ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മുംബൈ 3-2ന് ബംഗളൂരുവിനെ തകര്‍ത്തുവിട്ടു. സിരി ഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മില്ല്യണ്‍ ഡോളര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് ബംഗളൂരു തോല്‍വി ഏറ്റുവാങ്ങിയത്. ലോക ഒന്നാം നമ്പരും മുംബൈ ഫ്രാഞ്ചൈസിയുടെ റോള്‍ മോഡലുമായ മലേഷ്യയുടെ ലീ ചോംഗ് വീയെ നഷ്ടമായെങ്കിലും മുംബൈ ടീം അപരാജിതരാണെന്ന് തെളിയിച്ചു.
മലേഷ്യന്‍ താരം തന്റെ യാത്ര മാറ്റിവച്ചതാണ് മത്സരത്തില്‍ നിന്നും ഒഴിവാകാന്‍ കാരണം. എന്നാല്‍ ലോക 41-ാം നമ്പറുകാരനായ റഷ്യയുടെ വ്ലാദിമിര്‍ ഇവാനോവ് ലീം ചോംഗ് വീയുടെ അഭാവത്തില്‍ ഇന്ത്യന്‍ മുന്‍നിര ബാഡ്മിന്റണ്‍ താരം പാരുപ്പള്ളി കാശ്യപിനെയാണ് ആദ്യമത്സരത്തില്‍ വ്ലാദിമിര്‍ ഇവാനോവ് തോല്‍പ്പിച്ചത്.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ റാങ്കിംഗില്‍ മൂന്ന് സ്ഥാനം കടന്ന് 14-ാമതെത്തിയ കാശ്യപിന് റഷ്യന്‍ താരം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാനായില്ല. 18-21, 18-21 എന്ന സ്കോറിനാണ് മുംബൈ മാസ്റ്റേഴ്സിനോട് കാശ്യപ് തോല്‍വി സമ്മതിച്ചത്.
എന്നാല്‍ വനിതാ സിംഗിള്‍സില്‍ ചൈനയുടെ തായിപീ താരം തായ് സു യിംഗ് ബംഗളൂരുവിനെ ടൂര്ണമെന്റിലേക്ക് മടക്കിക്കൊണ്ടുവന്നു. ലോക 11-ാം നമ്പര്‍ സ്ഥാനത്തുള്ള ഡെന്മാര്ക്കിന്റെ ടൈന് ബൗണിനെയാണ് തായ് പരാജയപ്പെടുത്തിയത്. ഇതാകട്ടെ തായ് യിംഗിന്റെ മൂന്നാമത്തെ വിജയവും. സ്കോര്‍ 21-17, 21-18. പുരുഷ ഡബിള്‍സില്‍ വിജയിച്ച ബംഗളൂരു ടൂര്‍ണമെന്റില്‍ 2-1ന് മുന്നിലാണ്. ബംഗളൂരുവിന്റെ കാര്‍സ്റ്റണ്‍ മോഗെന്സണ്, അക്ഷയ് ദെവാല്ക്കര് എന്നീ ജോടികളാണ് മുംബൈയുടെ പ്രണവ് ജെറി ചോപ്ര, മനു അട്ടരി എന്നിവരെ 21-13, 21-12 എന്ന സ്കോറിന് തോല്‍പ്പിച്ചത്.
രണ്ടാമത്തെ പുരുഷ സിംഗിള്‍സ് കാണികള്‍ക്ക് ആവേശകരമായ മത്സരമാണ് കാഴ്ചവച്ചത്. തുല്യശക്തികളായ ജര്‍മനിയുടെ മാര്‍ക് സ്വിബ്ലറും ഹോങ്കോംഗിന്റെ ഹൂ യുനും തമ്മിലുള്ള മത്സരത്തിന് നൂറുകണക്കിന് കാണികളാണ് സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിച്ചത് അര്ധരാത്രിക്കായിരുന്നു. വാശിയേറിയ മത്സരമാണ് ഇരുവരും തമ്മില്‍ നടന്നത്. എന്നാല്‍ അവസാനം മാര്‍ക് ഹൂ യുനിനെ 2-1ന് തോല്‍പ്പിച്ചു. സ്കോര്‍ 17-21, 21-17, 11-6.
മിക്സഡ് ഡബിള്‍സില്‍ വ്ലാദിമിര്‍ ഇവാനോവ്, എന്‍. സിക്കി റെഡ്ഡി സഖ്യം അക്ഷയ് ദെവാല്ക്കര്, അപര്ണബാലന് സഖ്യത്തെ 3-2ന് തകര്‍ത്ത് മുംബൈക്ക് ബംഗളൂരുവിന് മേല്‍ ആവേശകരമായ വിജയം സമ്മാനിച്ചു. സ്കോര്‍ 21-18, 21-19. ഈ വിജയത്തോടെ മുംബൈ നാലു പോയിന്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ ബംഗളൂരുവിന് രണ്ടു പോയിന്റ് മാത്രമേ നേടാനായുള്ളൂ.
പുരുഷ സിംഗിള്‍സിലെ ആദ്യ ഗെയിമില്‍ കാശ്യപ് 7-2ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഇടവേള കഴിഞ്ഞപ്പോള്‍ വ്ലാദിമിര്‍ 14-12ലേക്ക് കയറിവരുന്ന കാഴ്ചയാണ് കണ്ടത്. കാശ്യപ് ഒട്ടും വിട്ടുകൊടുക്കാതെ ഇഞ്ചോടിഞ്ച് പൊരുതി 15-15, 18-18 എന്ന നിലയ്ക്ക് സ്കോര്‍ കൊണ്ടെത്തിച്ചു. പക്ഷേ അവസാന ഘട്ടത്തില്‍ വ്ലാദിമിര്‍ മുന്‍തൂക്കം നേടുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിലാകട്ടെ കാശ്യപ് കടുത്ത ആക്രമണം അഴിച്ചുവിട്ട് ആദ്യ ബ്രേക്കില്‍ 7-2 എന്ന ലീഡ് നേടി. വാളാദിമിര്‍ മികച്ച ഷോട്ടുകളുതിര്‍ത്ത് സ്കോര്‍ 8-9 ആക്കി. ബുദ്ധിപരമായ നീക്കത്തിലൂടെ വ്ലാദിമിര്‍ മുന്നേറിയെങ്കിലും ഇന്ത്യന്‍ താരത്തിന് 14-10ന് ഒതുങ്ങേണ്ടി വന്നു. നെറ്റില്‍ തട്ടിയാണ് കാശ്യപിന് പലപ്പോഴും പോയിന്റുകള്‍ നഷ്ടമായത്.
രണ്ടാമത്തെ മത്സരത്തില്‍ ടൈന് ബൗണിന്റെ പ്രശസ്തി വകവയ്ക്കാതെയാണ് തായ് സു തന്റെ കച്ചവടവുമായി അനായാസം മുന്നേറിയത്. എന്നാലും ഡെന്മാര്ക്ക് താരം കടുത്ത വെല്ലുവിളി ഉയര്‍ത്തി. അത്ര പെട്ടെന്നൊന്നും തോല്ക്കാന് അവര്‍ തയ്യാറല്ലായിരുന്നു. തായ് സു തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ കളിക്കളത്തില്‍ നിറഞ്ഞു നിന്നു. ടൈനിന്റെ ഷോട്ടുകള്‍ പലപ്പോഴും കോര്‍ട്ടിന്റെ അതിര് വിട്ട് പുറത്തേക്ക് പാഞ്ഞതും തായ സുവിന്റെ വിജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: