കാലടി: കാഞ്ഞൂര്‍ പഞ്ചായത്തില്‍ തുറവുംകര ഭാഗത്ത് കനത്തമഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട 450 ഓലം വീട്ടുകാരെ ക്യാമ്പുകളിലേക്ക്മാറ്റി പാര്‍പ്പിച്ചു. വട്ടത്തറ ഭാഗത്ത് നിന്നും 200 ഓളം വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു. അര്‍ദ്ധരാത്രിയോടെ പെരിയാറില്‍ വെള്ളം കൂടിയപ്പോള്‍ കാഞ്ഞൂര്‍ തോട് കവിഞ്ഞൊഴുകി. രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ നാടിന്റെ നനാഭാഗത്ത് നിന്നും ആളുകള്‍ ഓടിയെത്തുകയായിരുന്നു. രാവിലെ 7 മണി മുതല്‍ എംഎല്‍എ അന്‍വര്‍ സാദത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. രക്ഷാപ്രവര്ത്തിനത്തില് ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കെടുത്തു. വീടുകളില്‍ നിന്നും രക്ഷിച്ചവരെ സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ കാഞ്ഞൂര്‍ സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍, സെന്റ് ജോര്‍ജ് സ്കൂള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു. മലയാറ്റൂര്‍ പഞ്ചായത്തില്‍- ചിമ്മിനി- കോളനി ഭാഗത്ത് നിരവധി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. പള്ളുപ്പെട്ട ഭാഗത്ത് വാഴയില്‍ പ്രസന്നന്റെ വീട് പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. ഓട് കമ്പനി ഭാഗത്ത് 10 ഓളം വീട്ടുകാര്‍ വെള്ളത്തിനടയിലായി ഫയര്‍ഫോഴ്സും പോലീസും എത്തി വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. മുളംങ്കുഴി ഭാഗത്ത് 60 ഓളം വീടുകളില്‍ വെള്ളം കയറി.കാലടി പഞ്ചായത്തില്‍ കുഴിയംപാടത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം നിരോധിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 80 ഓളം കുടുംബങ്ങളെ മാറ്റി ക്യാമ്പില്‍ എത്തിച്ചു.
കാലടി ശൃംഗേരിമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പൂര്ണ്ണാകടവ് മുതലക്കടവ് ശിവരാത്രി കടവ് എന്നിവിടങ്ങളില്‍ വെള്ളം കയറി നിറഞ്ഞിരിക്കുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കുവാനും ജാഗ്രത പാലിക്കുവാനും കാലടി പോലീസ് നിര്‍ദ്ദേശം നല്കി.
മട്ടാഞ്ചേരി: കനത്തമഴയില്‍ പഞ്ചിമകൊച്ചിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലായി. ഫോര്‍ട്ടുകൊച്ചി കടല്‍തീരത്ത് ശക്തമായ കടല്‍കയറ്റമുണ്ടായി. ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഏതാനും മണിക്കുറുകളോളം നിര്‍ത്തിവെച്ചു. ബോട്ട് സര്‍വ്വീസുകള്‍ താളെ തെറ്റിയതോടെ യാത്രക്കാര്‍ വലഞ്ഞു. കനത്ത മഴയെതുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി, വെളി, ചുളിക്കല്‍, മുലംങ്കുഴി, ചക്കാമാടം മേഖലകളില്‍ വെള്ളക്കെട്ടുണ്ടായി. മട്ടാഞ്ചേരി പനയപ്പള്ളി റോഡിന്റെ തകര്‍ച്ച വാഹനഗതാഗതം പ്രതിസന്ധിയിലാക്കി. മട്ടാഞ്ചേരിയിലെ ചേരി മേഖലയില്‍ കാലപഴക്കം ചെന്ന വീടുകളില്‍ താമസിക്കുന്നവര്‍ രാത്രി ഉറക്കമിഴിച്ചിരുന്നാണ് മറ്റ് കുടുംബാംഗങ്ങളുടെ രക്ഷകരായത്. കൊച്ചി ഹാര്‍ബറില്‍നിന്ന് 100ല്‍ താഴെ ബോട്ടുകളെ മത്സ്യബന്ധനത്തിന് പോയുള്ളു. ശക്തമായ കടല്‍ക്ഷേഭം മൂലം പലബോട്ടുകളും മടങ്ങിപ്പോന്നു.
തൃപ്പൂണിത്തുറ: തോരാതെ പെയുന്ന കനത്തമഴ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയടക്കം സമീപപഞ്ചായത്ത് പ്രദേശങ്ങളെയാകെ വെള്ളക്കെട്ടിലാഴ്ത്തി.
മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലും, ഉദയം പേരൂര്‍ പഞ്ചായത്ത് പ്രദേശത്തും ഏകദേശം 300 ഓളം വീടുകളില്‍ വെള്ളം കെട്ടിയിട്ടുണ്ട്. 200 ഓളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. തീര പ്രദേശങ്ങളെക്കാള്‍ മധ്യ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായുള്ളത്. ഈ ഭാഗങ്ങളിലെ പെയ്ത വെള്ളം ഒഴുകിപോകാന്‍ റോഡുകളും, ഇടവഴികളുമെല്ലാം വെള്ളക്കെട്ടിലാവാന്‍ പ്രധാന കാരണം.
തപ്പൂണിത്തുറ തെക്കും ഭാഗം പുതിയകാവ്, പാവം കുളങ്ങര വടക്കെകോട്ട മഞ്ഞേലിപ്പാടം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് വ്യാപകമാണ്. കണ്ണന് കുളങ്ങര പാവം കുളങ്ങര റോഡ് വെള്ളക്കെട്ട് കാരണം തകര്‍ന്നു. ഉപറോഡുകളും വെള്ളക്കെട്ടിലാണ്. എരൂര്‍ പ്രദേശത്തും റോഡുകള്‍ പലതും വെള്ളക്കെട്ടിലാണ്.
ഉദയം പേരൂര്‍ പഞ്ചായത്തിന്റെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വൈക്കം റോഡിന് പടിഞ്ഞാറുഭാഗം ഏറെയും വെള്ളക്കെട്ടുമൂലം ദുരിതത്തിലാണ്. കാര്‍ഷിക വിളകള്‍ക്ക് വന്‍തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാഴയുള്‍പ്പെടെ പച്ചക്കറി വിളകള്‍ ഒട്ടുമുക്കാലും വെള്ളം കെട്ടി ചീഞ്ഞഴുകി നശിച്ചു.
തോടുകള്‍ പലതും കൈയേറിയതുമൂലം പെയ്ത വെള്ളം ഒഴുകി പോകാന്‍ പറ്റാത്ത അവസ്ഥയാണ്. തോടുകള്‍ മാലിന്യം നിറഞ്ഞും പുല്ല് പടര്‍ന്നും ഒഴുക്ക് നിലച്ചിരിക്കുന്നു.
12 കിലോമീറ്റര്‍ വരുന്ന എംഎല്‍എ റോഡില്‍ നിരവധി ഭാഗങ്ങളില്‍ വെള്ളത്തിനടയിലാണ്. ഒരു ദിവസത്തെ മഴയില്‍തന്നെ റോഡുകള്‍ മുങ്ങുന്ന അവസ്ഥയാണ് അശാസ്ത്രീയമായി പണിത റോഡുകളാണ് പഞ്ചായത്ത് പ്രദേശത്തെങ്ങുമുള്ളത്. ഒറ്റമഴക്ക് തന്നെ ഇവയെല്ലാം തകരുന്നു. പുതിയകാവ്, നടക്കാവ്, കൊച്ചുപള്ളി, പുന്നക്കാവെളിയുടെ പടിഞ്ഞാറുഭാഗം, മുട്ടത്തുവെളി, മഠം സ്റ്റോപ്പ് പ്രദേശം തുടങ്ങിയ ഭാഗങ്ങളിലൊക്കെ വെള്ളക്കെട്ടുണ്ട്.
മഴവെള്ളം ഒഴുകിപോകാന്‍ പറ്റാത്ത വിധം കാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, അനധികൃതമായ പാടം നികത്തലും, കൈയേറ്റങ്ങളുമാണ് ഉദയം പേരൂര്‍ പ്രദേശത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം.
പഞ്ചായത്തു പ്രദേശത്തെ പട്ടികജാതികോളനികളും വെള്ളക്കെട്ടിലാണ്.
മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് എംഎല്‍എ റോഡിലേക്ക് വലിയമാവും, തകരയും കടപുഴകി വീണ് ഞായറാഴ്ച രാത്രിമുതല്‍ ഗതാഗതവും വൈദ്യുതിയും നിലച്ചു. തിങ്കളാഴ്ച ഫയര്‍ ഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. ശനിയാഴ്ച അയൂര്‍വേദ കോളേജിന് മുന്‍വശത്തെ ആല്‍മരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞു വീഴുകയുണ്ടായി.
ഉദയം പേരൂര്‍ പഞ്ചായത്തില്‍ റോഡുകളിലെ വെള്ളക്കെട്ടും, മാലിന്യ നിക്ഷേപവും, കൊതുകുശല്യവും പകര്‍ച്ചവ്യാധിഭീഷണി ഉയര്‍ത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊന്നും ചെയ്യാതെ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ശക്തമായ പരാതിയുണ്ട്.
പെരുമ്പാവൂര്‍: അണക്കെട്ടുകള്‍ തുറന്ന് വിട്ടതിനെതുടര്‍ന്ന് പെരുമ്പാവൂര്‍ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടയിലായി. വേങ്ങൂര്‍, പാണിയേലി, കോടനാട്, വല്ലം, ഒക്കല്‍, ചേലാമറ്റം, കടുവാള്‍, പാലക്ക്താഴം, പാത്തിപ്പാലം, എഴിപ്രം പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്. കോടനാട് ചെട്ടിനടയില്‍ ഒഴുക്കില്‍പ്പെട്ട് വിരുത്തം കണ്ടത്തില്‍ ബാലന് എന്നയാള്‍ മരണമടഞ്ഞു. നീറ് കണക്കിന് വീടുകള്‍ വെള്ളത്തിനടയിലായി. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് പലപ്രദേശങ്ങളിലും വെള്ളം കയറിയത്. വേങ്ങൂര്‍ പഞ്ചായത്തിലെ പാണിയേലി ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസ് വെള്ളം കയറി നശിച്ചു. ഇവിടെ മറ്റമന സുനിലിന്റെ വീട്ടില്‍ കോഴിഫാം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ച പ്രായമായ ആയിരം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഈ പ്രദേശത്തെ നിരവധി ആളുകളുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറി കൃഷി പലതും വെള്ളിത്തിനടയിലായിട്ടുണ്ട്.
പെരുമ്പാവൂര്‍ പാലക്കാട്ട് താഴെ പാലത്തിനടുത്ത് മുസ്ലീം പള്ളി ഭാഗികമായി വെള്ളത്തിലായതിനെ തുടര്‍ന്ന് ഉള്ളില്പ്പെട്ടിരുന്ന പുരോഹിതര്‍ കഴുത്തോളം വെള്ളത്തിലൂടെ നടന്നാണ് പുറത്ത് കടന്നത്. ഇവിടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന ബസ് പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. കടുവാള്‍ കോളനിയിലെ 42 വീടുകളിലും, ഗ്രീന്വാലല്ലാസിലെ എണ്‍പതോളം വീടുകളിലും, അംഗന്‍വാടിയിലും വെള്ളം കയറി. ഓള്‍ഡ് വല്ലം റോഡില്‍ സെഞ്ച്വറി, എം.ജെ.പ്ലൈവുഡ് കമ്പനികളിലും വെള്ളം കയറിയിരുന്നു.
പെരിയാര്‍ നിറഞ്ഞൊഴികിയതിനെ തുടര്‍ന്ന് ഒക്കല്‍ തുരുത്ത് ഒറ്റപ്പെട്ടനിലയിലായി. വല്ലം ഫെറോന പള്ളിയുടെ കപ്പേളയും ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ബലിത്തറകളും വെള്ളത്തിനടിയിലായി. ചേലാമറ്റത്ത് പിതൃതര്‍പ്പണത്തിനായി ക്ഷേത്രവളപ്പില്‍ പ്രത്യേകം ബലിത്തറകള്‍ ഒരുക്കിട്ടുണ്ട്. പെരുമറ്റം ദ്വീപില്‍ നിന്നും ആളുകളെ ഒക്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
പെരുമ്പാവൂര്‍ മേഖലയില്‍ ആറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. വേങ്ങൂര്‍ വില്ലേജില്‍ പാണിയേലി എല്‍പി സ്കൂള്‍, പാണിയേലി അംഗന്‍വാടി, കൂവപ്പടി എല്‍പി സ്കൂള്‍, മുടിക്കല്‍ എല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രാത്രിയില്‍ വെള്ളം കയറിയാല്‍ ദുരിതത്തില്‍ പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് കണ്ടന്തറ എല്‍പി സ്കൂളില്‍ സജീകരണം ഒരുക്കി. മൂവാറ്റുപുഴ ആര്‍ഡിഒ ഷാനവാസ്, തഹസീല്‍ ദാര്‍ എന്‍.വിശ്വംഭരന് തുടങ്ങിയവര്‍ അപകടസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.
കിഴക്കമ്പലം: കിഴക്കമ്പലം- കിഴക്കമ്പലം ചിത്രപ്പുഴ റോഡില്‍ അച്ചപ്പന്‍ കവലക്ക് സമീപം റോഡില്‍ വെള്ളം കയറി യാത്ര തടസ്സം സൃഷ്ടിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ റോഡില്‍ ഒരടിയോളം വെള്ളം കയറിയത് ഇതിനെതുടര്‍ന്ന് ഇരുചക്ര മുച്ചക്രവാഹനങ്ങള്‍ക്ക് കിഴക്കമ്പലത്ത് നിന്ന് കുമാരപുരം ഭാഗത്തേക്ക് പോകുവാന്‍ മാര്‍ഗം ഇല്ലാതായി.
കൊതമംഗലം: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കോതമംഗലം ടൗണ്‍ ഉള്‍പ്പെടെ താലൂക്കിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകയറിതിനെതുടര്ന്ന് വിവിധ വില്ലേജുകളിലായി 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 443 കുടുംബങ്ങളിലെ ആയിരത്തി അഞ്ചുറോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ തൃക്കാരിയൂരില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ 19 കുടുംബങ്ങളിലെ അമ്പതോളം പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കോതമംഗലം തങ്കളം ജവഹര്കോളനിയിലെ 30 ഓളം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കോതമംഗലം പട്ടണത്തിലെ ജവഹര്‍ ജംഗ്ഷന്, പോലീസ് സ്റ്റേഷന് പടി, ധര്‍മ്മഗിരി ആശുപത്രി, തങ്കളം ബൈപാസ് എന്നി വിടങ്ങളില്‍ വെള്ളം കയറിയതുമൂലം കോതമംഗലം പട്ടണം ഏതാണ്ട് ഒറ്റപ്പെട്ടിരിക്കുകയാണ്. വൈദ്യൂതി ബോര്‍ഡിന്റെ ടൗണ്‍ ഫീഡര്‍ ഓഫ് ചെയ്തതുമൂലം ടൗണില്‍ ഭാഗികമായി മാത്രമേ വൈദ്യൂതി വിതരണം നടത്താന്‍ സാധിച്ചിട്ടുള്ളൂ. ടൗണിലെ 30 ഓളം കടകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കോതമംഗലം കുരൂര്‍തോട് കരകവിഞ്ഞതുമൂലമാണ് വെള്ളം കയറിയിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
തൃക്കാരിയൂര്‍ ക്ഷേത്ര ശ്രീകോവിലിന് താഴെവരെ വെള്ളം കയറിയിട്ടുണ്ട് തൃക്കാരിയൂരില്‍ നിരവധിവീടുകളും വ്യാപാരിസ്ഥാപനങ്ങളും വെള്ളത്തിനടയിലാണ്. താലൂക്കിലെ തൃക്കാരിയൂര്‍-2 പിണ്ടിമന-1 കരിമ്പാറ-1 പോത്താനികാട്-4, കുട്ടമംഗലം-6, വാരപ്പെട്ടി-2 എന്നിവില്ലേജുകളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുള്ളതെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. കൂടാതെ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്തണ്ണി, പിണവൂര്‍കുടി എന്നിവിടങ്ങളില്‍ ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ആളപായമില്ല. ഉരുള്‍പൊട്ടലുണ്ടായ ചീയാപ്പാറയിലേക്ക് മൂന്ന് ആംബുലന്‍സുകളും ഭക്ഷണവും അയച്ചിട്ടുണ്ടെന്ന് കോതമംഗലം താലൂക്ക് ഓഫീസ് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയതു മൂലം വന്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 99 ലെ വെള്ളപ്പൊക്കത്തിന് ശേഷം ആദ്യമായാണ് ഇത്രവലിയവെള്ളപ്പൊക്കമുണ്ടായിട്ടുള്ളതെന്ന് പ്രായമുള്ളവര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോതമംഗലം പട്ടണത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കനത്തമഴയെത്തുടര്‍ന്ന് ഡാമുകള്‍ തുറന്ന് വിട്ടതിനാല്‍ പെരിയാറിന്റെ ഇരുകരകളിലും വെള്ളം കയറയതിനാല് 250 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പാതാളം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍, എംഇഎസ് സ്കൂള്‍, മഞ്ഞുമ്മല്‍ കസ്തുര്ബാസ്കൂള്, പാട്ടുപുരയ്ക്കല്‍ ദേവിക്ഷേത്ര ഓഡിറ്റോറിയം, ഇന്ത്യന്‍ ആലൂമനിയം കമ്പനിഹാള്, കുറ്റിക്കാട്ട് കര ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്.
ഏലൂര്‍: ഏലൂരിലെ വിജയട്രേഡ്സിന്റെ ഗോഡൗണില്‍ വെള്ളം കയറി കുരുമുളക്, വറ്റല്‍ മുളക് എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് വെള്ളം കയറിയത്. കോടികളുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: