കൊല്ലം: പട്ടികജാതി, വര്‍ഗ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമിയാണെന്ന് കെ.കെ.കൊച്ച്. കേരള പുലയന് മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാക്കനാട് രാഘവന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളിലാണ് ദളിത് സമൂഹം ഭൂപ്രശ്നം ഉയര്‍ത്തി സമരരംഗത്തേക്കിറങ്ങിയത്. 1957 മുതല്‍ 70 വരെയുള്ള ഭൂപരിഷ്ക്കരണ പരിശ്രമങ്ങളെക്കുറിച്ച് ശരിയായ രീതിയില്‍ പഠനം നടക്കുന്നതും പ്രതികരിക്കുന്നതും ഈ കലയളിവിലാണ്. ഭൂപരിഷ്ക്കരണം മൂലം മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി ലഭിച്ചില്ല. ഇടനിലക്കാരായി നിന്ന പാട്ടക്കാര്‍ക്കാണ് ഭൂമി ലഭിച്ചത്. പട്ടികജാതിക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ ആളുകളുണ്ടായിരുന്നില്ല.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്ത് നല്‍കണമെന്ന് ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ 1975 ലെ നിയമം ഇടതു-വലതു രാഷ്ട്രീയക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് കെ.കെ.കൊച്ച് പറഞ്ഞു.
കോളനികള്‍ക്ക് ഭൂമി നല്കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ് ഉണ്ടായത്. 1936 ല്‍ അയ്യങ്കാളിയുടെ ആവശ്യപ്രകാരം സര് സിപി അനുവദിച്ച സചിവോത്തമപുരം കോളനിയാണ് സംസ്ഥാനത്ത് ആദ്യത്തെ കോളനി. 75 സെന്റ് സ്ഥലമായിരുന്നു അത്. അമ്പത് സെന്റ് കൃഷിക്കും എട്ടുവീട്ടുകാര്ക്കായി 25 സെന്റ് പാര്‍പ്പിടാവശ്യത്തിനും. കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ക്ഷേത്രം, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം. എന്നാല്‍ 57 ന് ശേഷം വന്ന ലക്ഷം വീട് കോളനികള്‍ 5 സെന്റിലും പത്ത് സെന്റിലും പട്ടികജാതിക്കാരനെ ഒതുക്കുകയായിരുന്നുവെന്ന് കൊച്ച് ചൂണ്ടിക്കാട്ടി. അറുപത്തഞ്ച് ജാതികളും മുപ്പത്തെട്ട് ഗോത്രങ്ങളും അടങ്ങുന്ന പട്ടികജാതി ജനത ഒറ്റ സമുദായമായി മാറണം. അതിന് അന്തര്‍ജാതി വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സമ്പത്ത്, അധികാരം, ഭൂമി, സംസ്കാരം എന്നിവയെ ആധാരമാക്കിയുള്ള മുന്നേറ്റമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസത്തയിലൂന്നി ഒറ്റക്കെട്ടായി മുന്നേറാനുള്ള ആഹ്വാനമാണ് കാലം ഉയര്‍ത്തുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.പി വാവ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ 124 സംഘടനകളുടെ നേതാക്കള്‍ അരിപ്പയിലെത്തി. ആ സമരഭൂമിയിലെ ഞാറ്റുവേലയില്‍ പങ്കെടുത്തു. ചേറിന്റെ മണമുള്ളവന് ഭൂമി വേണം. സര്‍ക്കാരിന്റെ മൂന്നു സെന്റ് ഔദാര്യമല്ല ആവശ്യം. ഭൂമി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള വഴി നടക്കില്ലെന്നും പി.പി വാവ പറഞ്ഞു.
കേരള പുലയമഹാസ ജില്ലാ പ്രസിഡന്റ് മുളവന മോഹനന് അധ്യക്ഷത വഹിച്ചു. സി.എസ് ദാസ്, ചിറ്റയം രമണന്, കെ. കൊച്ചുവേലു, ജി. രവീന്ദ്രന്, വിജയമോഹനന്‍, എന്‍. ദേവരാജന്തമ്പ്, ഡോ. ശ്രീകുമാര്‍, പിറവന്തൂര്‍ ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: