ഒരു കവിക്ക് തീവ്രവാദിയാവാനാകുമോ? അതല്ല, ഒരു തീവ്രവാദകവിതവായിച്ചതുകൊണ്ട് നിഷ്പക്ഷ വിദ്വാന് തീവ്രവാദിയാവുമോ? നിങ്ങള്‍ക്ക് എന്ത് അഭിപ്രായമുണ്ടായാലും ശരി ഓഡ് ടു ദ സീ എന്ന കവിത കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ബിരുദവിദ്യാര്‍ത്ഥികള്‍ തല്ക്കാലം പഠിക്കേണ്ട എന്ന തീരുമാനമാണ് വൈസ്ചാന്സിലര് എടുത്തിരിക്കുന്നത്. കവിതയില്‍ ഒറ്റവായനയില്‍ തീവ്രവാദാംശം ആര്‍ക്കും കണ്ടെത്താനാവില്ല. ഒന്നാം വായന, രണ്ടാം വായന, നിഷ്കൃഷ്ടവായന എന്നിവക്കു ശേഷം എന്തെങ്കിലും കണ്ടെത്തിയാല്‍ ദയവു ചെയ്ത് കുറുങ്കഥകളുടെ തമ്പുരാന് എന്ന് ചിലരൊക്കെ വിളിക്കുന്ന നമ്മുടെ പി.കെ. പാറക്കടവിന് എങ്ങനെയെങ്കിലും എത്തിച്ചുകൊടുക്കണം.
മേപ്പടി ദേഹത്തിന് എങ്ങനെയൊക്കെ കവടിനിരത്തിവെച്ചിട്ടും അതിലെ തീവ്രവാദവശം പിടികിട്ടിയിട്ടില്ല. അങ്ങനെ എഴുത്തുകാരെ നോക്കി സാഹിത്യസൃഷ്ടിയെ വിലയിരുത്തുകയാണെങ്കില്‍ വിദ്വാന് പ്രസക്തമായ ഒരുചോദ്യമുണ്ട്. പിടിച്ചു പറിക്കാരനും കൊള്ളക്കാരനുമായിരുന്ന ആളല്ലേ രാമായണം എഴുതിയത്. അങ്ങനെയെങ്കില്‍ പ്രസ്തുത ഗ്രന്ഥം കാലിക്കറ്റ് യൂണിവേഴ്സിറ്റി നിരോധിക്കുമോ? സൗദി അറേബ്യ പുറത്തിറക്കിയ 85 തീവ്രവാദികളുടെ പട്ടികയില്‍ ഇബ്രാഹിം സുലൈമാന്‍ അല്‍റുബായിശ് എന്നയാളുണ്ട്.വിദ്വാന് അഞ്ചാറുകൊല്ലം ഗ്വാണ്ടനാമോ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ആ കാലത്ത് എഴുതിയതാണ് കവിത. ഇയാളെ അമേരിക്കന്‍ പട്ടാളത്തിന് പിടിച്ചുകൊടുത്തത് പാക്കിസ്താനാണ്.
നമ്മുടെ പാറക്കടവന് പറയുന്നു, അമേരിക്ക തടങ്കലിലിട്ടതുകൊണ്ട് ഒരാള്‍ തീവ്രവാദിയാകുമോ? ഒരു തീവ്രവാദിക്ക് മനോഹരമായ കവിത എഴുതിക്കൂടേ? അത് കുട്ടികള്‍ പഠിച്ചു എന്നു വെച്ച് എന്താണ് കുഴപ്പം? രാമായണം പഠിച്ചു എന്നു വെച്ച് വാല്മീകിയുടെ പൂര്‍വാശ്രമത്തിലേക്ക് കുട്ടികള്‍ ഒളിച്ചോടുമോ? പാറക്കടവന് മതേതരത്വത്തിന്റെ മിശിഹായായി കോഴിക്കോടിന്റെ സാംസ്കാരിക കലാ-സാഹിത്യ സദസ്സുകളില്‍ നിറഞ്ഞാടുന്നയാളാണ്. അദ്യത്തിന് ഓരോ തീവ്രവാദിയുടെ ഉള്ളിലും തുടിക്കുന്ന മാനവികതയെപ്പറ്റിയേ അറിയുകയുള്ളൂ. ശേഷിക്കുന്നവയൊക്കെ സംഘപരിവാറുകള്‍ ഉണ്ടാക്കുന്നതാണ്. ആയതിനാല്‍ യൂണിവേഴ്സിറ്റിയും അവര്‍ക്ക് ഉപദേശം കൊടുക്കുന്നവരും ഇക്കാര്യത്തില്‍ പുനശ്ചിന്തനം നടത്തണം. അതിനായി ലോക പ്രശസ്ത കവികളെയും മറ്റും പരാമര്‍ശിക്കുന്നുണ്ട്. ഒരുസൗജന്യം കൂടി പാറക്കടവന് നമുക്ക് അനുവദിക്കുന്നു. മാധ്യമ ത്തില്‍ അദ്യം എഴുതിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി രാമായണം നിരോധിക്കുമോ? എന്ന കുറിപ്പില്‍ ആ സൗജന്യപരാമര്ശം ഇങ്ങനെ: സംഘ്പരിവാറുമായി ബന്ധമുള്ളതുകൊണ്ട് അക്കിത്തത്തിന്റെ കവിതകള്‍ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല (തീര്‍ച്ചയായും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയാണ് അക്കിത്തം) ഹൊ എന്തൊരു അംഗീകാരം! ആര്‍ക്കെങ്കിലും അക്കിത്തത്തിന് പുരസ്കാരം നല്‍കണമെന്ന് തോന്നിയാല്‍ അദ്ദേഹത്തിലെ സംഘ്പരിവാര്‍ സ്വത്വം കാണാതെ പോകരുതെന്ന് എത്രവിദഗ്ധമായാണ് പാറക്കടവന് പറഞ്ഞുപോകുന്നത്. വെറുതെയാണോ ലോക പ്രശസ്ത നാടകകൃത്ത് പറഞ്ഞത് തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടതാവുമെന്ന്!
എല്ലാം ഓരോ മാനസികാവസ്ഥയാണ്. അല്‍റുബായിശ് തന്റെ മാനസികാവസ്ഥയ്ക്കനുസരിച്ച് കവിതയെഴുതി. നാമത് നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യാഖ്യാനിച്ചു. എല്ലാം അങ്ങനെയാണ്. ഇതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നമ്മുടെ രാഹുല്യജമാനനോട് ചോദിച്ചാല്‍ മതി. ബിപിഎല്‍, എപിഎല്‍ കാര്‍ഡുകള്‍, ദാരിദ്ര്യരേഖ, ഒരു നേരത്തെ ആഹാരം, വറുതി, വിശപ്പ് ഇത്യാദികാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലുമായി മാധ്യമങ്ങളും മറ്റും ചര്‍വിതചര്‍വണം നടത്തുന്നില്ലേ? ഇതൊന്നും അത്രനല്ലതല്ലെന്നാണ് യജമാനന്റെ നിലപാട്. ഇന്ത്യാ മഹാരാജ്യത്തിന്റെ ഓരോമുക്കും മൂലയും പരിശോധിച്ച യജമാനന് പറയുന്നു ദാരിദ്ര്യമെന്നാല്‍ ആഹാരമില്ലായ്മയോ ധനമില്ലായ്മയോ അല്ല, അതൊരുമാനസികാവസ്ഥയാണെന്ന്. തന്നെ, തന്നെ. ഇത്തരം മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് കേരളത്തിന്റെ തെക്കും വടക്കും മധ്യത്തിലും നല്ല നിലയില്‍ ചിലസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ യൂത്തന്മാരും മൂത്തന്മാരും മേപ്പടി യജമാനനെ ഇവിടെ എവിടെയെങ്കിലും ഒന്ന് കൊണ്ടുപോയി കാണിക്കണം. മാനസികാവസ്ഥയുടെ യഥാര്‍ഥ രൂപം എന്താണെന്ന് വ്യക്തമാവും.
ഒരു പ്രശ്നത്തെ രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് സമീപിക്കാം. ഒന്ന്, അത്തരം പ്രശ്നം മേലില്‍ ഉണ്ടാവാത്ത തരത്തില്‍ നടപടി സ്വീകരിച്ചുകൊണ്ട്. രണ്ട്, ആ പ്രശ്നം കണ്ടില്ലെന്നു വെച്ചുകൊണ്ട്. ഇക്കാര്യത്തില്‍ ഗുരുസ്ഥാനത്ത് ആരെയെങ്കിലും നിര്‍ത്താന്‍ തോന്നുന്നുവെങ്കില്‍ ഇതാ തയാറായിനില്‍ക്കുന്നു നമ്മുടെ പ്രതിരോധ മന്ത്രി. പാക്കിസ്ഥാന് പട്ടാളക്കാര്‍ പകല്‍ വെട്ടത്തില്‍ നമ്മുടെ അഞ്ചുപട്ടാളക്കാരെയാണ് കൊന്നത്. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം കൊടുക്കവെ, നമ്മുടെ അഴിമതിക്കറപുരളാത്ത അന്തോണിച്ചന് പറയുന്നു,പാക് പട്ടാളക്കാരുടെ വേഷം ധരിച്ച തീവ്രവാദികളാണ് മേപ്പടികൃത്യം ചെയ്തതെന്ന്. ഇത്രകൃത്യമായി പറയണമെങ്കില്‍ പാക് തീവ്രവാദികളുമായി നല്ലബന്ധമുള്ളവരുടെ കൈയില്‍ നിന്ന് വിവരം കിട്ടിയിരിക്കണമല്ലോ. സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നതരത്തിലേക്ക് പ്രതിരോധമന്ത്രി താഴ്ന്നുപോവുമ്പോള് എന്തൊക്കെയോ സംശയങ്ങള്‍ നാലുപാടുനിന്നും ഉയര്‍ന്നുവരുന്നു.പാക്കിസ്ഥാന്റെ ഇമ്മാതിരി ദുഷ്കൃത്യങ്ങള്‍ക്ക് വളം വെച്ചുകൊടുത്തത് നാണം കെട്ട രാഷ്ട്രീയ നിലപാടുകളല്ലേ? മുന്ഗാമികളില് സജീവമായിരുന്ന വൈറസ് അന്തോണിച്ചനെയും ബാധിച്ചുകഴിഞ്ഞോ ആവോ? അതോ അതും ഒരു മാനസികാവസ്ഥയാവുമോ?
അസാധ്യം എന്ന് തന്റെ നിഘണ്ടുവില്‍ ഇല്ലെന്ന് പറഞ്ഞ വ്യക്തിയെ മാതൃകയാക്കിയല്ലെങ്കിലും കേരളത്തിലും അങ്ങനെയൊരാള്‍ ജനങ്ങളുടെ കണ്ണിലുണ്ണിയായി ജീവിക്കുന്നു. അദ്ദേഹത്തിന്റെ പേര് പോലും ഊര്‍ജവാഹിയായ ഒരു സംസ്കാരമാകുന്നു. ആ വ്യക്തിയാണ് ആലപ്പുഴയിലെ ഡോ.ജി. മധുകണ്ടത്തില്. ഇല്ലായ്മയുടെ മഹാനദി നീന്തിക്കടന്ന് ജനങ്ങളുടെ സൗഖ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന്. അതിനെക്കുറിച്ച് മലയാളമനോരമ (ജൂലൈ 28) യുടെ ഞായറാഴ്ച യില്‍ ശ്രീജിത്ത് കെ.വാരിയര്‍ എഴുതിയിരിക്കുന്നു. മധുരം ജീവാമൃതം എന്ന കുറിപ്പും ഊര്ജവാഹിതന്നെ. ന്യൂജനറേഷന് ജീവിതപാഠമാകുന്ന ഡോ. മധുവിന്റെ ജീവിതത്തെക്കുറിച്ചറിയുമ്പോള്‍ നമുക്ക് ദൈവത്തെ അറിയാനാകുന്നു. ദൈവം കൈയ്യൊപ്പിട്ട ആ ഹൃദയം അശരണര്‍ക്കും ആലംബമറ്റവര്ക്കുമായി തുടിക്കുകയാണ്. മധു പറയുന്നതു നോക്കുക: ദൈവം എന്റെ മനസ്സിലിരിക്കുന്നുണ്ട്. ദൈവം ഓരോനിമിഷവും എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.എന്റെ ജീവിതത്തിലെ എത്രയോ സന്ദര്‍ഭങ്ങളില്‍ ദൈവം വഴി പറഞ്ഞുതന്നിട്ടുണ്ട്. അശരണര്‍ക്കായി വൃദ്ധസദനമാണ് ഇനി മനസ്സിലുള്ള പദ്ധതി. അതിനു ദൈവം തീരുമാനിച്ചാല്‍ അതു നടന്നിരിക്കും. നമ്മുടെ കാര്യങ്ങളെല്ലാം സാധിച്ചിട്ടുനോക്കാമെന്നു വെച്ചാല്‍ നമുക്ക് ആരെയും സഹായിക്കാന്‍ പറ്റില്ല. പതിനേഴുവര്‍ഷമായി ക്ഷേത്രത്തില്‍ പോകാത്ത മധുവിന്റെ ഒപ്പം തന്നെയാണ് ദൈവം . ഈ ദൈവത്തെ കാണണമെങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്ക് ചെല്ലുക.
കെ. മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
ഇപ്പോള്‍ ശവപ്പെട്ടിയും ചൊമന്ന് ആളുകളിങ്ങെത്തും അതിനു മുന്‍പ് ജനിച്ചനാള്‍ തൊട്ട് അടക്കിവെച്ചതെല്ലാം ആരോടെങ്കിലുമൊന്ന് പറഞ്ഞു തീര്‍ക്കണം
അബ്ദുള്‍സലാം
കവിത ഊമയുടെ വാക്ക്
മലയാളം വാരിക (ആഗസ്റ്റ്-09)
പ്രതികരിക്കാൻ ഇവിടെ എഴുതുക: