ന്യൂദല്‍ഹി: ദല്‍ഹിയില്‍ വമ്പിച്ച തെരഞ്ഞെടുപ്പ് അഴിമതി. 13 ലക്ഷം കള്ളവോട്ടര്‍മാരെയാണ് ദല്‍ഹി തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വോട്ടര്‍ പട്ടിക തയ്യാറാക്കിയതില്‍ വന്‍ ക്രമക്കേടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന് തിരിച്ചറിഞ്ഞത്. വ്യാജ രേഖകളുപയോഗിച്ച് രാജ്യതലസ്ഥാനത്തെ ഏതാണ് 20,000 ത്തോളം വീട്ടുകാര്‍ക്കാണ് വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 13 ലക്ഷം വ്യാജ വോട്ടര്‍മാരെയും ദല്‍ഹിയിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ തിരിച്ചറിഞ്ഞു. ഇവര്‍ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറിയവരാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ സത്യം തിരിച്ചറിഞ്ഞത്. അനധികൃതമായി കടന്നുകൂടിയവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തുവരുന്നു. മരണപ്പെട്ടവരുടെ പേരില്‍ ഏതാണ്ട് 80,000 യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതും അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ വര്‍ഷം അവസാനം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് നിരവധി രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ഒട്ടനവധി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. വോട്ടര്‍ പട്ടികയുടെ പുനഃപരിശോധന ഇപ്പോഴും അവസാനിച്ചിട്ടില്ല, തുടരുകയാണ്. സപ്തംബര്‍ അവസാനത്തോടെ മാത്രമേ അന്തമി ലിസ്റ്റ് പുറത്തുവരൂ.
വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്തു കഴിഞ്ഞ് ദല്‍ഹി നഗരത്തില്‍ മാത്രം 1.12 കോടി വോട്ടര്‍മാരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ഏറിയാല്‍ രണ്ടോ മൂന്നോ ലക്ഷം പുതിയ വോട്ടര്‍മാരെക്കൂടി ചേര്‍ക്കേണ്ടി വന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് അനധികൃത പൗരത്വം നേടാനായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വമ്പിച്ച അഴിമതിയുടെ പുറകില്‍ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ദല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചറിഞ്ഞു. അടുത്ത കാലത്ത് ജോലിക്കിടെ നിരവധി ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങിയതിന് വകുപ്പുതല ശിക്ഷ ഏറ്റുവാങ്ങിയത്.
തട്ടിപ്പിലൂടെ വോട്ടര്‍ ഐഡി കാര്‍ഡ് സ്വന്തമാക്കിയവരെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രേഖകള്‍ പരിശോധിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയത്. വിവിധ ഫോട്ടോകള്‍ പതിച്ച ഒരേ ആധാര്‍ കാര്‍ഡും വൈദ്യുതി ബില്ലുകളുമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: