ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ 32 റണ്‍സിന്റെ ലീഡ് വഴങ്ങിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്സില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. മൂന്നാംദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലാണ്. ഇയാന്‍ ബെല്ലും (59) പീറ്റേഴ്സണുമാണ് (39) ക്രീസില്‍. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 270 റണ്‍സിന് അവസാനിച്ചിരുന്നു.
ഓരോ റണ്ണും നിര്‍ണ്ണായകമാകുന്ന പിച്ചില്‍ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ നിലനില്‍പ്പിന്റെ പോരാട്ടമാണ് ഇപ്പോള്‍ ഓസ്ട്രേലിയ പുറത്തെടുക്കുന്നത്. അവര്‍ക്ക് മുമ്പില്‍ പിടിച്ചുനില്ക്കാന് ഇംഗ്ലണ്ടിന്റെ മുന്‍നിരക്കാര്‍ നന്നേ ബുദ്ധിമുട്ടി. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ റൂട്ടിനെ (2) ക്ലീന്‍ ബൗള്‍ ചെയ്ത് കംഗാരുക്കള്‍ അടയാളം കാട്ടി. എന്നാല്‍ ഇത് തിരിച്ചറിയും മുമ്പേ നായകനെയും അവര്‍ പാചകപ്പുരയിലേക്ക് പറഞ്ഞുവിട്ടു. 22 റണ്‍സെടുത്ത കുക്കിനെ ഹാരിസിന്റെ പന്തില്‍ ഹാഡിന് ഗ്ലൗസിലൊതുങ്ങി. അടിയുറച്ചുനിന്ന ട്രോട്ടിനെയും (23) മടക്കി റയാന് ഹാരിസ് ഇംഗ്ലണ്ട് ക്യാമ്പില്‍ ഭീകരത സൃഷ്ടിച്ചു. ഓരോ വിക്കറ്റുകള്‍ നിലംപതിക്കുമ്പോഴും കംഗാരുക്കള്‍ കളത്തില്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷമെത്തിയ പീറ്റേഴ്സണും ഇയാന്ബെല്ലും ഓസീസ് ബൗളിംഗിനെ സമര്‍ത്ഥമായി നേരിട്ടതോടെ ഭീഷണി താല്‍ക്കാലികമായി വഴിതിരിഞ്ഞു. ടെസ്റ്റില്‍ രണ്ട് ദിവസത്തിലധികം ഇനിയും ശേഷിക്കെ നാലാം ടെസ്റ്റും ആവേശത്തിലേക്കാണ് നീങ്ങുന്നത്.
നേരത്തെ സെഞ്ച്വറിനേട്ടം കൈവരിച്ച ഓപ്പണര്‍ റോജേഴ്സിന്റെയും (110) ഷെയ്ന് വാട്സണിന്റെയും കരുത്തിലാണ് ഓസീസ് ആദ്യഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. തുടര്‍ന്ന് ഏറെ മുന്നോട്ടുപോകാന്‍ ക്ലാര്ക്കാനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ആതിഥേയരുടെ ബൗളിംഗിലെ പ്രത്യേകത.
റണ്‍സ് പിറക്കാന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാഴ്ത്താം. അതിനുള്ള ശ്രമമാണ് ഇംഗ്ലണ്ട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: