ന്യൂദല്‍ഹി: രാജ്യം 67-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെക്കാള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വര്‍ത്തമാനകാല സ്ഥിതി വളരെ വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. ഇതാദ്യമായാണ് നെഹ്റു-ഗാന്ധി ഇതര പ്രധാനമന്ത്രി തുടര്‍ച്ചയായി പത്താംതവണ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും, പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് വാണം പോലെ കുതിച്ചുയരുന്ന വിലക്കയറ്റം, സുരക്ഷിതമല്ലാത്ത രാജ്യാതിര്‍ത്തികള്‍ ഇതെല്ലാം കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണ ഈ പ്രത്യേക പരിതസ്ഥിതിയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയിലാണ് പ്രതീക്ഷ വയ്ക്കാറുള്ളത്. പക്ഷേ ഇപ്പോഴത്തെ നേതാവില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയില്ലെന്നത് ഏറെ ദുഃഖകരമായ വസ്തുതയാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആരും ചെവിക്കൊള്ളാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ ഇതിന് മറ്റൊരുവശമുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് എല്ലാവരും കാതോര്‍ക്കുന്നു. മറ്റൊരു സംസ്ഥാനത്തെയും മുഖ്യമന്ത്രിക്ക് ഇത്രയും ദേശീയശ്രദ്ധ പിടിച്ചെടുക്കാനായിട്ടില്ലെന്നത് സത്യമാണ്.
ഭുജിലെ ലാലന് കോളേജിലാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ജനങ്ങളെ പിടിച്ചിരുത്തി അതീവ ശ്രദ്ധയോടെ കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അവിടെ ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രേരണയും ആത്മവിശ്വാസവും പകര്‍ന്നു നല്കുന്ന നേതാവിനെയാണ് കണ്ടത്. കാര്യങ്ങള്‍ ശുഭകരമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം അദ്ദേഹം ജനങ്ങള്‍ക്ക് നല്കി. പ്രധാനമന്ത്രിയുടെയും മോദിയുടെയും പ്രസംഗം പരിശോധിച്ചാല്‍ വലിയ വ്യത്യാസങ്ങള്‍ മനസ്സിലാക്കാം. രാജ്യം ഭരിച്ച നെഹ്റു-ഗാന്ധി പാരമ്പര്യത്തില്‍ ഊന്നി മന്‍മോഹന്‍സിംഗ് അരനൂറ്റാണ്ടു കാലത്തെ പാരമ്പര്യം പറഞ്ഞപ്പോള്‍ മോദി സ്വാതന്ത്ര്യ സമരത്തിനിടെ ജീവന് ത്യജിച്ച ബലിദാനികള്ക്കാണ് തന്റെ പ്രസംഗത്തില്‍ ഇടം നല്‍കിയത്. ഒപ്പം സ്വതന്ത്ര ഇന്ത്യക്ക് വലിയ സംഭാവനകള്‍ നല്കിയ, മനപ്പൂര്‍വം ചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കരങ്ങളാല്‍ ഒതുക്കപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നിവരെയും ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം മടിച്ചില്ല.
മന്‍മോഹന്‍സിംഗാകട്ടെ തന്റെ പ്രസംഗത്തിലുടനീളം അസ്തിച്ച പ്രതീക്ഷയുടെ കറുത്ത അടയാളങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവരാവകാശ നിയമം, വിദ്യാഭ്യാസത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും അവകാശം നല്കുന്ന ബില്‍ അഥവാ ഓര്‍ഡിനന്‍സ് എന്നീ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിലുണ്ടായ പരാജയം അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ നിയമത്തിന്റെ അഭാവം മൂലം പല വിവരാവകാശ പ്രവര്‍ത്തകര്‍ക്കും ജീവന് നഷ്ടപ്പെട്ട കാര്യമാണ് മോദി ഉന്നയിച്ചത്. വിദ്യാഭ്യാസത്തിനുള്ള അവകാശമാകട്ടെ പല്ലു പോയ സിംഹത്തെപ്പോലെ രാജ്യത്തിന്റെ ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതില് പരാജയപ്പെട്ടിരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഓര്‍ഡിനന്‍സില്‍ പറയുന്ന കാര്യങ്ങള്‍ നിലവില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭ്യമാണെന്ന കാര്യവും മോദി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, വ്യാവസായിക മുരടിപ്പ്, ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്കു പോകുന്നത് എന്നിവ മൂലം ഭരണം എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ ഉഴലുന്ന പ്രധാനമന്ത്രിയെയാണ് സ്വാതന്ത്രദിനത്തില്‍ ജനം ശ്രവിച്ചത്. പുതിയ വികസന പരിപാടികള്‍ ഒന്നും ആവിഷ്കരിച്ചിട്ടില്ല. ഉള്ളതാകട്ടെ വോട്ടു തട്ടാനുള്ള തട്ടിക്കൂട്ടു പരിപാടികളും. അതിര്‍ത്തി കടന്നുള്ള ആക്രമണവും സുരക്ഷാ കാഴ്ചപ്പാടും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. എന്നാല്‍ ചുവപ്പ് കോട്ട പാക്കിസ്ഥാനോ ചൈനയ്ക്കോ ഉള്ള സന്ദേശമല്ല നല്‍കുന്നതെന്നും മറിച്ച് നമ്മുടെ പ്രതിരോധ സേനയ്ക്ക് വേണ്ട പ്രോത്സാഹനം നല്‍കേണ്ട സ്ഥലമാണെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയാകട്ടെ രാജ്യതലവനെന്ന നിലയില്‍ ഇവിടെ സമ്പൂര്‍ണ പരാജയമായിരുന്നു.
മോദിയുടെ വാക്കുകളാകട്ടെ ഗുജറാത്തിലെ ചെറുപട്ടണത്തില്‍ നിന്നുയര്‍ന്ന് രാജ്യമാകെ വ്യാപിച്ചു. തന്റെ സ്വതസിദ്ധമായ വാഗ്ധോരണിയും ആത്മാര്‍ഥതയുടെ ആഴവും കൊണ്ട് അദ്ദേഹം രാജ്യത്തിന്റെ ഭാവനകളെ തൊട്ടുണര്‍ത്തി. അഴിമതിയെയും കോണ്‍ഗ്രസിനെയും വേര്‍തിരിക്കാനാകില്ല, ഓക്സിജനില്ലാതെ തീ കത്തില്ലെന്ന് പറയുന്നതു പോലെ. ഇതായിരുന്നു മോദി ചൂണ്ടിക്കാട്ടിയ ഉദാഹരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: