വാഷിങ്ങ്ടണ്‍: സായുധ കലാപം തടയുന്നതിനുള്ള വിദ്യകള്‍ ഇന്ത്യയില്‍ നിന്നു പഠിക്കാന്‍ യുഎസ് സൈന്യം ഒരുങ്ങുന്നു.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കുന്നതില്‍ ഇന്ത്യന്‍ സേന കാട്ടിയ മികവാണ് അമേരിക്കയെ ആകര്‍ഷിച്ചത്. മോശം പരിതസ്ഥിതികളിലും മലനിരകള്‍ പോലുള്ള കഠിന ഭൂപ്രദേശങ്ങളിലും ദൗത്യം വിജയകരമാക്കുന്നതിനുള്ള തന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ ഇതിലൂടെ അവര്‍ ഉന്നമിടുന്നു. ലക്ഷ്യസാധ്യത്തിനായി, സംയുക്ത സൈനിക പരിശീലനമെന്ന നിര്‍ദേശം അമേരിക്കന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റേ ഓഡിയെര്നൊ മുന്നില്‍വച്ചു.
മലനിരകളില്‍ ഇന്ത്യന്‍ സേനയ്ക്കൊപ്പം പരിശീലിക്കാന്‍ താത്പര്യമുണ്ട്. കലാപം തടയുന്നതില്‍ നമ്മുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും തയാര്‍, ഇന്ത്യയിലെ ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഓഡിയെര്നൊ പറഞ്ഞു.
ജമ്മുകാശ്മീരില്‍ സംയുക്ത സൈനിക അഭ്യാസം നടത്താന്‍ ഉദ്ദേശ്യമുണ്ടോയെന്ന ചോദ്യത്തിന് അതിനുവേണ്ടി ശ്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 58 കാരനായ ഓഡിയര്നൊ കഴിഞ്ഞമാസം ഇന്ത്യയില്‍ എത്തിയിരുന്നു.
കരസേന മേധാവി ബിക്രം സിങ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കലാപ വിരുദ്ധ നടപടികളില്‍ ഇന്ത്യന്‍ സേന നേടിയ വിജയങ്ങളെക്കുറിച്ച് മനസിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: