ലക്ഷം പേരെ അണിനിരത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സെക്രട്ടേറിയറ്റ് വളയുമ്പോഴും ജസീറയ്ക്കും മക്കള്‍ക്കും തെല്ലും കുലുക്കമുണ്ടായിരുന്നില്ല.
എന്തുസംഭവിച്ചാലും കടല്‍ത്തീരം സംരക്ഷിക്കാനുള്ള ഉത്തരവ് രേഖാമൂലം ഇറക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന ജസീറയുടെ വാക്കുകള്‍ കരിങ്കല്ലില്‍ കൊത്തിയ ലിഖിതം പോലെ ഉറച്ചതാണ്. പോലീസിനോ, പട്ടാളത്തിനോ, ഇടതുപക്ഷത്തിന്റെ സമരത്തിനോ അത് മാറ്റാനാകില്ല. അഞ്ചിലും ഏഴിലും പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങളെ കയ്യിലും കൈക്കുഞ്ഞിനെ തോളിലുമിട്ട് ഒറ്റയാള്‍ സമരം നയിക്കുന്ന ജസീറ തലസ്ഥാനനഗരിയുടെ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായമെഴുതുകയാണ്. സമരം തുടങ്ങിയ രാത്രിയില്‍ തന്റെ മൊബെയില്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതൊഴിച്ചാല് രാവും പകലുമുള്ള തന്റെ സമരത്തിന് എല്‍ഡിഎഫിന്റെ ഉപരോധ സമരം കൊണ്ട് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ജസീറ പറയുന്നു. എന്നാല്‍ ഉപരോധസമരത്തിനായി രാവും പകലും മാറ്റിവച്ച മാധ്യമങ്ങളൊന്നും ആ ദിവസങ്ങളില്‍ പ്രകൃതിയെ സംരക്ഷിക്കാനായുള്ള ജസീറയുടെ ഒറ്റയാള്‍ പോരാട്ടത്തിനെ ശ്രദ്ധിച്ചതേയില്ല.
ജസീറ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. കുട്ടികളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചുപോകാനും കടല്മണല്കൊള്ളക്കെതിരെയുള്ള നിയമം നടപ്പിലാക്കാമെന്നും പഴയങ്ങാടി പോലീസ് ഔട്ട്പോസ്റ്റ് ശക്തമാക്കാമെന്നും അന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളല്ല തനിക്കാവശ്യമെന്നും ഇവ രേഖാമൂലം ഉത്തരവിടും വരെ പെരുമഴയത്തും കൊടുംവെയിലിലും തന്റെ സത്യാഗ്രഹം തുടരുമെന്ന് ജസീറ മറുപടി കത്തയച്ചു.
കോട്ടയത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ജസീറ മുഹമ്മദ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് തന്റെ പഴയങ്ങാടിയിലെ വീട്ടിലെത്തിയത്. താന്‍ ഓടി നടന്ന മണല്പരപ്പുകള് കാലിനടിയില്‍ നിന്നു ചോര്‍ന്നുപോകുന്നത് നേരില്‍ കണ്ടാണ് ജസീറ പ്രതിരോധത്തിന്റെ തടതീര്ത്ത് കണ്ണൂര്‍ കളക്ട്രേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. ഇവര്‍ക്ക്് ആദ്യം എതിര്‍ക്കേണ്ടി വന്നത് മണല്‍വാരുന്നതിന് കൂട്ടുനിന്ന സ്വന്തം സഹോദരങ്ങളെ. ഇന്നവര്‍ അത് ചെയ്യുന്നില്ലെന്ന ജസീറയുടെ വാക്കുകളില്‍ നിറയുന്നത് ഒരു പെണ്ണിന്റെ ശക്തിയാണ്. ഒന്നരവര്‍ഷത്തെ സമരം. മണല്‍ വാരലിനെതിരെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നിലുമായിരുന്നു ജസീറയുടെ ആദ്യ സമരങ്ങള്‍. തുടക്കത്തില്‍ പുച്ഛിച്ച് തള്ളിയെങ്കിലും ജസീറയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭരണാധികാരികള്‍ക്ക് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. ലോറികളിലൂടെയുള്ള മണല്‍ കടത്ത്് ഏറെക്കുറെ നിര്‍ത്താന്‍ ജസീറയുടെ സമരത്തിലൂടെ സാധിച്ചു. എന്നാലിപ്പോള്‍ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് തലച്ചുമടായാണ് മണല്‍ കടത്തുന്നത്. ഇതിനെതിരെ സമരം ചെയ്ത ജസീറയോട് പാവങ്ങളുടെ വയറ്റത്തടിക്കരുതെന്നാണ് പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പറയുന്നത്. ഇതിനെക്കുറിച്ച്്് ജസീറയുടെ വാക്കുകള്‍ ഇങ്ങനെ. ‘അനധികൃതമായി മണല്‍ കോരുന്നത് തൊഴിലല്ല, നിയമലംഘനമാണ്’.
മണല്‍മാഫിയയ്ക്കെതിരേ ഒന്നരവര്‍ഷം മുമ്പാണ് ജസീറ കണ്ണൂര്‍ കളക്ട്രേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഒടുവില്‍ ജസീറയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ തലകുനിച്ച് പഴയങ്ങാടി കടപ്പുറത്ത് പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായി. പക്ഷെ ഔട്ട് പോസ്റ്റ് പ്രഹസനമായതിനെ തുടര്‍ന്ന് ജൂലായ് 25 മുതല്‍ കളക്ട്രേറ്റിനു മുന്നില്‍ സമരം പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍ ഈ പോരാട്ടം അധികാരികള്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് ജസീറയും കുഞ്ഞുങ്ങളുമെത്തിയത്. കടല്‍ മണല്‍ ഖാനനം തടയുന്നതിന് വേണ്ടി സംസ്ഥാനതലത്തില്‍ പോലീസ് സംവിധാനത്തിന് രൂപം നല്‍കുക, തീരദേശപരിപാലന നിയമം ശക്തമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീസെറ സമരം തുടരുന്നത്. താന്‍ ഉന്നയിക്കുന്ന പ്രശ്നം കേവലം പഴയങ്ങാടിയുടെ പ്രശ്നമല്ലെന്നും അത് കേരളത്തിന്റെ മുഴുവന്‍ കടല്‍തീരത്തിന്റെയും ഭാവിയ്ക്കാണെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ് അബ്ദുള്‍ സലാം എറണാകുളത്ത് മദ്രസാ അദ്ധ്യാപകനാണ്.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: