ബാഗ്ദാദ്: ഇറാഖില്‍ റമദാന് ആഘോഷങ്ങള്‍ക്കിടെയുണ്ടായ വ്യത്യസ്ത കാര്‍ ബോംബ് സ്ഫോടനത്തില്‍ 69 പേര് കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ-സുന്നി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളിലാണ് സ്ഫോടനം നടന്നത്. റമദാന് അവധി ആഘോഷിക്കാന്‍ പൊതുസ്ഥലങ്ങളില്‍ എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
എട്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഷിയാ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടന പരമ്പര. രണ്ട് സുന്നി കേന്ദ്രീകൃത പ്രദേശങ്ങളിലും സ്ഫോടനം ഉണ്ടായി. ഒമ്പത് ജില്ലകളിലെ മാര്‍ക്കറ്റുകള്‍, കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സ്ഫോടനം നടന്നത്. തുസ് കുര്മാതോയില് മാത്രം പത്ത് പേര് കൊല്ലപ്പെട്ടു.
ജിസര്‍ ദിയാല പ്രവിശ്യയിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിശുദ്ധ ഷിയാ കേന്ദ്രങ്ങളായ കര്‍ബാല, നസിരിയ എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായി.
മാലിക്കിയുടെ ഷിയാ ഭൂരിപക്ഷ ഗവണ്മെന്റ് സുന്നി വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് സുന്നി വംശജര്‍ ആക്രമണം നടത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ സുന്നി വശജര്‍ നടത്തിയ റാലിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇറാഖ് വീണ്ടും സംഘര്‍ഷഭരിതമായത്.
2013ല്‍ ഇതുവരെ നാലായിരത്തോളം പേരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: