ബീജിംഗ്: അഴിമതിക്കേസില്‍ പ്രതിയായ ചൈനയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബോ സിലായുടെ വിചാരണ ആഗസ്റ്റ് 22ന് തുടങ്ങും. കിഴക്കന്‍ പ്രവിശ്യയായ ഷാന്‍ഡോങ്ങിലെ ജിനാനിലുള്ള കോടതിയിലാണ് വിചാരണ നടക്കുന്നത്.
കൈക്കൂലി, അധികാര ദുര്‍വിനിയോഗം, അസന്മാര്ഗിക പ്രവര്‍ത്തനം തുടങ്ങിയവയാണ് മുന്‍ പോളിറ്റ്ബ്യൂറോ അംഗവും തെക്കു പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലെ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന ബോ സിലായ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
ചൈനയില്‍ അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പോളിറ്റ്ബ്യൂറോ അംഗമാണ് ബോ സിലായ്. 2008 ല്‍ പി.ബി. അംഗം ചെന്‍ ലിയാങ്യു പതിനെട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
അഴിമതിക്കഥകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബോ സിലായ് അതിനുശേഷം പൊതുരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ സമുന്നത ഘടകമായ ഏഴംഗ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് ബോയ്ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: