ടെഹ്റാന്: ഹസന് റൂഹാനി ഇറാന്റെ ഏഴാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ പരിഷ്ക്കരണവാദിയായ റൂഹാനിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങിനെത്തിയത്. ഇറാന്റെ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ അംഗീകാരപ്രഖ്യാപനത്തെത്തുടര്ന്നായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം ടെഹ്റാനിലെത്തി റൂഹാനി ഖമേനിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ജറുസലേമില്‍ പലസ്തീനികള്‍ക്കുള്ള അധികാരത്തെക്കുറിച്ച് ഖമോ നി റൂഹാനിയുമായി ചര്‍ച്ച നടത്തി. അടിച്ചമര്‍ത്തലിനും അരാജകത്തത്തിനുമെതിരെ പോരാടണണമെന്ന് അദ്ദേഹം റൂഹാനിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ നേടിയാണ് ഹസന് റൂഹാനി ഇറാന്റെ പ്രസിഡന്റ് പദവിയിലെത്തി യത്. ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിശിത വിമര്‍ശനത്തിന് പാത്രമായ ഇറാന്റെ നയതന്ത്രബന്ധങ്ങള്‍ നന്നാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഹസന് റൂഹാനി എന്ന 64കാരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ആണവപരീക്ഷണങ്ങളുടെ പേരിലുള്ള ഉപരോധങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും റുഹാനി വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദി നെജാദിന്റെ പിന്‍ഗാമിയായി എത്തിയ മുസ്ലീം ലോകത്തിന് ഇസ്രായേല്‍ ഒരു മുറിവാണെന്നും അത് നീക്കം ചെയ്യണമെന്നും അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇത് വിവാദമായതോടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷനുകള്‍ പ്രസ്താവന നിഷേധിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുമെന്ന് റൂഹാനി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 2002 ല്‍ റൂഹാനി ഇന്ത്യ സന്ദര്‍ശിച്ചിട്ടുമുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതന്റെ ഭാഗമായാണ് ഉപരാഷ്ട്രപതി പ്രത്യേക വിമാനത്തില്‍ ഇറാന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മുമ്പ് ഇറാനിലെ ഇന്ത്യന്‍ അംബാസിഡറായും ഹമീദ് അന്‍സാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായി തുടങ്ങിയവരും റൂഹാനിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: