വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്ക കനത്ത ജാഗ്രതയില്‍. പ്രധാന വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും യുഎസ് അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ലോകത്തെ വിവിധ ഭാഗങ്ങളിലെ 22 അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങളും താത്കാലികമായി അടച്ചുപൂട്ടി.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട് തന്നെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പത്താംവാര്‍ഷികം അടുത്തുവരവെ അല്‍ഖ്വയ്ദ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്തുമെന്നാണ് അമേരിക്കയുടെ നിഗമനം. ജനങ്ങള്‍ ഏറെയെത്തുന്ന ഇടങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുമാവും ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതേത്തുടര്‍ന്ന് സ്വന്തം പൗരന് മാര്‍ക്ക് അമേരിക്ക ആഗോള യാത്രാമുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, എതു തരത്തിലെ ആക്രമണങ്ങള്ക്കാവും ഭീകരര്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ, ബ്രിട്ടനും പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി. യെമനിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ദേശിച്ചു. യെമനിലുള്ളവരോട് രാജ്യത്തേക്ക് മടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സനയിലെ ബ്രിട്ടീഷ് എംബസി തത്കാലത്തേക്ക് അടച്ചു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും എംബസികള്‍ പൂട്ടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: