ഇസ്ലാമാബാദ്: പാക് പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് പ്രമേയം. ദല്‍ഹിയിലെ പാക്കിസ്ഥാനി ഹൈക്കമീഷന് മുന്പില് നടന്ന പ്രതിഷേധ പ്രകടനങ്ങളെയും പ്രമേയം അപലപിച്ചു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പാക് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതിനിടയിലാണ് പാക് പാര്‍ലമെന്റില്‍ ഇന്ത്യാ വിരുദ്ധ പ്രമേയം പാസാക്കിയിരിക്കുന്നത്. ഭരണ കക്ഷിയായ പാക്കിസ്ഥാന് മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും ശാസ്ത്ര സാങ്കേതിക മന്ത്രിയുമായ സാഹിദ് ഹമീദാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രകോപനമില്ലാതെ ഇന്ത്യ അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നതായി പ്രമേയം ആരോപിക്കുന്നു. തര്‍ക്ക ഭൂമിയായ കശ്മീരില്‍ അധിവസിക്കുന്ന ജനതയ്ക്ക് നയതന്ത്രപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രദാനം ചെയ്യുമെന്നും പ്രമേയത്തില്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ പാക്കിസ്ഥാനെ അപമാനിക്കുന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാന ചര്‍ച്ചകള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ സ്വന്തം അതിര്‍ത്തിയും ദേശതാത്പര്യങ്ങളും സംരക്ഷിക്കേണ്ട കടമ പാകിസ്ഥാനുണ്ടെന്നും പ്രമേയം വ്യക്തമാക്കുന്നു. പാര്‍ലമെന്റ് ഏകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ഇന്ത്യ വാദിക്കുമ്പോഴാണ് പാക്കിസ്ഥാന് പ്രമേയം പാസാക്കിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: