ജെറുസലേം: രാജ്യത്ത് തടവിലാക്കിയിരുന്ന 26 പലസ്തീന് പൗരന്മാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. മോചിതരായി എത്തിയവര്‍ക്ക് വന്‍ വരവേല്പാണ് പലസ്തീന് ജനത നല്‍കിയത്.
സെന്‍ട്രല്‍ ഇസ്രയേലില്‍ നിന്നും പ്രത്യേക ബസിലാണ് തടവുകാരെ വെസ്റ്റ് ബാങ്കിലെ ബെയ്തൂണിയ ചെക്പോസ്റ്റ് കടത്തിവിട്ടത്. മോചിതരായി വെസ്റ്റ് ബാങ്ക് – ഗാസ അതിര്‍ത്തികളിലെത്തിയ പതിനൊന്ന് പേരെ പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് സ്വാഗതം സ്വീകരിച്ചു. ഗാസയില്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടമാണ് മറ്റുള്ളവരെ വരവേറ്റത്. ഇസ്രയേല്‍ തടവറയില്‍ നിന്ന് അവസാന പലസ്തീന്‍കാരനെയും മോചിപ്പിക്കാതെ തനിക്ക് വിശ്രമമില്ലെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു.
വടക്കന്‍ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ നിരവധി പലസ്തീനികള്‍ ഇവരെ കാണാന്‍ തടിച്ചുകൂടിയിരുന്നു. പതാകകള്‍ ഉയര്‍ത്തിയും വിജയചിഹ്നം കാട്ടിയും കരിമരുന്ന് പ്രയോഗം നടത്തിയും ഇവര്‍ തടവുകാരുടെ മോചനം ആഘോഷമാക്കി. വരുന്ന ഒന്‍പതു മാസത്തിനിടെ നാല് ഘട്ടങ്ങളിലായി 78 തടവുകാരെ മോചിപ്പിക്കാമെന്നാണ് ഇസ്രയേല്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.
സമാധാന ചര്‍ച്ചയുടെ പുരോഗതിയനുസരിച്ച് ദീര്‍ഘകാലമായി തടവറയില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക. തടവുകാരെ മോചിപ്പിക്കുന്നതിനെതിരേ ഒരു സംഘടന നല്കിയ ഹര്‍ജി ഇസ്രേലി കോടതി നിരാകരിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ വൈകാതെ ജെറുസലേമില്‍ ചര്‍ച്ച നടത്തും. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും നേരിട്ട് സമാധാന ചര്‍ച്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: