കാളിദാസന്റെ കാവ്യഭാവനയെ തൊട്ടുണര്‍ത്തിയ പുണ്യഭൂമി. കല്ഹണന്റേയും ബില്ഹണന്റേയും സാഹിത്യതപസ്യകളെ സഫലമാക്കിയ തപോഭൂമി. സാഹിത്യാചാര്യന്മാരായിരുന്ന ആനന്ദവര്‍ദ്ധനന്റെ ഭൂമി. നാട്യശാസ്ത്രത്തിനും ധ്വന്യാലോകത്തിനും വ്യാഖ്യാനമെഴുതിയ അഭിനവഗുപ്തന്റെ കര്‍മ്മഭൂമി. ഋഷിതുല്യരും സാഹിത്യതപസ്വികളുമായ രുദ്രടനും മമ്മടനും രുയ്യകനും സാഹിത്യമര്മ്മങ്ങളെ സ്വാശീകരിച്ച ഭൂമി. സര്‍വ്വോപരി പാര്വതീപരമേശ്വരന്മാരുടെ വിഹാരഭൂമി. അതത്രേ ജമ്മുകാശ്മീരം. അങ്ങനെയുള്ള ആ ദേവഭൂമിയില്‍ നടന്ന സംസ്കൃത അഭിയാനത്തെക്കുറിച്ച് കുറിക്കാതെ വയ്യ.
2012 ഒക്ടോബര്‍ മാസത്തില്‍ നാസിക്കില്‍ നടന്ന സംസ്കൃത ഭാരതി കാര്യകര്‍ത്താക്കളുടെ യോഗത്തില്‍ വെച്ചാണ് അഖില ഭാരത സംഘടനാകാര്യദര്‍ശി ദിനേശ്കാമത്ത്ജി ജമ്മു-സംസ്കൃത അഭിയാനത്തെക്കുറിച്ച് സൂചന നല്‍കിയത്. ജമ്മുവിലെ 12 ജില്ലകളില്‍ നിന്നും 10 ജില്ലകളെ തിരഞ്ഞെടുത്ത് സമുചിത സ്ഥാനങ്ങള്‍ കണ്ടെത്തി ശിബിരസ്ഥാനങ്ങള് നിശ്ചയിച്ചു. കാശ്മീരിന്റെ കൊടുംതണുപ്പില്‍ അകര്‍മണ്യതയുടെ പുതപ്പിനുള്ളില്‍ തലപൂഴ്ത്തി സ്വത്ത്വം മറന്ന കാശ്മീര്‍ പണ്ഡിറ്റുകളും ഭീകരവാദികളുടെ വെടിയൊച്ചകളും ജിഹാദികളുടെ ആക്രോശങ്ങളും പാകിസ്ഥാന്റെ യുദ്ധവെറിയുടെ അലകളും നിറഞ്ഞ അന്തരീക്ഷത്തില്‍ ആര്‍ക്ക് സംസ്കൃതത്തെക്കുറിച്ചോര്ക്കാന് സമയം. സ്വന്തം ജീവിതയാപനം തന്നെ ചോദ്യചിഹ്നമായി മുന്നില്‍ നില്ക്കുമ്പോള് സ്വന്തം നാട്ടില്‍ തന്നെ പ്രവാസജീവിതം നയിക്കേണ്ടതായി വരുമ്പോള്‍ എവിടെ ഭാഷാപഠനത്തിനുത്സാഹം? എങ്കിലും സംസ്കൃതഭാരതിയുടെ പ്രവര്‍ത്തകര്‍ സംഭാഷണശിബിരത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ജമ്മുവിലെ പുതുതലമുറയ്ക്കത് ആദ്യം പുതുമനിറഞ്ഞതായി തോന്നിയിരിക്കാം. ദേവഭാഷയുടെ വിഹാരരംഗമായിരുന്നിടം പുതിയതെന്തോ കേട്ടപോലെ.. അവരുടെ ഉള്ളില്‍ മറഞ്ഞിരുന്ന സംസ്കൃത സംസ്കൃതി ഒരു നിമിഷം ഉള്പുളകത്തോടെ ആ നവസന്ദേശം ഉള്ക്കൊണ്ടുണര്ന്നുവോ? എന്തെന്നറിയില്ല, എവിടെച്ചെന്നാലും സ്വാഗതവും സ്വീകാര്യതയും.
നാസിക്കില്‍ വെച്ച് ജമ്മുഅഭിയാനത്തെ സംബന്ധിച്ച് സൂചന കിട്ടിയപ്പോള്‍ തന്നെ മാനസികമായി അതിനു ഞങ്ങള്‍ തയ്യാറെടുപ്പാരംഭിച്ചു. ഡയറിയില്‍ ജൂണ്‍മാസം മുഴുവന്‍ സംസ്കൃതം സംസ്കൃതം എന്നെഴുതി കാത്തിരിപ്പായി. കേരളത്തില്‍ നിന്ന് 20 പേരാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളം പതുക്കെ പതുക്കെ മഴയുടെ കുളിരിലേക്ക് വഴുതിവീഴുന്ന ജൂണ്‍ ഒന്നാംതിയ്യതി തൃശൂരില്‍ നിന്നും ദല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം ദല്‍ഹിയില്‍ സംസ്കൃതഭാരതിയുടെ കാര്യാലയത്തില്‍ വൈകീട്ട് മുന്നുമണിയോടെ എത്തിച്ചേര്‍ന്നു. അവിടെ നിന്ന് കാശ്മീരിലേക്ക്. ജൂണ്‍ 4-ാം തിയ്യതി ഉച്ചയോടെ ജമ്മുവില്‍ എത്തിചേര്‍ന്നു.
ശിബിരസ്ഥാനങ്ങളില്
ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സംസ്കൃതസംഭാഷണ ശിക്ഷണത്തില്‍ പരിശീലനം ലഭിച്ച 175 ല്‍ അധികം അദ്ധ്യാപകര്‍. ഹിന്ദിഭാഷപോലും കൈകാര്യം ചെയ്യാനറിയാത്ത ദക്ഷിണഭാരതവാസികളായ അധ്യാപകര്‍ ഡോഗ്രിയും, കാശ്മീരിയും മാത്രമറിയാവുന്ന ജമ്മുവിലെ സാധാരണ ഗ്രാമീണര്‍ക്ക് എന്ത് പഠിപ്പിക്കാന്‍? പക്ഷേ അവരിരുവരുടെയും ഹൃദയഭാഷ സംസ്കൃതമായി ചേര്ന്നുണര്ന്നപ്പോള് ഹൃദയം ഹൃദയത്തോട് സംവദിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്നേഹവും ആദരവും ആതിഥ്യവും കൊണ്ട് ജമ്മുനിവാസികള് ഇതരദേശവാസികളായ ഭാരതീയരെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അമൃതൂട്ടി. എന്തിനു സംസ്കൃതപഠനമെന്ന് പരിഹാസത്തോടെ ആദ്യം തിരസ്കരിച്ചവര്പോലും ആദരവോടെ കൈനീട്ടി സ്വീകരിച്ചപ്പോള്‍ ഉണ്ടായ കൃതാര്‍ത്ഥത വിവരണാതീതമായിരുന്നു. ഹിന്ദുവും, മുസല്‍മാനും സംസ്കൃതത്തില്‍ സംസാരിക്കുന്ന നിമിഷങ്ങള്‍ ദേശീയോഗ്രഥനത്തിന്റെ പ്രത്യക്ഷ ഉദാഹരണം. സര്‍വ്വോപരി സര്‍വ്വ ആദരണീയത, എത്ര എത്ര സുന്ദരമുഹൂര്ത്തങ്ങള്ക്കാണ് ജമ്മുവിലെ സംസ്കൃതാഭിയാനം സാക്ഷ്യം വഹിച്ചത്.
പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍പോലും സംസ്കൃത സംഭാഷണത്തിന്റെ അലയൊലികള്‍ പ്രതിധ്വനിക്കാന്‍ ആരംഭിച്ചു. ചിലയിടങ്ങളില്‍ അതിരാവിലെ, മറ്റിടങ്ങളില്‍ സന്ധ്യാസമയങ്ങളില്‍. ചിലേടത്ത് രണ്ടുനേരവും. ചിലപ്പോള്‍ വിദ്യാലയങ്ങളില്‍, ചിലപ്പോള്‍ വൃക്ഷത്തണലുകളില്‍ നിരന്തരം ശിബിരങ്ങള്‍. ചിലപ്പോള്‍ കിലോമീറ്ററോളം നടന്ന് പര്‍വ്വതശിഖരങ്ങളെ മറികടന്ന് നദിയിലെ നീരൊഴുക്കിനെ തഴുകിതലോടി. ചിലപ്പോള്‍ ഭീകരമായ ചൂടില്‍, മരംകോച്ചുന്ന തണുപ്പില്‍. സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, വൃദ്ധര്‍, ചെറിയ ശിശുക്കളെ മുതുകിലേറ്റി വരുന്ന അമ്മമാര്‍, കുട്ടികളെ കൈപിടിച്ചുവരുന്ന കാരണവന്മാര്, കൃഷിയിടങ്ങളില്‍ നിന്നും ശരീരശുദ്ധിവരുത്തി സംസ്കൃതരുചി നുകരാന്‍ എത്തുന്ന ഗ്രാമീണകര്‍ഷകര്‍.. എഴുത്തും വായനയും അറിയാത്തവര്‍പോലും മതിമറന്ന സംസ്കൃതസംഭാഷണത്തില്‍ മുഴുകുന്ന ധന്യനിമിഷങ്ങള്‍.
പിറ്റേദിവസം തമിഴ്നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന സംസ്കൃതപ്രവര്ത്തകര്ക്കൊപ്പം ‘കത്ത്വാ’ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രയാണം ആരംഭിച്ചു. പുരാണപ്രസിദ്ധമായ “ഇരാവതി” നദീതീരത്തിലൂടെ ജമ്മുവിന്റെ പര്‍വതപ്രദേശങ്ങളിലേക്ക് യാത്രതിരിച്ചു. 8 മണിക്കൂര്‍ യാത്രയ്ക്കുശേഷം സേവാ നദിതീരത്തിലുള്ള ഒരു കൊച്ചുഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. നിഷ്ക്കളങ്കരായ ഗ്രാമീണജനത. സന്ധ്യമയങ്ങുന്നതോടൊപ്പം നിതാന്തജാഗ്രതയുമായി ഭാരതത്തിന്റെ കാവല്ഭടന്മാര്. ഘണ്ഡാനാദങ്ങളാലും ശംഖനാദങ്ങളാലും ഭക്തിവര്ദ്ധകങ്ങളായ സ്തോത്ര തല്ലജങ്ങളാലും മുഖരിതമാകുന്ന ഗ്രാമാന്തരീക്ഷം. അവിടെയാണ് ശിബിരസ്ഥാനം. ശിബിരസ്ഥാനത്തെത്തുമ്പോള് വിവിധഭാഗങ്ങളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങള്‍, അമ്മമാര്‍, കുട്ടികള്‍, വൃദ്ധര്‍. പത്തുദിവസം അവരുടെകൂടെ അവരിലൊരാളായി. ആ ഗ്രാമീണജനതയുടെ നിഷ്കളങ്ക വാത്സല്യം അനുഭവിച്ചുകൊണ്ട് ആതിഥ്യം സ്വീകരിച്ച് അധ്യാപകനായും കൂട്ടുകാരനായും കഴിഞ്ഞുകൂടി. ശിബിരം അവസാനിപ്പിച്ച് തിരിച്ചുപോരാന്‍ പുറപ്പെടുമ്പോള്‍ കെട്ടിപ്പിടിച്ച് കരയാന്‍ ആരംഭിച്ച വൃദ്ധര്‍, പ്രിയപ്പെട്ട ബന്ധുവിനെ വേര്പ്പെടുമ്പോള് ദുഃഖിക്കുന്നവരെപോലെ യാത്ര അയക്കുന്ന ജനത. ശങ്കരാചാര്യരുടെ നാട്ടില്‍ നിന്നു വന്ന ചേര്‍ന്നയാള്‍ എന്ന ബഹുമാനത്തോടെ നമസ്കരിക്കുന്നവര്..
സംഭാഷണശിബിരം
ജമ്മു അഭിയാനത്തിന്റെ (യാത്രയുടെ) മുഖ്യകര്മ്മപരിപാടിയായിരുന്നു 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംസ്കൃതസംഭാഷണശിബിരം. ജമ്മുകാശ്മീര്‍ മൈഗ്രന്റ് കോളനിയില്‍ അകത്ത് സ്ഥലം തികയാതെ വന്നപ്പോള്‍ ഉദ്യാനത്തിലാണ് ക്ലാസ്സെടുത്തത്. ചുരുങ്ങിയത് ഒരു ക്ലാസ്സില്‍ 30 പേരാണെങ്കിലും പലയിടങ്ങളിലും 60, 68 പേര് പങ്കെടുത്തിരുന്നു. 46 ദിവസങ്ങളിലായി നടത്തിയ ഈ അഭിയാനത്തിന്റെ ഭാഗമായി 7986 പേര് 278 ക്ലാസ്സുകളിലായി സംസ്കൃതസംഭാഷണപരിശീലനം നേടി. ഇതില്‍ 70 ശതമാനം പേര് സ്ത്രീകളായിരുന്നു. 21 സംസ്ഥാനങ്ങളില്‍ നിന്നായി 175 അധ്യാപകര്‍. ക്ലാസ്സെടുക്കാന്‍ എത്തിയവരില്‍ 98 ശതമാനവും യുവാക്കളായിരുന്നു എന്നത് എടുത്തുപറയട്ടെ.
ദേവവൈഖരിയുടെ മന്ദ്ര-മധുരധ്വനിയാല് കാലാവസ്ഥപോലും ഒരു ഉള്‍പ്രേരണയാല്‍ പരിവര്‍ത്തനത്തിന്റെ ദിശാസൂചകമെന്നപോലെ കൊടുംചൂടില്‍ നിന്നും ശീതളിമയിലേക്ക് പതുക്കെ മാറിയതുപോലെ. കാത്തിരിക്കുന്ന ബന്ധുക്കളെ സ്വീകരിക്കുന്നതുപോലെ ശിക്ഷകരെ കൈനീട്ടി സ്വീകരിക്കുന്ന ഭവനങ്ങള്‍. ദേശമേതെന്നറിയില്ലെങ്കിലും വേഷം പരിചിതമല്ലെങ്കിലും തീര്ത്തുമന്യനെങ്കിലും സംസ്കൃതഭാഷാ അദ്ധ്യാപകനെന്ന ഒറ്റക്കാരണത്താല്‍ കാല്‍തൊട്ടുവന്ദിച്ച് വീട്ടില്‍ സൗകര്യങ്ങള്‍ ഒരുക്കി. രുചികരമായ ഭക്ഷണം നല്കി അക്ഷരാര്‍ത്ഥത്തില്‍ “അതിഥിദേവോ ഭവ” എന്ന ഉപനിഷദ് വചനം സത്യമാക്കി സംസ്ക്കാരഗരിമയുടെ സന്തതികളായ ആ പുണ്യജന്മങ്ങള്, സംസ്കൃതത്തിന്റെ പ്രഭാവത്താല്‍ ശീതളപാനീയത്തിനും, ഭക്ഷണത്തിനും ധനം സ്വീകരിക്കാന്‍ മടിച്ച കച്ചവടക്കാര്‍.
ആദരവോടെ വഴികാണിച്ചുതരുന്ന പോലീസുകാര്‍. തങ്ങളാല്‍ ആകുംവിധം ധന-ധാന്യങ്ങള്‍ നല്കി അത്ഭുതപ്പെടുത്തുന്ന അമ്മമാര്‍. ഏതൊരു സംസ്കൃതപ്രേമിയേയും, പുളകംകൊള്ളിക്കുന്ന അനുഭവപരമ്പരകള്‍ എത്ര എത്ര! ഓരോ സംസ്കൃതശിക്ഷകനും ഹൃദയത്തിന്റെ ചെപ്പേടില്‍ എന്നും സൂക്ഷിച്ചുവയ്ക്കാവുന്ന ധന്യമുഹൂര്‍ത്തങ്ങള്‍. ഇവരുടെ ഉത്സാഹം നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനുമായി അധ്യാപകപരിശീലനവും നടത്തിയാണ് ഞങ്ങള്‍ മടങ്ങിയത്. ഈ പരിശീലനം വഴി സംസ്കൃതസംഭാഷണം പഠിപ്പിക്കുന്ന അമ്പതോളം അധ്യാപകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട്ടിലെ സാംസ്കൃതികഭാഷയായ സംസ്കൃതം ചെറുപ്പം മുതല്‍ ഏവര്‍ക്കും പഠിക്കാന്‍ വഴിയൊരുക്കണമെന്ന മഹാന്മാരുടെ അഭിപ്രായത്തെ, സുപ്രീംകോടതിയുടെ അഭിപ്രായത്തെ നടപ്പിലാക്കാന്‍ തിരക്കുപിടിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഈ ജമ്മുയാത്ര.
പൊന്നടുക്കത്ത് ഹരിനാരായണന് (വിശ്വസംസ്കൃത പ്രതിഷ്ഠാനം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: