കൊച്ചി: നൂറ്റാണ്ടുകളുടെ പൈതൃകമുറങ്ങുന്ന എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് അവഗണനയിലും വികസനത്തിന്റെ ചൂളംവിളിക്കായി കാതോര്‍ക്കുന്നു. ഒരു കാലഘട്ടത്തില്‍ രാജകീയ പ്രൗഢിയോടെ തല ഉയര്‍ത്തി നിന്ന ഈ റെയില്‍വേ സ്റ്റേഷന് ഇന്ന് കാട് കയറി കെട്ടിടങ്ങള്‍ തകര്‍ന്നും കിടക്കുന്നത് ഏവരിലും വേദന ഉളവാക്കുന്നതാണ്. ഒരു നുള്ള് മണ്ണിന് കോടികളുടെ വിലമതിക്കുന്ന നഗരമധ്യത്തില്‍ 39 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലമാണ് കാട് പിടിച്ച് അന്യമായി പോകുന്നത്.
എറണാകുളത്തിന്റെ റെയില്‍വേ ചരിത്രമാണ് ഈ പഴയ റെയില്‍വേ സ്റ്റേഷന്. കൊച്ചിയിലേക്ക് ആദ്യമായി ഒരു തീവണ്ടി ചൂളം വിളിച്ചെത്തിയതും ഇവിടെയാണ്. ഒരു നൂറ്റാണ്ടിനുമപ്പുറം വൈദ്യുതി പോലും എത്താതിരുന്ന കാലഘട്ടത്തില്‍ 1902 ജൂലായ് 16 ന് ഈ സ്റ്റേഷനില്‍ ആദ്യമായി തീവണ്ടിയെത്തി. കൊച്ചി മഹാരാജാവ് രാമവര്‍മ ബ്രിട്ടീഷ് ഭരണത്തിന് മുന്നില്‍ തലകുനിക്കാതെ സ്വന്തം ചെലവിലാണ് ഈ റെയില്‍വേ സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കിയത്.
ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള റെയില്‍ വികസനം ബ്രിട്ടീഷ് അധികാരികള്‍ എതിര്‍ത്തപ്പോള്‍ സ്ഥലവും സ്വര്‍ണനെറ്റിപ്പട്ടങ്ങളും പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളും വിറ്റാണ് റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം കൊച്ചി മഹാരാജാവ് പൂര്‍ത്തിയാക്കിയതെന്നാണ് ചരിത്രം. ഒട്ടേറെ ചരിത്ര പുരുഷന്മാര് ഈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയിട്ടുണ്ട്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി കേരളത്തിലേക്ക് എത്തിയത് ഈ സ്റ്റേഷനിലൂടെയാണ്. രബീന്ദ്രനാഥ ടാഗോര്‍ മുതല്‍ ഇന്ദിരാഗാന്ധി വരെ ഒട്ടേറെ മഹാരഥന്മാരുടെ പാദസ്പര്‍ശം ഇവിടെ പതിഞ്ഞിട്ടുണ്ട്. കൊച്ചിയുടെ മുഖച്ഛായ മാറ്റിയ റോബര്‍ട്ട് ബ്രിസ്റ്റോ, ഇര്വിന് പ്രഭു തുടങ്ങിയവരും 1920 ല്‍ ഇവിടെയാണ് വണ്ടിയിറങ്ങിയത്.
ചെങ്കല്ലില്‍ തീര്‍ത്ത ഈ സ്റ്റേഷന് സമുച്ചയം ഒരു അപൂര്‍വ അത്ഭുത കാഴ്ച തന്നെയായിരുന്നു. ഈ സ്റ്റേഷന് സമുച്ചയത്തില്‍ രാജകുടുംബത്തിന്റെ വിശ്രമ കേന്ദ്രം, ട്രാക്ക് എന്ജിനുള്ളില് വെള്ളം നിറക്കുന്ന അപൂര്‍വതകള്‍ നിറഞ്ഞ സംവിധാനം, പെട്രോമാക്സ് വിളക്കുകള്‍ തുടങ്ങി നിരവധി കൗതുക കാഴ്ചകള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നിതെല്ലാം കാട് കയറി തകര്‍ന്ന് കിടക്കുകയാണ്. 1929 ല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്റെ വരവോടെയാണ് ഈ റെയില്‍വേ സ്റ്റേഷന്റെ ശനിദശ ആരംഭിക്കുന്നത്. 60 കള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വന്നിരുന്നെങ്കിലും പിന്നീടതും നിലച്ചു. 2001 വരെ ഈ ടെര്‍മിനസ് സ്റ്റേഷന്-റെയില്‍വേ ഗുഡ്സ് ഷെഡ് മാത്രമായി ഉപയോഗിച്ചു. (ഇആര്‍ജിഎസ്) എന്നായി ഔദ്യോഗിക പേര്. പിന്നീട് ഉപയോഗശൂന്യമായി. ഇന്ന് നഗരമധ്യത്തിലെ ചെറുവനമായി മാറി ഇവിടം.
ഗതകാല സ്മരണകള്‍ നിലനില്‍ക്കുന്ന ഈ സ്റ്റേഷന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്ന മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. 1999 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ സ്റ്റേഷന്റെ നവീകരണത്തിന് പച്ചക്കൊടി കാട്ടിയെങ്കിലും പാളങ്ങളില്‍ വൈദ്യുതീകരണം നടപ്പാക്കാത്തത് മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു.
ഇടക്കാലത്ത് ഇവിടെ റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പിടിപ്പ് കേടിനെ തുടര്‍ന്ന് നശിച്ചു. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനെ സബര്‍ബര്‍ ഹബ് ആയി ഉയര്‍ത്തണമെന്ന ആശയത്തിനും ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷിതപ്രദേശമായ ഈ സ്ഥലത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ്, പാരാ മെഡിക്കല്‍ കോളേജ്, സതേണ്‍ റെയില്‍വേ മെയ്ന്റനന്‍സ് ഹബ് തുടങ്ങി വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല. 2008 ലെ റെയില്‍വേ ബജറ്റിലായിരുന്നു ഇവയെല്ലാം പ്രഖ്യാപിച്ചിരുന്നത്. പൈതൃകം നിലനിര്‍ത്തിക്കൊണ്ട് വികസിപ്പിച്ച് ദീര്‍ഘദൂരം തീവണ്ടികള്‍ ആരംഭിക്കുമെന്നും തീരുമാനമുണ്ടായെങ്കിലും അതും നടപ്പായില്ല. സബര്‍ബന്‍ സ്റ്റേഷന്, മെമു സര്‍വീസ് ആശയങ്ങളും സാങ്കേതിക പ്രശ്നങ്ങളുടെ മറയില്‍ മുങ്ങി.
പഴയ റെയില്‍വേ സ്റ്റേഷന്റെ വികസനം സംബന്ധിച്ച പദ്ധതി തത്വത്തില്‍ റെയില്‍വേ അംഗീകരിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ആയിട്ടില്ല. ഇആര്‍ജി പുനരുദ്ധരിച്ച് പുതിയ ടെര്‍മിനലായി വികസിപ്പിച്ചെടുത്താല്‍ വന്‍ സാധ്യതകളാണ് ഉണ്ടാവുന്നത്. നിര്‍ദ്ദിഷ്ട ടെര്‍മിനലില്‍ സ്റ്റേഷന് കെട്ടിടങ്ങള്‍, സിഗ്നലിംഗ് സംവിധാനം, പുതിയ ട്രാക്കുകള്‍ വൈദ്യുതീകരണം ഉള്‍പ്പെടെ 300 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പുതിയ ടെര്‍മിനല്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ 60 പുതിയ സര്‍വീസുകള്‍ ഓടിക്കാനാവുമെന്നാണ് റെയില്‍വേ പറയുന്നത്. തിരുവനന്തപുരം ഡിവിഷണല്‍ അധികൃതര്‍ സമര്‍പ്പിച്ചിട്ടുള്ള വിശദമായ പദ്ധതി രേഖയിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്നതും യാത്ര അവസാനിക്കുന്നതുമായ 17 ദീര്‍ഘ ദൂര സര്‍വീസുകളാകും ആദ്യഘട്ടത്തില്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റുക. സൗത്ത് റെയില്‍വേസ്റ്റേഷനിലെ തിരക്ക് ഒഴിയുന്നതോടെ ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ഭാഗങ്ങളിലേക്ക് കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കാനാകും. പുതിയ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ജംഗ്ഷന് സ്റ്റേഷനിലെ ഗതാഗത തിരക്ക് മൂലം പ്ലാറ്റ് ഫോം കിട്ടാതെ ട്രെയിനുകള്‍ എറണാകുളം ടൗണിലും കുമ്പളത്തുമൊക്കെ പിടിച്ചിടുന്ന പ്രശ്നത്തിന് പരിഹാരമാകും. ട്രെയിനുകളുടെ വരവിനും പോക്കിനുമായി എട്ട് പ്ലാറ്റ്ഫോമുകള്, അറ്റകുറ്റപ്പണിക്കും പരിശോധനക്കുമുള്ള മൂന്ന് പിറ്റ്ലൈന്, യാത്ര അവസാനിപ്പിച്ച ട്രെയിനുകളുടെ പാര്‍ക്കിങ്ങിനായി അഞ്ച് സ്റ്റേബിങ് ലൈനുകള്‍, കോച്ചുകളുടെ പരിപാലനത്തിനുള്ള സംയോജിത കോച്ചിങ് ഡിപ്പോ എന്നിവയാണ് എറണാകുളം ഗുഡ്സ് സ്റ്റേഷന് പരിസരത്തെ നിര്‍ദ്ദിഷ്ട ടെര്‍മിനലിന്റെ രൂപരേഖയിലുള്ളത്. നിലവില്‍ സ്ഥലമുണ്ടെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം.
സംസ്ഥാന സര്‍ക്കാരും എംപിമാരും എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകും. ഇതിനുള്ള ഇച്ഛാശക്തി സംസ്ഥാന ഭരണ നേതൃത്വം പ്രകടിപ്പിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഇല്ലെങ്കില്‍ പതിവ് പ്രഖ്യാപനങ്ങളില്‍ തന്നെ ഒതുങ്ങും ഈ പദ്ധതിയും. ഫലത്തില്‍ പഴയ റെയില്‍വേ സ്റ്റേഷന് പഴയ തകര്‍ന്നടിഞ്ഞ റെയില്‍വെ സ്റ്റേഷന് തന്നെയായി അവശേഷിക്കും.
ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് വികസനത്തിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം. റെയില്‍വേ വികസനം സംബന്ധിച്ച പതിവ് പ്രഖ്യാപനമായി ഇതും മാറുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: