വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന് ക്ലാസ് റൂമിലെ ശല്യക്കാരനായ കുട്ടിയായിരുന്നുവെന്ന് ബരാക് ഒബാമയുടെ വിശേഷണം. റഷ്യയുമായുള്ള ചര്‍ച്ച റദ്ദാക്കിയതിനെ തുടര്‍ന്ന് പുടിനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണെന്ന റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഒബാമ. യുഎസിന്റെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്നോഡലിന് റഷ്യ താല്കാലിക അഭയം നല്‍കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.
എന്നാല്‍ ഇക്കാരണങ്ങള്ക്കൊണ്ട പുടിനുമായുള്ള ബന്ധം മോശമാകണമെന്നില്ലെന്നും ഒബാമ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ജൂണില്‍ നോര്‍ത്ത് അയര്‍ലണ്ടില്‍ വച്ച് പുടിനും ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമാണെന്ന തരത്തില്‍ വാര്‍ത്തവന്നത്. പുടിന്റെ ശരീര ഭാഷയെ അടിസ്ഥാനപ്പെടുത്തിയാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ക്ലാസ് റൂമിലെ കോമാളിക്കുട്ടിയായിരുന്നു പുടിനെന്നായിരുന്നു ഇതിന് മറുപടിയായി ഒബാമ പറഞ്ഞത്.
സ്നോഡലിന് അഭയം നല്‍കിയത് മാത്രമല്ലെന്നും ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ ആസാദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നിലപാടിനോടുള്ള വിയോജിപ്പുമാണ് മോസ്കോ ഉച്ചകോടിയില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണമെന്നും ഒബാമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: