാദ്യത്തെ സംരക്ഷിക്കുന്നതുമായ നിക്ഷേപമാര്‍ഗമെന്ന നിലയില്‍ ശക്തമായ സാമ്പത്തിക അടിത്തറയോടെ മുന്നോട്ടു പോകാന്‍ ഇന്‍ഷുറന്‍സ് സഹായിക്കുന്നു. ദീര്‍ഘകാല ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇന്‍ഷുറന്‍സ് പല വിധത്തില്‍ ഉപകാരപ്പെടുന്നു.
സമ്പാദ്യം നിര്‍ബന്ധമാക്കുന്നു:
ആസുത്രണത്തിന്റെ കാര്യത്തിലെ പ്രധാന സംഗതി പരമാവധി നേരത്തേ ആരംഭിക്കുക എന്നതാണ്. കുറഞ്ഞ പ്രീമിയത്തിന് കൂടുതല്‍ ആദായം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നേരത്തെ തുടങ്ങാനാവുമെങ്കില്‍ എന്‍ഡോവ്മെന്റ് പ്ലാനുകളും മണി ബാക്ക് പ്ലാനുകളും മികച്ച മാര്‍ഗങ്ങളാണ്. ഉറപ്പായ ആദായവും മോശമല്ലാത്ത ലൈഫ് കവറുമാണ് ഇത്തരം പ്ലാനുകളെ ആകര്‍ഷകമാക്കുന്നത്.
ആദായം ലഭിക്കുന്നിടത്ത് നിക്ഷേപിക്കുക:
നിക്ഷേപത്തിന്റെ വളര്‍ച്ചയാണ് പ്രധാന ലക്ഷ്യമെങ്കില്‍ യുലിപ് പ്ലാനുകള്‍ പരിഗണിക്കാം. ഫ്ലെക്സിബ്ല്‍ ആയ നിക്ഷേപ ഉപാധിയെന്ന നിലയിലാണ് യുലിപ് പ്ലാനുകള്‍ ആകര്‍ഷകമാവുന്നത്. നഷ്ടസാധ്യത താങ്ങാനുള്ള ഓരോരുത്തരുടേയും കഴിവിനും കാഴ്ചപ്പാടിനുമനുസരിച്ച് വ്യത്യസ്തങ്ങളായ യുലിപ് പ്ലാനുകള്‍ തെരഞ്ഞെടുക്കാം. പ്രീമിയം അപ്പോയ്ന്റ്മെന്റ്, ഫണ്ട് സ്വിച്ച് ഓപ്ഷന് എന്നീ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ചാഞ്ചാടുന്ന വിപണിയിലൂടെ മുന്നോട്ടു നീങ്ങാനും യുലിപ് പ്ലാനുകള്‍ അവസരമൊരുക്കുന്നു.
അണ്‍ലിമിറ്റഡായ ഫണ്ട് സ്വിച്ച് ഓപ്ഷനുകള്‍ സ്വീകരിക്കുമ്പോള്‍ ഡെറ്റ് ഫണ്ടുകളിലേയും ഓഹരി ഫണ്ടുകളിലേയും നിക്ഷേപ അനുപാതങ്ങള്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാനും അതുവഴി നിക്ഷേപശേഖരം ബാലന്‍സ് ചെയ്യാനും സാധിക്കും. എന്നാല്‍ സംരക്ഷണം, ഒപ്പം വിപണിയോട് ബന്ധപ്പെട്ടുള്ള വളര്‍ച്ചാ അവസരം – ഈ ഇരട്ടമികവുകളാണ് യുലിപ് സ്കീമുകളുടെ ഏറ്റവും പ്രധാന ആകര്‍ഷണം.
സമ്പത്ത് സംരക്ഷിക്കാം: അകാലമരണം, അപകടം മൂലമുള്ള അംഗവൈകല്യം സംഭവിക്കല്‍ തുടങ്ങിയ നിര്‍ഭാഗ്യ അവസരങ്ങളില്‍ നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് സഹായിക്കുന്നു. ടേം പ്ലാനുകള്‍, വെയ്വര്‍ ഓഫ് പ്രീമിയം അല്ലെങ്കില്‍ ആക്സിലറേറ്റഡ് ക്രിട്ടിക്കല്‍ ഇല്‍നെസ് (എസിഐ) എന്നി ഓപ്ഷനുകള്‍ തെരഞ്ഞെടുത്തുകൊണ്ട് ഇത് ഉറപ്പുവരുത്താം.
ടേം പ്ലാനുണ്ടെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത ആളുടെ മരണസമയത്ത് മുഴുവന്‍ തുകയും ലഭിക്കും. അതേസമയം പ്രീമിയം പ്രൊട്ടെക്റ്റ് തുടങ്ങിയ റൈഡറുകള്‍ എടുത്താല്‍ പൂര്‍ണ തുക ലഭിക്കുന്നതോടൊപ്പം തന്നെ ബാക്കിയുള്ള പോളിസി കാലാവധിയില്‍ പ്രീമിയം അടയ്ക്കുന്നതില്‍ നിന്ന് ഇന്‍ഷുര്‍ ചെയ്ത ആളുടെ കുടുംബാംഗങ്ങള്‍ മോചിതമാവുകയും ചെയ്യും. മരണം, സ്ഥിരമായ അംഗവൈകല്യം എന്നീ അവസ്ഥകളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. എന്നാല്‍ ഗുരുതരമായ ഒരു രോഗം ബാധിച്ചാലും എസിഐ റൈഡര്‍ എടുത്തിട്ടുണ്ടെങ്കില്‍ ഈ സൗകര്യം ലഭ്യമാകും. അത്തരം സന്ദര്‍ഭത്തില്‍ ലൈഫ് കവര്‍ നീട്ടിക്കിട്ടാനും സൗകര്യമുണ്ടാകും. അടിസ്ഥാന പ്ലാനിനൊപ്പം ചെറിയ തുകകള്‍ അധികം നല്കിയാല് ഇത്തരം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന സവിശേഷതകളാണ് റൈഡറുകള്‍.
ഈ റൈഡറുകള്ക്കു പുറമേ, ജീവിതഘട്ടങ്ങള്‍ക്കനുസരിച്ച് മാറുന്ന ഉത്തരവാദിത്തങ്ങള്‍, നാണ്യപ്പെരുപ്പം എന്നിവ കണക്കിലെടുക്കുന്ന ഓപ്ഷനുകളും ടേം പ്ലാനുകളില്‍ ലഭ്യമാണ്. കുടുംബനാഥന് മരണം സംഭവിച്ചാല്‍ കുടുംബത്തിന്റെ മേല്‍ പതിക്കുന്ന വായ്പാ ബാധ്യതകള്‍ തുടങ്ങിയവ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്.
ഒരാള്‍ മരിച്ചാല്‍ തുക ലഭിക്കുന്ന സംവിധാനം എന്ന നിലയില്‍ നിന്ന് ഒട്ടേറെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന സൗകര്യം എന്ന നിലയിലേയ്ക്ക്് ലൈഫ് ഇന്‍ഷുറന്‍സ് വളര്‍ന്നു വികസിച്ചു. അടുത്ത തവണ നിങ്ങളുടെ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍ അതുകൊണ്ടു തന്നെ ലൈഫ് ഇന്‍ഷുറന്‍സിനെ അക്കൂട്ടത്തില്‍ പരിഗണിക്കുന്നത് വളരെ നല്ല ഐഡിയയായിരിക്കും.
സാജു ഫിലിപ്പ്
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കേരള റീജിയണല്‍ മാനേജരാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: