ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ കലാപത്തിന് നേതൃത്വം നല്കിയ മന്ത്രിയില്‍ നിന്നും രാജിവാങ്ങിയും കലാപത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പ്രതിരോധത്തില്‍. കിഷ്ഠ്വാറില്‍ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്കു നേരെ നടന്ന കലാപത്തെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതും വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ട് ബിജെപി തുടരുന്ന ശക്തമായ പ്രതിഷേധവുമാണ് ഒമര്‍ അബ്ദുള്ളയെ നടപടികള്‍ക്ക് നിര്‍ബന്ധിതമാക്കിയത്.
ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.
അതിനിടെ കലാപത്തിനു നേതൃത്വം നല്‍കിയെന്ന് ആരോപണമുയര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ആഭ്യന്തര സഹമന്ത്രിയുമായ സജ്ജദ് കിച്ലുവില്നിന്നും മുഖ്യമന്ത്രി രാജി എഴുതിവാങ്ങിയിട്ടുണ്ട്. കലാപമുണ്ടായ കിഷ്ഠ്വാറില്‍ സജ്ജദിന്റെ നേതൃത്വത്തിലാണ് കലാപകാരികള്‍ സംഘടിച്ചതെന്ന് കണ്ടെത്തിയിരുന്നു. സജ്ജദിന്റെ രാജി ഗവര്‍ണര്‍ എന്‍.എന്‍. വഹ്റയ്ക്ക് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
കലാപമുണ്ടായ ജമ്മു മേഖലയില്‍ 6 ജില്ലകളിലെ നിരോധനാജ്ഞ തുടരുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. അക്രമസംഭവങ്ങളില്‍ ഇതുവരെയായി 68 കടകളും 7 ഹോട്ടലുകളും 35 വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി ജമ്മു കമ്മീഷണര്‍ ശന്ത്മനു അറിയിച്ചു. അക്രമത്തിനു നേതൃത്വം നല്കിയ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ്കുമാര്‍ പറഞ്ഞു.
അതിനിടെ കശ്മീരിലെ നിരോധനാജ്ഞ മൂലം കുടുങ്ങിപ്പോയ തീര്‍ഥാടകരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാന്തേഴ്സ് പാര്‍ട്ടി അധ്യക്ഷന്‍ ഭീം സിംഗ് സുപ്രീംകോടതിയില്‍ ഇന്നലെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: