ഋതുക്കളില്‍ വര്‍ഷം മാത്രമാണ് കേരളത്തില്‍ സംഹാരസ്വഭാവം പ്രകടിപ്പിയ്ക്കുന്നത്. ഉത്തരേന്ത്യയെ അപേക്ഷിച്ചു നോക്കുമ്പോള്‍ മഞ്ഞിന്റെ സുഖമുള്ള കുളിരല്ലാതെ അതിന്റെ അസഹനീയമായ, വിനാശകരമായ ഭീകരസൗന്ദര്യം ആസ്വദിയ്ക്കാനുള്ള ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കേരളത്തിനുണ്ടായിട്ടില്ല. വേനലെന്നത് നമുക്ക് ഉല്സവാഘോഷങ്ങളാല് സമ്പന്നമായ അവധിക്കാലങ്ങളാണ്. അതിന്റെ നുള്ളിനോവിക്കല്‍ കുറച്ചു നന്നായി അലട്ടുന്നത് പാലക്കാട്ടുകാരെ മാത്രമാണ്. ചുരുക്കത്തില്‍ മഴക്കാലമൊഴികെയുള്ള കാലങ്ങളെല്ലാം നമുക്ക് ഏറെക്കുറെ വസന്തം തന്നെയാണ്.
അതില്‍ത്തന്നെ തുലാമാസത്തില്‍ പെയ്യുന്നത് ഉത്സവ സന്ധ്യകളിലെ വെടിക്കെട്ടുപോലെ ഇടിയും വെളിച്ചവുമായി ആഘോഷത്തോടെ വന്നെത്തുന്ന ഒരു ആശ്വാസമഴയാണ്. കഷ്ടകാലം വരുമ്പോള്‍ എല്ലാംകൂടി എന്നു പറയുന്നതുപോലെ അതുവരെയുള്ള നല്ലകാലത്തിന്റെ കൊതിക്കണ്ണു തീര്‍ക്കാന്‍ ഇടവപ്പാതിയില്‍ത്തന്നെ മുന്നറിയിപ്പുതന്നുകൊണ്ട് കര്‍ക്കിടകത്തില്‍ കാലവര്‍ഷം കലിതുള്ളിവരുന്നു. കേരളീയരുടെ ആരോഗ്യം നെഞ്ചിടിപ്പോടെ പരീക്ഷാഹാളില്‍ കയറുന്ന കാലമാണിത്. എക്സ്പ്രസ് ഹൈവേയിലെ ഈ ഒരേഒരു കൊടുംവളവുമായി പൊരുത്തപ്പെടാനാകാതെ നമ്മുടെ ആരോഗ്യവണ്ടി തലകുത്തിമറിയുന്നു.
മഴക്കാലത്ത് രോഗങ്ങള്‍ പെരുകുന്നതിനുകാരണം കൊതുകാണോ? എലിയാണോ? കൊതുകുവഴി പരക്കുന്ന രോഗങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളൂ: ഡെങ്കി, ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്. എലിയായിട്ടും അതുപോലെ രണ്ടോ മൂന്നോ മാത്രം; വീല്‍സ്, സൊഡോക്കു, പ്ലേഗ്. ഇവയെ തടയാന്‍ തീര്‍ച്ചയായും കൊതുകിനെയും എലിയെയും നിയന്ത്രിയ്ക്കണം. പക്ഷേ വായുവിനെ നിയന്ത്രിയ്ക്കാനാകുമോ? ഭൂരിപക്ഷം മഴക്കാലരോഗങ്ങളും പകരുന്നത് വായുവഴി നേരിട്ടാണ്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറേയൊക്കെ അതു തിളപ്പിച്ചും അരിച്ചും ഉപയോഗിയ്ക്കുന്നതിലൂടെ നിയന്ത്രിയ്ക്കാം. പക്ഷേ കൊതുകിനെയും മറ്റും നശിപ്പിയ്ക്കാന്‍ ഉപയോഗിക്കുന്ന, അരിച്ചാലും തിളച്ചാലും പോകാത്ത കീടനാശിനികളും രാസവിഷങ്ങളും കുടിവെള്ളത്തിലും ഭക്ഷണത്തിലും കലര്‍ന്നുണ്ടാകുന്ന രോഗങ്ങളെ എങ്ങനെ നിയന്ത്രിയ്ക്കും? ഇങ്ങനെ പരിസരത്തെയും ആഹാരത്തെയും കൂടുതല്‍ ദുഷിപ്പിച്ചു കൊണ്ടാണോ രോഗവാഹകരായ ജീവികളെ നിയന്ത്രിക്കേണ്ടത്? ഈ പ്രയോഗങ്ങളാല്‍ ഇവയെ നിയന്ത്രിക്കാനാകുന്നുണ്ടോ? കീടനാശിനി ഉല്‍പ്പാദകര്‍ക്കും അവരുടെ കമ്മീഷന് പറ്റുന്ന ഏജന്‍സികള്‍ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും ഈ പരിപാടികൊണ്ട് വല്ല പ്രയോജനവുമുണ്ടാകുന്നുണ്ടോ? ഇവയ്ക്കെല്ലാം ഇല്ല എന്നുതന്നെയാകും ഭൂരിപക്ഷത്തിന്റെയും മറുപടി. എന്താണ് ചെയ്യേണ്ടതെന്നും എല്ലാവര്‍ക്കുമറിയാം., പക്ഷേ തത്ത്വം പറഞ്ഞാല്‍ പോരാ; പരിസരശുദ്ധീകരണശീലമെന്ന മാനസികഭാവം വളര്ത്തിയെടുക്കുകയാണുവേണ്ടത്. അതിന് ദാരിദ്ര്യം, നിരക്ഷരത എന്നീ ഒഴിവുകഴിവുകള്‍ പറയുന്നത് പരിഹാസ്യവും കുറ്റകരവുമായ സംസ്ക്കാരഹീനതയാണ്. ഇതോടൊപ്പം മടിയും സാമൂഹ്യബോധത്തിന്റെ അഭാവവും ഭരണകൂടത്തിന്റെ അനാസ്ഥയും ചേരുമ്പോള്‍ രോഗപ്പകര്‍ച്ചയുടെ ബാഹ്യകാരണങ്ങള്‍ ഏതാണ്ടു പൂര്‍ണ്ണമാകുന്നു.
ഇനി മഴക്കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിനുള്ള ആന്തരിക കാരണങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും ചിന്തിയ്ക്കാം.
ദിനരാത്രഭേദമില്ലാതെ മഴപെയ്യുമ്പോള്‍ തണുപ്പുമൂലം ദാഹം കുറയുന്നു ; ജലപാനം കുറയുന്നു; ആഹാരം ദഹിയ്ക്കുന്നതിനും പോഷകാംശങ്ങള്‍ ശരീരം മുഴുവനും വ്യാപിക്കുന്നതിനും ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്ത്തനങ്ങളില്നിന്നുണ്ടാകുന്ന മാലിന്യങ്ങളെ വിസര്ജ്ജിക്കുന്നതിനുമെല്ലാം വെള്ളം അത്യാവശ്യമാണ്. ജലപാനം കുറയുന്നത് ശരീരപോഷണത്തിനും ശുദ്ധീകരണത്തിനും ഒരുപോലെ തടസ്സമാകും. പോഷണത്തിന്റെ അഭാവവും മാലിന്യങ്ങളുടെ വര്‍ദ്ധനവും മൂലമുണ്ടാകുന്ന ശരീരത്തിന്റെ ആന്തരിക അസന്തുലിതാവസ്ഥയാണ് എല്ലാരോഗങ്ങള്‍ക്കും കാരണമായി ആയുര്‍വേദത്തില്‍ പറയുന്നത്. ആന്തരികമായി ദുര്‍ബലവും മലിനവുമായ അവസ്ഥ നേരിട്ടുതന്നെ രോഗകാരണമാകുന്നതുകൂടാതെ രോഗാണുക്കള്‍ക്ക് ശരീരത്തില്‍ അധിവസിക്കുന്നതിനും പെരുകുന്നതിനുമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ ഉണര്‍ന്നയുടനെ ധാരാളം ശുദ്ധജലം കുടിയ്ക്കുന്നത് എല്ലാകാലത്തും നല്ലതാണെങ്കിലും മഴക്കാലത്ത് ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചെറുചൂടുള്ള വെള്ളമാണ് നല്ലത്. തലേന്നു തിളപ്പിച്ചവെള്ളം നന്നല്ല. രാത്രി അധികം വെള്ളം കുടിയ്ക്കുന്നതും നന്നല്ല.
തണുപ്പുമൂലം ദാഹം കുറയുമെങ്കിലും വിശപ്പിന്റെ രീതി വിപരീതമാണ്. ഈ സമയത്ത് തണുപ്പിനെ ചെറുക്കുന്നതിനായി ശരീരം കൂടുതല്‍ ചൂട് ഉല്‍പ്പാദിപ്പിയ്ക്കുന്നു. അതിനുള്ള ഊര്‍ജ്ജത്തിനായി ഭക്ഷണം കൂടുതല്‍ ആവശ്യമുള്ളതിനാല്‍ വിശപ്പ് വര്‍ദ്ധിയ്ക്കുന്നു; ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നു. അത് രണ്ടുതരത്തില്‍ രോഗകാരണമാകും (1) വിശപ്പു കൂടുന്നതിനനുസരിച്ച് ദഹനശേഷി കൂടണമെന്നില്ല. ദഹനശേഷിയ്ക്കനുസരിച്ചല്ലാത്ത അമിതഭക്ഷണം മൂലം ദഹനക്കേടുണ്ടാകുന്നു. ശരിയായി ദഹിയ്ക്കാത്ത ഭക്ഷണം വയറ്റില്‍ കിടന്നു ദുഷിയ്ക്കുന്നു. ദുഷിച്ചമലത്തില് നിന്നുണ്ടാകുന്ന വിഷദ്രവ്യങ്ങള്‍ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെട്ട് ശരീരത്തില്‍ വ്യാപിയ്ക്കുന്നു. അങ്ങനെ മലിനമായ ശരീരത്തില്‍ പലവിധരോഗങ്ങളുണ്ടാകുന്നു. ഇതിനുപരിഹാരം മിതമായ അളവില്‍ പെട്ടെന്നുദഹിയ്ക്കുന്ന ആഹാരങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക എന്നതാണ്. അധികം എണ്ണചേര്ന്നതും വറുത്തതും തണുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കണം. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണ്ണമായി ദഹിച്ചശേഷം മാത്രമേ വീണ്ടും ആഹാരം കഴിയ്ക്കാവൂ. (2) മഴക്കാലത്ത് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ക്ഷാമമുണ്ടാവുകയും വിലവര്‍ദ്ധിക്കുകയും ചെയ്യും. അപ്പോള്‍ ധാന്യാഹാരങ്ങളും പഞ്ചസാര, പലവിധ എണ്ണകള്‍ , മൈദ എന്നിവയടങ്ങിയ ആഹാരങ്ങളും കേടുകൂടാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന അച്ചാറുകള്‍, ഉപ്പിലിട്ടത് എന്നിവയും കൂടുതലായി ഉപയോഗിയ്ക്കപ്പെടും. മുന്പറഞ്ഞവ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാവുന്നവയായതിനാല് കൃഷിനാശമുണ്ടാവുകയും കൃഷി അസാദ്ധ്യമാവുകയും ചെയ്യുന്ന പെരുമഴക്കാലത്തും സാധാരണ വിലയ്ക്കുതന്നെ ഇവ ലഭ്യമാകും. മനുഷ്യനെ സംബന്ധിച്ചിടത്തോളം മറ്റേത് ആഹാരങ്ങളെക്കാളും പോഷണവും രോഗപ്രതിരോധവും ലഭിയ്ക്കുന്നത് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നാണ്. അവയുടെ ഉപയോഗം കുറയുകയും മേല്‍പ്പറഞ്ഞ വിലയും ഗുണവും കുറഞ്ഞവയും പലവിധ രോഗങ്ങളുണ്ടാക്കുന്നവയുമായ ഭക്ഷണത്തിന്റെ ഉപയോഗം കൂടുകയും ചെയ്യുന്നു. ഇതുമൂലം മഴക്കാലരോഗങ്ങള്‍ മാത്രമല്ല ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, കരള്‍രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിങ്ങനെയുള്ള ജീവിതശൈലീജന്യരോഗങ്ങളും അവയാലുള്ള മരണങ്ങളും വര്‍ദ്ധിയ്ക്കുന്നു. പഴങ്ങളുടെ ക്ഷാമത്തിനു പരിഹാരം അവ സമൃദ്ധമായി ലഭിയ്ക്കുന്ന കാലങ്ങളില്‍ ഉണക്കി സൂക്ഷിയ്ക്കുക എന്നതാണ്. ഉണക്കുന്നതുകൊണ്ട് പഴങ്ങള്ക്ക്് ഗുണം കുറയുന്നില്ലെന്നു മാത്രമല്ല അവയാണ് കൂടുതല്‍ സുരക്ഷിതവും. ആയുര്‍വേദത്തില്‍ ഔഷധാവശ്യങ്ങള്‍ക്കായി ഉണക്കമുന്തിരിപോലെയുള്ള ഉണങ്ങിയ പഴങ്ങളാണ് ഉപയോഗിയ്ക്കാറുള്ളത്. പണ്ട് വേനല്‍ക്കാലങ്ങളില്‍ പഴുത്തമാങ്ങയുടെ ചാറ് പനമ്പില്‍ വെയിലത്തു വച്ചുണക്കി ?മാങ്ങാത്തിര? ഉണ്ടാക്കുന്നത് ഒരു പതിവുകാഴ്ചയായിരുന്നു. ഏതുപഴവും ഇങ്ങനെ ഉണക്കി സൂക്ഷിയ്ക്കാം. പക്ഷേ ഇന്നത് സ്ക്വാഷ്, ജാം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരങ്ങളായ ഉല്‍പ്പന്നങ്ങളാക്കിയാണ് ലഭിയ്ക്കുന്നത്. പച്ചക്കറികള്‍ ഉണക്കി സൂക്ഷിയ്ക്കാനാകില്ല. അരുതെന്നു തന്നെയാണ് ആയുര്‍വേദവും പറയുന്നത്. രോഗങ്ങളെ ചെറുക്കുന്നതിനുള്ള ഔഷധാംശങ്ങള്‍ ഏറ്റവും കൂടുതലുള്ളത് പച്ചക്കറികളിലാണ്. ഇവയുടെ ക്ഷാമത്തിനു പരിഹാരമായും വര്ദ്ധിതമായിരിക്കുന്ന രോഗസാധ്യതകള്‍ക്ക് പ്രതിരോധമായുമാണ് ഔഷധക്കഞ്ഞി നിര്‍ദ്ദേശിയ്ക്കുന്നത്. കര്‍ക്കിടകത്തില്‍ ധാരാളമായി ലഭിയ്ക്കുന്ന ദശപുഷ്പം മുതലായ പച്ചമരുന്നുകളും ആശാളി, ഉലുവ, ജീരകം, അയമോദകം, ചുക്ക്, കുരുമുളക്, എള്ള്, ചെറുപയറ്, ഉണക്കലരി, തേങ്ങാപ്പീര, ഉണക്കമുന്തിരി, ഇന്തുപ്പ് എന്നിവയും ചേര്‍ത്തു തയ്യാറാക്കുന്ന ഔഷധക്കഞ്ഞി നിത്യവും സേവിയ്ക്കുകയാണെങ്കില് മറ്റു പച്ചക്കറികളും പഴങ്ങളും പയറുവര്ഗ്ഗങ്ങളുമൊന്നും കഴിച്ചില്ലെങ്കിലും- മറ്റൊരാഹാരവും കഴിച്ചില്ലെങ്കിലും -വിശപ്പടക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷിയും ശരീരബലവും വര്‍ദ്ധിപ്പിയ്ക്കാം. കഞ്ഞിയായി കഴിയ്ക്കുന്നതുകൊണ്ട് ആവശ്യത്തിന് ജലാംശം കിട്ടുന്നു എന്ന മെച്ചവുമുണ്ട്.
തണുപ്പുകൂടുമ്പോള്‍ വിയര്പ്പുകുറയുന്നതും രോഗങ്ങള്‍ വര്ദ്ധിയ്ക്കാനിടയാക്കും. ശരീരത്തില്‍ അളവില്‍ക്കവിഞ്ഞ നിലയിലുള്ള ഉപ്പും അതോടൊപ്പം മറ്റുമാലിന്യങ്ങളും വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നുണ്ട്. ഉപ്പിന്റെ അംശം ശരീരത്തില്‍ അധികരിക്കുന്നതായാല് മുടികൊഴിച്ചില്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെയുള്ള പലപ്രശ്നങ്ങളും വര്‍ദ്ധിയ്ക്കും. ആഹാരവും വെള്ളവും ചൂടോടെ ഉപയോഗിയ്ക്കുക. ശരീരത്തില്‍ എണ്ണപുരട്ടി ചൂടുപിടിയ്ക്കുക. ചൂടുവെള്ളത്തില്‍ കുളിയ്ക്കുക. വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുക എന്നതെല്ലാം ഇതിനു പരിഹാരങ്ങളാണ്.
മഴക്കാലത്ത് വ്യായാമങ്ങള്‍, കായികാദ്ധ്വാനം, കളികള്‍ എന്നിവയ്ക്ക് അവസരങ്ങള്‍ കുറയുന്നതും രോഗങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നുണ്ട്. വ്യായാമം ബലവര്‍ദ്ധകം മാത്രമല്ല അനേകം രോഗങ്ങള്‍ക്ക് പ്രതിരോധവും ഔഷധവുമാണ്. വ്യായാമക്കുറവുമൂലം മുമ്പുപറഞ്ഞ ജീവിതശൈലീജന്യരോഗങ്ങള്, വാതരോഗങ്ങള്‍, ദുര്‍മ്മേദസ്സ് എന്നിവ വര്‍ദ്ധിയ്ക്കും. വീടിനുള്ളില്‍വച്ചുതന്നെ ചെയ്യാവുന്ന വ്യായാമങ്ങള്‍, തിരുമ്മല്‍ എന്നിവതന്നെയാണ് പ്രതിവിധി.
താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനത്താല്‍ ശരീരത്തിലും പ്രകൃതിയിലും നിഷ്ക്രിയമായി (റീൃാമിി) കഴിയുന്ന രോഗാണുക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തനക്ഷമമാകുന്നു. മഴപെയ്ത മണ്ണില്‍ പുല്ലുമുളയ്ക്കുന്നതുപോലെ. മേല്‍പ്പറഞ്ഞ അനുകൂല സാഹചര്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ കര്‍ക്കിടകം രോഗങ്ങളുടെ സ്വന്തം കാലമായി മാറുന്നു. കൊതുകിനും എലിയ്ക്കുമെല്ലാം ബ്രോക്കര്‍മാരുടെ പണിയേയുള്ളൂ. അതും ആദ്യംപറഞ്ഞ ഡെങ്കി മുതലായ ചുരുക്കം ചില രോഗവ്യാപാരങ്ങളില് മാത്രം.
മഴനനഞ്ഞ് ശരീരം പെട്ടെന്നുതണുക്കുമ്പോള് രോഗാണുക്കളെ എതിരിട്ടു നശിപ്പിയ്ക്കുന്ന ശരീരത്തിലെ വെളുത്തരക്താണുക്കളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. ശരീരം അതിന്റെ സാധാരണതാപനിലയായ 980എ നു താഴേയ്ക്കുപോകുന്ന ആ ചുരുങ്ങിയ സമയത്തിന്റെ പഴുതില്‍ മുന്പുപറഞ്ഞ സാഹചര്യങ്ങളാല്‍ എന്തിനും തയ്യാറായി ശക്തിപ്രാപിച്ചിരിയ്ക്കുന്ന രോഗാണുക്കള്‍ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ആക്രമിച്ചു തോല്‍പ്പിച്ച് ആധിപത്യം സ്ഥാപിക്കുന്നു. ഇവരെ തോല്‍പ്പിക്കാന്‍ വെളുത്തരക്താണുക്കളെ വീണ്ടും കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തനസജ്ജമാക്കേണ്ടതുണ്ട്. സാധാരണനിലയില്‍നിന്നും ശരീരതാപം അല്പം വര്‍ദ്ധിക്കുമ്പോഴാണ് അവ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നത്. ആ സൂത്രം അറിവുള്ള ശരീരം സ്വയം അതിന്റെ താപനില ഉയര്‍ത്തുന്നു. 1000എ മുതല്‍ 1030എ വരെ ഏറിയും കുറഞ്ഞും മൂന്നു ദിവസം വരെ അതു തുടര്‍ന്നാല്‍ വെളുത്തരക്താണുക്കള്ക്ക് തങ്ങളുടെ ദൗത്യം ഏറെക്കുറെ വിജയകരമായി പൂര്‍ത്തിയാക്കാനാകും. യുദ്ധഭൂമിയായി മാറിയ ശരീരത്തിന് ഈ ഘട്ടത്തില്‍ വിശ്രമമാണ് പ്രാഥമികമായി വേണ്ടത്. ശരീരത്തിന്റെ സ്വയംശുദ്ധീകരണത്തിനുള്ള സന്നാഹങ്ങളെ സഹായിയ്ക്കുന്ന ചികിത്സകള്‍ മാത്രമേ ഇവിടെ ചെയ്യാവൂ. പെട്ടെന്നു പനികുറയ്ക്കുന്ന ഔഷധങ്ങള്‍ അടിയന്തിരഘട്ടങ്ങളില്‍ മാത്രമേ ആവശ്യമുള്ളൂ. പനി അമിതമായാല്‍ അത് ആദ്യം മസ്തിഷ്കകോശങ്ങളെയും തുടര്‍ന്ന് ക്രമത്തില്‍ ശരീരത്തിലെ മറ്റു കോശസമൂഹങ്ങളെയും നശിപ്പിയ്ക്കും. പനി മാത്രമല്ല, രോഗകാരണങ്ങളെ നശിപ്പിയ്ക്കുന്നതിനോ പുറന്തള്ളുന്നതിനോ ശരീരം സ്വീകരിക്കുന്ന പലമാര്‍ഗ്ഗങ്ങളും നമുക്ക് രോഗങ്ങളായിട്ടായിരിയ്ക്കും അനുഭവപ്പെടുന്നത്. ഛര്‍ദ്ദി, അതിസാരം, ജലദോഷം, ചുമ എന്നിവയെല്ലാം ഈ പുറന്തള്ളല്‍ പ്രക്രിയയുടെ ഭാഗങ്ങളാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങളെ മുന്‍പിന്‍നോക്കാതെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. ഇവയുടെ അപകടകരമായ പരിധികള്‍ കണ്ടറിഞ്ഞു നിയന്ത്രിക്കുന്നതാണ് ശരിയായ ചികില്‍സ.
അതിസങ്കീര്‍ണ്ണമായ ആന്തരികപ്രക്രിയകളിലൂടെ ശരീരം സ്വയംതന്നെയാണ് അതിന്റെ ആരോഗ്യം വീണ്ടെടുക്കുന്നത്. അതിന്റെ അതിജീവനവ്യവസ്ഥകള്ക്ക് വേണ്ടത്ര കരുത്തില്ലെങ്കില്‍ ഒരു മരുന്നിനും ഒരു ഡോക്ടര്‍ക്കും ഒന്നും ചെയ്യാനാകില്ല. ഇങ്ങനെ മഴ, പഞ്ഞം, രോഗം, ചികിത്സ, മനുഷ്യന്റെ നിസ്സാഹായാവസ്ഥ, ആയുസ്സെത്തിയ ഭാഗ്യവാന്മാരുടെ പരമഗതി എന്നിവയുടെ മാത്രമല്ല ഇഹലോകം വെടിഞ്ഞ പ്രിയപ്പെട്ടവരുടെ സ്വര്ഗ്ഗപ്രാപ്തിയ്ക്കായി സ്നേഹപൂര്‍വ്വം ചെയ്യുന്ന പുണ്യകര്‍മ്മങ്ങളുടെ കാലം കൂടിയാണ് കേരളീയര്‍ക്ക് കര്‍ക്കിടകം.
ഡോ. ജി.അനില്‍ കുമാര്‍
ഫോണ്‍ : 9562993899
പ്രതികരിക്കാൻ ഇവിടെ എഴുതുക: