കാസര്‍കോട്: നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സമാധാന കമ്മറ്റി യോഗം ബഹിഷ്കരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുപകരം രാഷ്ട്രീയ സമ്മര്‍ദ്ദത്തിനുവഴങ്ങി ഭൂരിപക്ഷ സമുദായത്തിലെ നിരപരാധികളെ വേട്ടയാടുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയില്ലാതെ സമാധാനയോഗം നടത്തുന്നത് പ്രഹസനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി പറഞ്ഞു. മുസ്ളിംലീഗിനെ തൃപ്തിപ്പെടുത്താന്‍ ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോകുന്ന പോലീസ് സംവിധാനത്തെ തിരുത്താതെ സമാധാന യോഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബിജെപി നേതാക്കള്‍ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിനെ അറിയിച്ചു. കഴിഞ്ഞ യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പോലീസും ജില്ലാഭരണകൂടവും തയ്യാറാകുന്നില്ല. നിരോധനാജ്ഞ ലംഘിച്ച് പ്രകോപനപരമായ മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തുകയും അക്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇത് മുന്‍ യോഗ തീരുമാനങ്ങളുടെ ലംഘനമാണ്,ഏതാനും ദിവസങ്ങള്‍ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ വ്യാപകമായ അക്രമങ്ങള്‍ക്കിരയായി. എന്നാല്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ഇരയായവരെ പീഡിപ്പിക്കുകയാണ് പോലീസ്. ഫേസ്ബുക്ക് സംഭവത്തിണ്റ്റെ പേരില്‍ ആസൂത്രിതമായ അക്രമമാണ് പലയിടങ്ങളിലും നടന്നത്. കുമ്പളയില്‍ ക്ഷേത്രത്തിനുനേരെ കല്ലേറുണ്ടായി. കാഞ്ഞങ്ങാട് പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തു. ഒരാളെപ്പോലും ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടന്നിട്ടും അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന നിസാര വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. വാക്കുതര്‍ക്കത്തിനിടെ സാബിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരപരാധികളെ വേട്ടയാടുകയാണ് പോലീസ്. രാത്രിയില്‍ വീട്ടില്‍ കയറിയും ഫോണ്‍വിളിച്ചും പോലീസ് ഭീഷണിപ്പെടുത്തുന്നു. പ്രകോപനപരമായി പോസ്റ്റര്‍ പതിക്കുന്നതും ഫേസ്ബുക്കിലെ പോസ്റ്റുകളും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല. അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ വെള്ളപൂശാനുള്ള യോഗമായി സമാധാനയോഗം മാറി. കാസര്‍കോടിണ്റ്റെ സമാധാനത്തിന് നിഷ്പക്ഷമായ നടപടികളാണ് ആവശ്യമെന്നും ഒരു വിഭാഗത്തോട് കാണിക്കുന്ന വിവേചനം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമെന്നും ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: