പെരുമ്പാവൂര്‍: കാലവര്‍ഷം വീണ്ടും ശക്തമായതോടെ എറണാകുളം ജില്ലയിലെ പ്രധാന നദിയായ പെരിയാറില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്. നോക്കിനില്‍ക്കെയാണ് നദിയില്‍ ജലനിരപ്പുയരുന്നതെന്ന് സമീപ വാസികള്‍ പറയുന്നു. ഇരു കരകളിലും താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ് കഴിഞ്ഞ നാല് ദിവസമായി ഇവിടെ ജലനിരപ്പ് താഴുന്നേയില്ല. കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയധികം ജലം ഉയരുന്നത്.
കര്‍ക്കിടകത്തിലെ കറുത്തവാവ് അടുത്തതോടെ മഴ വീണ്ടും ശക്തമാവുകയാണ്. കിഴക്കന്‍ മേഖലയില്‍ മഴകനത്തതാണ് നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ചേലാമറ്റം, ആലുവ, തുടങ്ങിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വെളുപ്പിന് മുതല്ക്കേ പിതൃതര്‍പ്പണം തുടങ്ങുമെന്നതിനാല്‍ വെള്ളമിറങ്ങമോ എന്ന ആശങ്കയിലാണ് ഭക്തജനങ്ങള്‍. എന്നാല്‍ ഇതിന് ബദല്‍ സംവിധാനം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
ഇപ്പോള്‍ ഭൂതത്താന്‍ കെട്ടില്‍ നിന്നുമാത്രമാണ് പെരിയാറിലേക്ക് ജലം ഒഴുകുന്നത്. എന്നാല്‍ ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് തൊണ്ണൂറ് ശതമാനത്തിലും അധികമായിരിക്കുകയാണ്. ഏതുസമയവും ഡാം തുറന്ന് വിടാന്‍ സാധ്യതയുള്ളതായി വൈദ്യുതി ബോര്‍ഡ് അരിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തീരവാസികളുടെ പരിഭ്രാന്തിയകറ്റാന്‍ അധികൃതര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ഇതിനുപുറമെ മിക്ക ചെറിയ അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. ഇപ്പോള്‍തന്നെ ഉയര്‍ന്ന ജലനിരപ്പുള്ള പെരിയാറില്‍ ഇടമലയാര്‍ ഡാം തുറന്ന് വിട്ടാല്‍ ജലത്തിന്റെ അളവ് ക്രമാതീതമായി ഉയരും. അങ്ങിനെ വന്നാല്‍ ഇരുകരകളിലും നദികവിഞ്ഞൊഴികി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. രാത്രിയില്‍ ജലനിരപ്പുയര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഇരുകരയിലുമുള്ളവര്‍.
ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാവുബലിക്കുള്ള തറകളെല്ലാം ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. എന്നാല്‍ ഇന്നും നാളെയും ഭൂതത്താന്‍ കെട്ട് അണക്കെട്ടിലെ ചില ഷട്ടറുകള്‍ അടയ്ക്കുമെന്നാണ് ആര്‍ഡിഒയുടെ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചതെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ ക്ഷേത്രമൈതാനത്ത് പിതൃതര്‍പ്പണത്തിനുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: