ചെസ്റ്റര്‍ ലീ സ്ട്രീറ്റ്: ആഷസ് പരമ്പരയില്‍ പുതുജീവന്‍ തേടുന്ന ഓസ്ട്രേലിയക്ക് നാലാം ടെസ്റ്റില്‍ നേരിയ മുന്‍തൂക്കം. ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട ഇംഗ്ലണ്ട് 238 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ ക്രിസ് റോജേഴ്സും (96) ഷെയ്ന്‍ വാട്സണും (68) ആണ് ക്രീസില്‍.
ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത് നഥാന്‍ ലിയോണ്‍ ആയിരുന്നു. നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആതിഥേയരുടെ ആത്മവിശ്വാസം തകര്‍ത്തുകളഞ്ഞു. ഒാപ്പണര്‍ അലിസ്റ്റര്‍ കുക്കും ട്രോട്ടും നടത്തിയ പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇംഗ്ലണ്ട് ബാറ്റിംഗ്നിര തകര്‍ന്നടിയുകയായിരുന്നു. കുക്ക് 51 റണ്‍സും ട്രോക്ക് 49 റണ്‍സും കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. മികച്ച ഫോമിലായിരുന്ന ഇയാന്‍ ബെല്ലിനും തിളങ്ങാനായില്ല. ആറ് റണ്‍സ് മാത്രമായിരുന്നു ബെല്‍ കൂട്ടിച്ചേര്‍ത്തത്. റയാന്‍ ഹാരിസും ജാക്സണ്‍ ബേര്‍ഡും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ മത്സരത്തില്‍ ഓസ്ട്രേലിയക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിയുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുണയായത് ഓപ്പണര്‍ റോജേഴ്സ് ആണ്. സ്കോര്‍ 12ല്‍ എത്തിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണറെ (3) സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ബൗള്‍ ചെയ്ത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കി. ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉസ്മാന്‍ ഖ്വാജയെയും കംഗാരുക്കള്‍ക്ക് നഷ്ടമായി.
ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തെങ്കിലും ബ്രോഡ് തന്നെ അദ്ദേഹത്തിനും പവലിയനിലേക്കുള്ള വഴി കാട്ടിക്കൊടുത്തു. സ്റ്റീവന്‍ സ്മിത്തിനും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോള്‍ മറുവശത്ത് റോജേഴ്സ് ഉറച്ചുനിന്നു. പിന്നീടെത്തിയ വാട്സണുമായി ഒത്തുചേര്‍ന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാരുടെ ഭീഷണി താല്‍ക്കാലികമായി മാറി.ഫീല്‍ഡിംഗില്‍ ഇംഗ്ലണ്ട് കാണിച്ച ഉദാസീനതയും അവര്‍ക്ക് തിരിച്ചടിയായി. അമ്പയറുടെ തീരുമാനത്തിനെതിരയ ഒരു റിവ്യു ഇംഗ്ലണ്ട് പാഴാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയുടെ വിജയം തടഞ്ഞത് മഴയായിരുന്നു.
മൂന്നാം ടെസ്റ്റില്‍ മികച്ച തിരിച്ചുവരവായിരുന്നു കംഗാരുക്കള്‍ നടത്തിയത്. മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച സംഭവിച്ചിരുന്നു. അതുതന്നെയാണ് നാലാം ടെസ്റ്റിലും സംഭവിച്ചത്. കൂറ്റന്‍ സ്കോറിലേക്ക് ഓസീസിനെ ഉയര്‍ത്താതെ തടയാനുള്ള തന്ത്രവുമായാണ് ഇംഗ്ലണ്ട് കളത്തില്‍ പൊരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: