ഗ്വാങ്ങ്ഷു: നിലവിലെ ലോക ചാമ്പ്യനും രണ്ടാം സീഡുമായ ചൈനയുടെ വാങ്ങ് യിഹാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ സെന്ഗസഷന് പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിന്ധുവിന് പുറമെ സൈന നെഹ്വാള്, പി. കശ്യപ് എന്നിവരും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
അത്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ചൈനീസ് കരുത്തിനെ തകര്‍ത്തുവിട്ടത്. 55 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 23-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയാണ് വാങ്ങ് യിഹാന്. കഴിഞ്ഞ മെയ് മാസത്തില്‍ സുദിര്‍മാന്‍ കാപ്പില്‍ വാങ്ങ് യിഹാനോടേറ്റ പരാജയത്തിനുള്ള പകരം വീട്ടലുകൂടിയായി സിന്ധുവിന്റെ വിജയം. ചാമ്പ്യന്‍ഷിപ്പില്‍ പത്താം സീഡാണ് സിന്ധു.ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ചൈനയുടെ വാങ്ങ് ഷിക്സിയാനാണ് സിന്ധുവിന്റെ എതിരാളി.
ലോക മൂന്നാം നമ്പര്‍ സൈന നെഹ്വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചു. 15-ാം സീഡ് തായ്ലന്റിന്റെ പോണ്‍ടിപ് ബുരാനപ്രസേത്സുക്കിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സൈന ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന താല്ലന്റ് താരത്തെ കീഴടക്കിയത്. സ്കോര്‍: 18-21, 21-16, 21-14. ആദ്യ ഗെയിം നഷ്ടമായശേഷം രണ്ടും മൂന്നും ഗെയിമുകളില്‍ ഉജ്ജ്വലഫോമിലേക്കുയര്ന്നാണ് സൈന മത്സരം സ്വന്തമാക്കിയത്. മത്സരം 52 മിനിറ്റ് നീണ്ടു. ഈ വിജയത്തോടെ പോണ്ടിപിനെതിരെ സൈനയുടെ അപരാജിത റെക്കോര്‍ഡ് തുടര്‍ന്നു. ഇത് രണ്ടാം തവണയാണ് സൈന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി 13-ാം സീഡ് കൊറിയയുടെ യോണ് ജു ബെയാണ്.
പുരുഷ സിംഗിള്‍സില്‍ 13-ാം സീഡ് പി. കശ്യപ് ആറാം സീഡ് ഹോങ്കോംഗിന്റെ യുന്‍ ഹുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 37 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 21-13, 21-16 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. മൂന്നാം സീഡ് ചൈനയുടെ പെന്‍ഗ്യു ഡുവുമായാണ് ക്വാര്‍ട്ടറില്‍ കശ്യപിന്റെ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: