മട്ടാഞ്ചേരി: സ്വര്‍ണ്ണനാണയം സമ്മാനമായി പ്രഖ്യാപിച്ച് വ്യാജമൊബെയില് എസ്എംഎസ്സുകള്‍ വ്യാപകമാകുന്നു. മൊബെയില്‍ ഫോണിലുടെ എത്തുന്ന സന്ദേശങ്ങള്‍ വിശ്വസിച്ച് സ്വര്‍ണ്ണനാണയം കരസ്ഥമാക്കുവാന്‍ പണം അടയ്ക്കുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം പശ്ചിമകൊച്ചിയില്‍ വ്യാപകമാകുകയാണ്. ആയിരം രൂപ വിപിപി വഴി നല്കുന്നവര്ക്കാണ് സമ്മാനമായി സ്വര്‍ണ്ണനാണയം ലഭിക്കുകയെന്നാണ് സന്ദേശം. എന്നാല്‍ തുക അടച്ച് സമ്മാന കവര്‍ ലഭിക്കുന്നവര്‍ക്ക് വിലകുറഞ്ഞ മുത്തുമാലയും, കുപ്പിവളയും, പ്ലാസ്റ്റിക് ഇനങ്ങളുമാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി, ചുള്ളിക്കല്‍, തോപ്പുംപടി എന്നിവിടങ്ങളിലെ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടതിന് പിന്നാലെ കണ്ണമാലി, ചെല്ലാനം മേഖലയിലും എസ്എംഎസ് വഞ്ചന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുക്കഴിഞ്ഞു.
മൊബെയില്‍ ഫോണിലൂടെ വ്യാപാരസന്ദേശങ്ങള് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമമുണ്ടായിട്ടും, കമ്പനികള്‍ സന്ദേശം പ്രചരിപ്പിക്കുന്നത് സാധാരണക്കാരെ വഞ്ചിക്കുന്നതിന് കളമൊരുക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആയിരക്കണക്കിന് പൗണ്ട് സമ്മാനം ലഭിച്ചതായും, ഇതിന്റെ നികുതിയായി ലക്ഷങ്ങള്‍ വേണമെന്നറിയിച്ച് ഒട്ടനേകം പേര് പൈസയടച്ച് വഞ്ചിതരായത് നിരന്തരവാര്ത്തയായിരുന്നു.
സ്വര്‍ണ്ണനാണയങ്ങള്‍ കൂടാതെ കടല്ചിപ്പി മുത്തുകള്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങി ഒട്ടനേകം സമ്മാനങ്ങളാണ് പൈസ അടച്ചാല്‍ ലഭിക്കുകയെന്നാണ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. സാധാരണക്കാരെ വഞ്ചിക്കുന്ന വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തിയും, മൊബെയില്‍ കമ്പനികള്‍ക്കുമെതിരെ നടപടികള്‍ കൈക്കൊള്ളുന്നതിന് അധികൃതര്‍ തയ്യാറാകാത്തതില്‍ ജനകീയ പ്രതിഷേധമുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: