നയ്റോബി: കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ പ്രധാന വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. എയര്‍പോര്‍ട്ടിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. സംഭവത്തെത്തുടര്‍ന്ന് വ്യോമ ഗതാഗതം തടസപ്പെട്ടു. വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. അതേസമയം, അപകട കാരണമെന്തെന്ന് വ്യക്തമല്ല.
നയ്റോബിയിലെ ജോമോ കെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ബുധനാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അഗ്നിബാധയുണ്ടായത്. ഇമിഗ്രേഷന്‍ മേഖലയിലാണ് ആദ്യം തീകണ്ടതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന കെട്ടിടത്തിലേക്കും മറ്റും തീ പടര്‍ന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. തുടര്‍ന്ന് യാത്രക്കാരെ മുഴുവനും ഒഴിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രവേശനവും തടഞ്ഞു. അതേസമയം, അഗ്നിശമന സേനയുടെ ടാങ്കുകളില്‍ വേണ്ടത്ര വെള്ളമില്ലാതിരുന്നത് തീയണയ്ക്കുന്നതിന് വിഘാതം സൃഷ്ടിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ പോലീസും നിസഹായരായി. റെഡ്ക്രോസിന്റെയും സ്വകാര്യ അഗ്നിശമന സേനകളുടെയും ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: