“അപ്രതീക്ഷിതമായ മുഹൂര്‍ത്തത്തില്‍ കാറ്റായും കടലായും ഭൂമിയിളക്കമായും അഗ്നി സ്ഫുലിംഗമായും പ്രകൃതി പിണങ്ങും. പിന്നെ ഇണങ്ങും. ഇനിയും, ഇത്രയെല്ലാം വളര്‍ന്നിട്ടും മനുഷ്യന്, ശാസ്ത്രം കൊണ്ട് അമ്മാനമാടിയിട്ടും പ്രവചിക്കാന്‍ പറ്റാത്തതാണ് പ്രകൃതി. പിടി തരാത്ത പ്രകൃതിയെ വരുതിയിലാക്കാന്‍ ശ്രമിക്കുമ്പോളെല്ലാം വഴുതിപ്പോകുന്ന പ്രകൃതമാണ് ഈ വികൃതിക്ക്. അതു പണ്ടേക്കുപണ്ടേ ബോധ്യപ്പെട്ടവര്‍ തുടങ്ങിവെച്ചതാണല്ലോ പ്രകൃത്യാരാധന. ‘ആരുണ്ടെന്നെപ്പോലൊരു കേമന്‍’ എന്നു പറയുമ്പോഴുംപ്രകൃതിയുടെ കാര്യത്തില്‍ മാത്രം നാം എപ്പോഴും പ്രതികരിക്കുന്നവര്‍ മാത്രമാണ്. വര്‍ഷങ്ങളായി നാം പ്രകൃതിദുരന്തങ്ങളെ എങ്ങനെയൊക്കെയോ നേരിട്ടുകൊണ്ടിരിക്കുകയാണ്. “
പ്രകൃതിയെ ആര്‍ക്കു പിടിച്ചുകെട്ടാനാകും. അതുണ്ടായ കാലം മുതല്‍ പ്രകൃതിദുരന്തങ്ങളുമുണ്ട്. നമ്മള് മനുഷ്യരാണ് അതിനെ പ്രകൃതി ദുരന്തമെന്നു വിളിക്കുന്നത്. വാസ്തവത്തില്‍ അത് പ്രകൃതിയിലെ പ്രതിഭാസമാണ്. ശാസ്ത്ര പഠനങ്ങള്‍ പലതും പറയുന്നത് ഇത്തരത്തില്‍ ഒരു ‘ദുരന്ത’ത്തിന്റെ അവശിഷ്ടമാണ്-ഒരു സൂര്യ ഗോളത്തില്‍നിന്ന് പൊട്ടിത്തെറിച്ച്- ഭൂമി എന്നാണ്. ഭൂമിയുണ്ടായത് പ്രതിഭാസവും ഭൂമിയിലുണ്ടാകുന്നത് ദുരന്തങ്ങളുമാണെന്നു നാം പറയുന്നെങ്കില്‍ അതുതന്നെ നമ്മുടെ കുറ്റബോധത്തില്നിന്നുണ്ടാകുന്ന പ്രതികരണമാണ്.
അപ്രതീക്ഷിതമായ മുഹൂര്‍ത്തത്തില്‍ കാറ്റായും കടലായും ഭൂമിയിളക്കമായും അഗ്നി സ്ഫുലിംഗമായും പ്രകൃതി പിണങ്ങും. പിന്നെ ഇണങ്ങും. ഇനിയും, ഇത്രയെല്ലാം വളര്‍ന്നിട്ടും മനുഷ്യന്, ശാസ്ത്രം കൊണ്ട് അമ്മാനമാടിയിട്ടും പ്രവചിക്കാന്‍ പറ്റാത്തതാണ് പ്രകൃതി. പിടി തരാത്ത പ്രകൃതിയെ വരുതിയിലാക്കാന്‍ ശ്രമിക്കുമ്പോളെല്ലാം വഴുതിപ്പോകുന്ന പ്രകൃതമാണ് ഈ വികൃതിക്ക്. അതു പണ്ടേക്കുപണ്ടേ ബോധ്യപ്പെട്ടവര്‍ തുടങ്ങിവെച്ചതാണല്ലോ പ്രകൃത്യാരാധന. ‘ആരുണ്ടെന്നെപ്പോലൊരു കേമന്‍’ എന്നു പറയുമ്പോഴുംപ്രകൃതിയുടെ കാര്യത്തില്‍ മാത്രം നാം എപ്പോഴും പ്രതികരിക്കുന്നവര്‍ മാത്രമാണ്. വര്‍ഷങ്ങളായി നാം പ്രകൃതിദുരന്തങ്ങളെ എങ്ങനെയൊക്കെയോ നേരിട്ടുകൊണ്ടിരിക്കുകയാണ്.
കൊടും വേനല്‍ വന്നാല്‍, കടുത്ത മഴപെയ്താല്‍ നാമെന്താണു ചെയ്യുക. അന്നും ഇന്നും ഇതൊക്കെത്തന്നെ. മഴക്കാലം രൂക്ഷമാകുമ്പോള്‍ ചില സൗജന്യങ്ങള്‍ പ്രഖ്യാപിക്കും. പിന്നെ കഷ്ട നഷ്ടങ്ങളുടെ കണക്ക് (കള്ള) ഉണ്ടാക്കും. അതുമായി ദല്‍ഹിക്കു പോകും നേതാക്കള്‍. അതിനു മുമ്പ് പരസ്പരം പഴിചാരല്‍, പിന്നെ സര്‍വകക്ഷിയോഗം, ഒടുവില്‍ വെവ്വേറേ വിമാനത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. അവിടെ സങ്കടം പറയും. അവരുടെ വാഗ്ദാനങ്ങള്‍ ഇരട്ടിപ്പിച്ച് ഇവിടെ വന്നു പറയും. പിന്നെ ദല്‍ഹിക്കാരുടെ ആകാശപ്പറക്കല്‍, വാനത്തുനിന്നുള്ള നിരീക്ഷണം. അപ്പോള്‍ നാട്ടില്‍ വരള്‍ച്ച ദുരിതം തുടങ്ങിയേക്കും. വാര്‍ഷികാചരണമായി അതിങ്ങനെ നടക്കുകയാണ്. പക്ഷേ ഇതാ അങ്ങ് ഉത്തരാഖണ്ഡില്‍നിന്നൊരു സന്ദേശം കിട്ടിയതാണ് കരുതിയിരിക്കാന്‍. കളിയല്ല ഈ പ്രകൃതിയോടുള്ള കളി.
അതു തെളിഞ്ഞിരിക്കുന്നു ഇടുക്കിയില്‍. മഴപെയ്തതല്ല, മല വീണതാണ് യഥാര്‍ത്ഥത്തില്‍ ഇടുക്കിയിലുണ്ടായ ദുരന്തം. മഴയെയല്ല പഴിക്കേണ്ടത്. മനുഷ്യനെയാണ്. അതിവൃഷ്ടിയും അനാവൃഷ്ടിയും കാലാവസ്ഥാ വ്യതിയാനവും മനുഷ്യ സൃഷ്ടിയാണ്. മലയിടിയാന്‍ കാരണമെന്താണ്. കാരണം തേടിയുള്ള ചിന്തയുടെ തിരിച്ചുപോക്കിലേ അതു വ്യക്തമാകൂ. പക്ഷേ, നോക്കൂ, സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൂട്ടുന്നു, സര്‍വകക്ഷിയോഗം വിളിക്കുന്നു…… ഏറ്റവും വലിയ തമാശ റോഡിനിരുവശങ്ങളിലുമുള്ള പഴയ മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചുവത്രേ. പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നത് പഴഞ്ചൊല്ലാണെന്ന് ആരാണു പറഞ്ഞത്.
അഞ്ചുദിവസം തുടര്‍ച്ചയായി മഴ കനത്തപ്പോള്‍ പൊരിയാര്‍ മുങ്ങി, മീനച്ചിലാര്‍ കരകവിഞ്ഞു, പമ്പയും നിളയും തൂതയും കുന്തിയുമെല്ലാം അപകടനിലയിലായി. ഏറെ പുരോഗമിപ്പിച്ച പാലാ നഗരത്തില്‍ മുട്ടറ്റം വെള്ളം പൊങ്ങി. കുട്ടനാട്ടില്‍ നാട്ടുകാര്‍ കൂട്ടപ്പലായനം നടത്തി. മലയിടിഞ്ഞു. നദികള്‍ കരകവിഞ്ഞു, ടൂറിസവും തീര്‍ത്ഥാടനവും സ്തംഭിച്ചു. കര്‍ക്കിടക വാവുബലിയുടെ സുഗമമായ നടത്തിപ്പു തടസപ്പെട്ടു. മൂന്നാറില്‍ മഴകാണാനെത്തിയവര് ജീവനും കൊണ്ടോടി. എന്തിനേറെ, കേരളത്തില്‍ പട്ടാളമിറങ്ങി-കരസൈന്യവും നാവികസേനയും രക്ഷാ പ്രവര്‍ത്തനത്തിനു വിളിക്കപ്പെട്ടു. ആര്‍എസ്എസും സേവാ ഭാരതിയും പോലുള്ള സന്നദ്ധ സേവാസംഘങ്ങളും നാട്ടുകാരും ഇല്ലായിരുന്നെങ്കില്‍ പോലീസും ഫയര്‍ ആന്റ് റെസ്ക്യൂ സംവിധാനങ്ങളും മറ്റും വരും വരെ അപകടസ്ഥലം അമ്പരന്നു നിന്നേനെ.
കേരളത്തില്‍ മാത്രമല്ല ഈ കളികള്‍. അവിടെ വടക്ക് വര്‍ഷക്കാലത്ത് മഴയിളകിയും വേനല്‍കാലത്ത് മഞ്ഞുരുകിയും പ്രളയം വരും. ഇത്തവണയും പ്രകൃതിയുടെ ക്രോധം മൂലം കണക്കില്ലാത്ത മരണവും നിരവധി ആളുകളെ കാണാതാകലും സങ്കല്പ്പാതീതമായ പരിസ്ഥിതി-സാമ്പത്തിക നഷ്ടങ്ങളും വടക്കുണ്ടായി. ഇവയെല്ലാംചേര്‍ന്ന് ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിനെ മൊത്തമായി തലകുത്തി നിര്‍ത്തി. പക്ഷേ ഉത്തരാഖണ്ഡ് അവിടെ തീരുന്നില്ല. അതൊരു പാഠമാണ്, രാജ്യത്തിനാകെ.
നാട്ടിലേക്കു വരാം. കാലവര്‍ഷം കനത്തു. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് മഴയില്ലെന്നു കരഞ്ഞ വേഴാമ്പല്കൂട്ടങ്ങളാണു നമ്മള്. ഇത്തവണ മഴപ്പേടിയില്‍ പ്രാക്കു തുടങ്ങിയിരിക്കുന്നു പലരും. (മഴത്തണുപ്പിലും സോളാര്‍ ചൂടില്‍ നേതാക്കള്‍ വിയര്‍ക്കുന്നു, പാവം ജനങ്ങള്‍ വിറയ്ക്കുന്നുവെന്ന് ഫേസ്ബുക്കില്‍ ഒരു വിരുതന്റെ കമന്റ്) കുട്ടനാട്ടില്‍ ഇനിയും മഴവെള്ളം താഴ്ന്നില്ല, പുഴവെള്ളം ഇറങ്ങിയില്ല. വിദ്യാലയങ്ങളില്‍ മാസത്തോളം ക്ലാസുകള്‍ നടന്നില്ല. കൃഷി ആകെ മുടങ്ങി. ഇനി വെള്ളമിറങ്ങുമ്പോഴാണ് രോഗം തലപൊക്കുന്നത്. സാമ്പത്തികമായി കുട്ടനാടന്‍ ജനതയുടെ അതുവഴി നാടിന്റെ നട്ടെല്ലൊടിഞ്ഞതിന്റെ കേടറിയണമെങ്കില് ഒരു ആറുമാസം കാത്താല്‍ മതി. വരാന്‍ പോകുകയാണ് കടുത്ത അരിക്ഷാമം. പിന്നെ കുത്തനെയുള്ള വിലക്കയറ്റം. കുട്ടനാട്ടില്‍ രണ്ടാം കൃഷി മുടങ്ങിപ്പോയി.
മന്ത്രിമാര്‍ കുട്ടനാട്ടില്‍ ബോട്ടു സഞ്ചാരം നടത്തി. ഒപ്പം ഉണ്ടായിരുന്ന നേതാക്കള്‍ക്കു പലര്‍ക്കും ചുണ്ടില്‍ പുഞ്ചിരിയായിരുന്നു കണ്ടത്. (ഈ റൂട്ടില്തന്നെയാണോ അന്നു ഹൗസ് ബോട്ടും പോയതെന്നു മന്ത്രിമാരാരോ രഹസ്യം ചോദിച്ചെന്നു ഒരു കുട്ടനാടന്‍ ഫേസ്ബുക്ക് കമന്റ്). അവര്‍ വാഗ്ദാനങ്ങള്‍ നല്കി. ദുരിതാശ്വാസ ക്യാമ്പു തുറന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദുരിതബാധിതര്‍ക്ക് 2000 രൂപ അപ്പപ്പോള്‍ കയ്യില്‍ കൊടുത്തുവെന്ന് ഒരു കുട്ടിനേതാവിന്റെ ഫേസ്ബുക്ക് അവകാശവാദം. കുട്ടനാടന്‍ പാക്കേജ് അഞ്ചുവര്‍ഷക്കാലം കഴിഞ്ഞപ്പോള്‍ തുക ലാപ്സായി പാഴിലായി. ഹരിത വിപ്ലവത്തിന്റെ ആസൂത്രകനായ കുട്ടനാട്ടുകാരന് കൂടിയായ (മങ്കൊമ്പ്) ഡോ. ജി.സ്വാമിനാഥനെ സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാര്‍ ക്ഷ ണ്ണ മ്മ ച്ച ഞ്ഞ വരപ്പിച്ചു. മമമമ…. മഹാന്മാര്.
കടല്‍തീരങ്ങളില്‍ ഭിത്തികെട്ടാന്‍ മുടിച്ചത് കോടികള്‍. പക്ഷേ കടല്‍ക്ഷോഭം തടുക്കാന്‍ കഴിയുന്നില്ല. കടലില്‍ കായംകലക്കി ശീലിച്ചുപോയിരിക്കുന്നു നമ്മള്.
ഉത്തരാഖണ്ഡിലേക്കു നോക്കുക. ആ ഭൂപ്രദേശത്ത് കഴിഞ്ഞ 105 വര്‍ഷങ്ങളില്‍ (1908-2013) എട്ട് മേഘവിസ്ഫോടനങ്ങള്‍ നടന്നു. ആദ്യത്തെ മൂന്നും നടന്നത് ആദ്യത്തെ 90 വര്‍ഷങ്ങള്‍ക്കകം. അതായത് പിന്നീടുള്ള 5 വര്‍ഷങ്ങളില്‍ (1998-2003) മേഘ വിസ്ഫോടനം ഒരിക്കല്‍ പോലുമുണ്ടായില്ല. പിന്നെയുള്ള 5 വിസ്ഫോടനങ്ങള്‍ നടന്നത് കഴിഞ്ഞ 9 വര്‍ഷങ്ങള്‍ക്കുള്ളില്‍ (2004 ജൂലൈ മുതല്‍ 2013 ജൂണ്‍ വരെ).
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എത്ര ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്ക് ആരുടെ പക്കലുമില്ല. അണക്കെട്ടുകളുടെ അടുത്തും ആരും പ്രതീക്ഷിക്കാത്തിടങ്ങളിലുമായി, ചെറുതും വലുതുമായി നൂറുകണക്കിന്. കേരളത്തിലാണെന്നോര്‍ക്കണം. മണ്ണുറപ്പിച്ചു നിര്‍ത്തുന്ന മലകളുടെ അടിതുരന്നു നമ്മള്. മഴവെള്ളും കുടിച്ചിറക്കുന്ന ചിറയും നീര്‍ചാലുകളും നികത്തിക്കളഞ്ഞു നമ്മള്. മരങ്ങള്‍ മുറിച്ചതിന്റെ കഥ പറയേണ്ടതില്ല. ആസൂത്രണം എന്നാല്‍ നാലക്ഷരം മാത്രമെന്ന് (ഇംഗ്ലീഷിലെ അല്ല) നാം തള്ളിക്കളഞ്ഞു. എല്ലാ ഇസങ്ങളും മാറ്റിവെച്ച് സ്വന്തം കാര്യം, സ്വന്തം നീതി, സ്വന്തം നയം സിന്ദാബാദ് എന്ന നിലപാടിലായി നമ്മള്. ഇടുക്കിയിലെ ചീയപ്പാറയില്‍ ഉരുള്‍പൊട്ടിയതും മലയിടിഞ്ഞതും ദേശീയ ശ്രദ്ധയില്‍ പെട്ടു.
സാധാരണ മനുഷ്യരെ അസ്വസ്ഥരാക്കുന്ന ചില പ്രശ്നങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ കൈവശം പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇരകളെ തിരയാനും രക്ഷിക്കുവാനുമുള്ള അത്യന്താധുനിക സംവിധാനങ്ങളുണ്ടായിട്ടും ഇത്തരത്തിലുള്ള മേഘ വിസ്ഫോടനങ്ങളും ആള്‍നാശവും എന്തുകൊണ്ടുണ്ടാവുന്നു?- ഈ ചോദ്യം ഉത്തരാഖണ്ഡില്‍ മുഴങ്ങുന്നതാണ്. ഇവിടെ കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചാലോ. ദുരന്ത നിവാരണം ഇവിടെ ഒരു ദുരന്തമായിരിക്കുമെന്നുറപ്പ്. ഒരു ചെറു തീപിടിത്തമുണ്ടായാല്‍, അവിടെ ഫയര്‍ ആന്റ് റസ്ക്യൂ എത്താനോ പോലീസ് സഹായമെത്താനോ ഇന്നു മണിക്കൂര്‍ സമയം വേണ്ടിവരുന്നു. ഹൈറേഞ്ചിലെ അപകട വാര്‍ത്തകള്‍ വിശകലനം ചെയ്തു നോക്കൂ, തദ്ദേശവാസികള്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിയുമ്പോള്‍ കണക്കെടുക്കാന്‍ മാത്രമാണ് ഇത്തരം സര്‍ക്കാര്‍ സേവനങ്ങള്‍ എത്തുന്നത്. ചീയപ്പാറതന്നെ ഏറ്റവും പുതിയ ഉദാഹരണം.
“ദുരന്തങ്ങളുടെ എണ്ണം കൂടുന്നതിന് ഒരു മുഖ്യകാരണം ആഗോളതാപനമാണ്. ആഗോളമായുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് നമ്മുടെ ഭരണയന്ത്രം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയായ നടപടികള്‍ സ്വീകരിക്കുക എന്നത് നിര്‍ണ്ണായകമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളുമുണ്ടാവണം. അതോടൊപ്പം തുല്യപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ഭരണകൂടം ലക്കും ലഗാനുമില്ലാത്ത ഭൂവിനിയോഗത്തെ തടയണമെന്നത്. ആസൂത്രണരഹിതമായ വികസനവും മര്യാദയില്ലാതെ പച്ചപ്പിനെ വെട്ടിതിരുത്തലും ഒഴിവാക്കാവുന്ന അന്തരീക്ഷ മലിനീകരണവും എല്ലാം തടയണം. അവ ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയും കണ്ടെത്തണം.” ഉത്തരാഖണ്ഡിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് സൈനിക സേവനത്തില്‍നിന്നു വിരമിച്ച സ്ക്വാഡ്രന്റ് ലീഡര്‍ എസ്.ഡി.മിത്രോ അഭിപ്രായപ്പെട്ടത് പ്രശ്നങ്ങള്‍ ഭൂമി ശാസ്ത്രപരമായ അതിര്‍ത്തിക്കപ്പുറം പ്രസക്തമാക്കുന്നു.
പക്ഷേ കേരളമെന്നല്ല, ഒരു സംസ്ഥാനവും ഇപ്പോള്‍ അതു കാര്യമാക്കാറില്ല. നമ്മുടെ ഫെമിനിസത്തിനെന്തുപറ്റിയോ അതേപോലെ ആണും പെണ്ണും കെട്ടുകൊണ്ടിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തനവും. പരിസ്ഥിതി എന്ന ആശയം കൊണ്ട് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതോടെ സമൂഹ നന്മയ്ക്കായി അതുകൊണ്ടുള്ള പ്രയോജനം മുടങ്ങി. പിന്നെ പരിസ്ഥിതി ചൂഷണ മാഫിയകളും പരിസ്ഥിതി പ്രവര്‍ത്തകരില്‍ പലരും തമ്മിലുള്ള സ്വകാര്യ ഒത്തുതീര്‍പ്പുകള്‍ക്കിടയില്‍ ആ പ്രസ്ഥാനം മരിച്ചുപോയി, അല്ലെങ്കില്‍ മരവിച്ചുപോയി. മഹാത്മാഗാന്ധി സര്‍വകലാശാല വിസിയും ദുരന്തനിവാരണ മാനേജ്മെന്റ് വിദഗ്ദ്ധനുമായ ഡോ. എ.വി.ജോര്‍ജ്ജ് പറയുന്നു,” ഹൈറേഞ്ചു മേഖലയിലെ ഉരുള്‍പൊട്ടലിനെക്കുറിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അതിന്മേല് അടയിരിക്കുകയാണ്.”
സുപ്രധാനപ്രശ്നം വികസനവും വളരുന്ന ജനസംഖ്യയും തമ്മിലുള്ളതാണ്. വര്‍ധിക്കുന്ന ജനസംഖ്യക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, വൈദ്യസഹായം ഇവയൊക്കെ വേണം. അപ്പോള്‍ ഉയരുന്ന ചോദ്യം വികസനത്തിന് കൊടുക്കേണ്ട വില എന്ത് എന്നതാണ് – ആസൂത്രിതമോ അല്ലാത്തതോ? ഗ്രാമമോ നഗരമോ? ഇന്നത്തെ അവസ്ഥയില്‍ വികസനം, രാഷ്ട്രീയവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നഗരാസൂത്രകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല. പ്രാദേശിക രാഷ്ട്രീയനേതാക്കള്ക്കുവേണ്ടി കുറച്ചു ടേബിള്‍ ഡ്രോയിംഗുകള്‍ വരയ്ക്കാം എന്നുമാത്രം.
ഉത്തരാഖണ്ഡിലും ഈയിടെ അങ്ങിങ്ങായുള്ള വികസനമുണ്ടായി. പരിസ്ഥിതി പ്രവര്‍ത്തകര്‍, ഭൗമ ശാസ്ത്രജ്ഞര്‍, മറ്റു വിദഗ്ദ്ധര്‍ എന്നിവരുടെ അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ടുള്ള വികസനം.
മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും അവ അവഗണിച്ചവര്‍ക്ക് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടാവുമോ? ഉണ്ടാവില്ല. അത്തരം മുന്നറിയിപ്പുകള്‍ പോലും കിട്ടാനില്ലാത്ത സ്ഥലങ്ങളിലോ. കിട്ടുന്ന മുന്നറിയിപ്പുകള്‍ക്ക് കൃത്യത ഇല്ലാതിരുന്നാല്‍ അതൊരു തമാശയുമായി മാറും. കേരളത്തിന്റെ കാര്യത്തില്‍ അങ്ങനെയാണല്ലോ പലപ്പോഴും. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം കേള്‍ക്കുമ്പോള്‍ കൊച്ചു കുട്ടികള്‍ പോലും പറയും ഇന്നു പൊരിവെയിലായിരിക്കുമെന്ന്. പക്ഷേ, യഥാര്‍ത്ഥത്തില്‍ പുലി വരുമ്പോള്‍ എന്താവും സ്ഥിതി, വരാതിരിക്കട്ടെ.
ആശങ്കയുണര്‍ത്തുന്ന മറ്റൊരു മേഖല നമ്മുടെ നാട്ടിലെ ദുരന്ത നിവാരണസംവിധാനമാണ്. ഇന്‍ഡ്യയില്‍ത്തന്നെ ഈ സങ്കല്‍പ്പം ഉണ്ടായതു തന്നെ 2005ലാണ്; സുനാമിയുടെ പശ്ചാത്തലത്തില്‍. അന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 2005 പാര്‍ലമെന്റ് പാസാക്കി. തുടര്‍ന്ന് എന്‍ഡിഎംഎ, എന്‍ഐഡിഎം, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളും രൂപീകരിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സ്വയംഭരണാവകാശമുള്ള എന്‍ഡിഎംഎ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിന് സമാന്തരമായി ആഭ്യന്തരവകുപ്പിന്റെ കീഴില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നില്ല. ഓരോ വിഭാഗത്തിനും അവരുടേതായ സ്വതന്ത്ര പ്രവര്‍ത്തനമുണ്ട്. അവരെല്ലാം റിപ്പോര്‍ട്ട് ചെയ്യേണ്ടത് അതാത് വകുപ്പുതലവന്മാര്ക്കും. എങ്കിലും ഓരോരുത്തരും സ്വന്തം കേന്ദ്രങ്ങളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റു വിഭാഗങ്ങളുമായി വിവരങ്ങള്‍ കൈമാറുകയോ സ്വീകരിക്കുകയോ ചെയ്യുന്നുമില്ല. ദുരന്തനിവാരണ വിഭാഗത്തിന്റെ തലവന്മാര്, കേന്ദ്രത്തിലായാലും സംസ്ഥാത്തായാലും ജില്ലയിലായാലും താലൂക്കിലായല്ല റവന്യൂ വകുപ്പുകള്‍ തന്നെ എന്നത് കൗതുകകരമാണ്. റവന്യൂ വകുപ്പുകാര്‍ പൊതുവേ സാവധാനം നീങ്ങുന്നവരാണ്, അതിനാല്‍ ദുരന്തനിവാരണവും പതിയെ തന്നെ. ഇതാണു ദേശീയ നില. നമ്മുടെ കേരളത്തിലോ. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അതിനു സംവിധാനമുണ്ടെന്നാണ് വെയ്പ്പ്. മുല്ലപ്പെരിയാര്‍ സമ്മര്‍ദ്ദ കാലത്ത് അങ്ങനെയൊന്ന് ഇടുക്കി ജില്ലയില്‍ സജീവമായി. അടുത്തിടെ അതിന്റെ പരിശോധന നടത്തിയെന്നും കുറ്റമറ്റ രീതിയില്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ, അങ്ങകലെയാണെങ്കിലും ഉത്തരാഖണ്ഡില്‍ മലയാളി തീര്‍ത്ഥാടകര്‍ അപകടത്തില്‍ കുടുങ്ങിയപ്പോള്‍ ദുരിത നിവാരണത്തിനും സഹായമെത്തിക്കലിനും നാം കൈക്കൊണ്ടതെന്തൊക്കെയെന്ന് കേരളം കണ്ടതാണ്. പക്ഷേ, പാഠം പഠിക്കുമോ. അനുഭവത്തില്‍നിന്നു പഠിക്കുന്നതിനേക്കാള്‍ ബുദ്ധി അനുഭവിച്ചവരില്‍നിന്നു പഠിക്കുന്നതാണ്. അതു പക്ഷേ ആര്‍ക്കു തോന്നാന്‍. വരുന്നിടത്തുവെച്ചു കാണാനുള്ള മലയാളിയുടെ ധൈര്യമാണ് ഓരോരുത്തരുടെയും പോരായ്മ. അതു പക്ഷേ വരുംകാലത്ത് അത്ര ഭദ്രമല്ല എന്ന് ആര്‍ക്കെങ്കിലുമൊക്കെ തോന്നിത്തുടങ്ങിയെങ്കില്‍…..
സുദര്ശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: