നതോനതയാണ് കുട്ടനാടിന്റെ ഹൃദയതാളം. കുട്ടനാട്ടുകാര്‍ക്ക് വള്ളവും വെള്ളവുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാവില്ല. അത്രയ്ക്ക് പ്രകൃതിയോട് താദാത്മ്യം പ്രാപിച്ച ജീവിതമാണ് കുട്ടനാട്ടുകാരുടേത്. അവരുടെ മെയ്ക്കരുത്തും കൈക്കരുത്തും ഓളപ്പരപ്പുകളെ കീറിമുറിച്ചപ്പോള്‍ ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ആലപ്പുഴ നെറുകയിലെത്തുകയായിരുന്നു. അങ്ങനെ നെഹ്റുട്രോഫി ജലോത്സവം വിശ്വപ്രസിദ്ധമായി.
ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വിനോദസഞ്ചാരികള്‍ക്ക് മനഃപാഠമാണ്. അന്നാണ് കുട്ടനാട്ടില്‍ ജലമാമാങ്കം നടക്കുക. കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യത്തിനുപരി ഒരുജനതയുടെ ഒരുമയിലും ആവേശത്തിലും പങ്കാളിയാകാനെത്തുന്നവരുടെ എണ്ണം വര്‍ഷംതോറും ഏറുകയാണ്. ജയവും തോല്‍വിയും ഇവിടെ പ്രശ്നമല്ല. നാടിന്റെ പെരുമ ദേശത്തിനുമപ്പുറമെത്തിക്കുകയെന്ന ആവേശം മാത്രമാണ് അവര്‍ക്കുള്ളത്.
ഈ ആഗസ്റ്റ് 10 ശനിയാഴ്ച വിസ്മയക്കാഴ്ചയുടെ സമ്മോഹന വേദിയായി ആലപ്പുഴ പുന്നമടക്കായല്‍ മാറും. അന്നാണ് നെഹ്റുട്രോഫി 61-ാം ജലോത്സവം അരങ്ങേറുക. പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ ആഘോഷം മാത്രമായിരുന്ന ഈ ജലമേള ഇന്ന് ലോകജനതയെ മുഴുവന്‍ കേരളത്തിലേക്ക് ആവാഹിക്കുന്ന ജലമാമാങ്കമായി മാറി. ഓരോ ജലോത്സവവും കഴിയുമ്പോഴും അടുത്തതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുട്ടനാട്ടുകാര്‍.
ചുണ്ടന്‍വള്ളം പോലെ ദൃശ്യചാരുതയുള്ള ജലവാഹനം വേറെയില്ല. നൂറിലധികം തുഴച്ചില്‍ക്കാര്‍ അണിനിരന്ന് ഒരേതാളത്തില്‍ ഒരേ മനസോടെ തുഴയുമ്പോള്‍ അതൊരു കരിനാഗമായി ചീറിപ്പായും. ആ വിസ്മയക്കാഴ്ച കണ്ണിനും മനസിനും എന്തെന്നില്ലാത്ത സംതൃപ്തിയും സന്തോഷവുമാണ് നല്‍കുക. ഇവിടെ ജാതിയില്ല വര്‍ണമില്ല വര്‍ഗമില്ല. ഒരേചിന്തയും ഒരേമനസും. ഇതാണ് നെഹ്റുട്രോഫി ജലോത്സവം.
നെഹ്റുട്രോഫി ജലോത്സവമാണ് വള്ളംകളികള്‍ക്ക് ഇത്രയധികം താരപരിവേഷം ലഭിക്കാന്‍ കാരണമായത്. കര്‍ക്കിടകം പെയ്തൊഴിയുന്നതിനിടയില് മനസുനിറയെ ആനന്ദിക്കാന്‍ ഇതുപോലൊരു മാമാങ്കം വേറെയില്ല.
ചരിത്രം
പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിെന്റ ആലപ്പുഴ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ജലോത്സവത്തിന്റെ തുടക്കം. സന്ദര്‍ശന വേളയില്‍ നെഹ്റു ആലപ്പുഴയിലേക്ക് പോയത് കോട്ടയത്ത് നിന്ന് ബോട്ടിലാണ്. ഈ യാത്രയില്‍ നിരവധി ബോട്ടുകള്‍ നെഹ്റുവിന്റെ ബോട്ടിനെ അനുഗമിച്ചിരുന്നു. നെഹ്റുവിനോടുള്ള ആദര സൂചകമായി വള്ളംകളിയും സംഘടിപ്പിച്ചിരുന്നു. ചുണ്ടന് വള്ളങ്ങളുടെ ആ ആദ്യ മത്സരത്തില്‍ നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ആവേശഭരിതനായ നെഹ്റു എല്ലാ സുരക്ഷാ സംവിധാനങ്ങളും അവഗണിച്ച് നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് വള്ളം ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് കുതിച്ചു. ഈ യാത്ര അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. മടങ്ങി ദല്‍ഹിയിലെത്തിയ ശേഷം 1952 ഡിസംബറില്‍ നെഹ്റു വിജയികള്‍ക്ക് വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിെന്റ മാതൃക സമ്മാനമായി നല്കി. ആദ്യം പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീടാണിത് നെഹ്റുട്രോഫി എന്നറിയപ്പെടാന്‍ തുടങ്ങിയത്.
നടുഭാഗം, ചമ്പക്കുളം, പാര്‍ത്ഥസാരഥി, കാവാലം, വലിയദിവാന്‍ജി, നെപ്പോളിയന്, നേതാജി, ഗിയര്‍ഗോസ് തുടങ്ങി എട്ടു വള്ളങ്ങളാണ് അന്നു പങ്കെടുത്തത്. ഈ വര്‍ഷം 22 ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ അറുപതോളം വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.
വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ അറ്റത്ത് മന്‍ട്രോ വിളക്കിന്റെ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു വള്ളംകളിയുടെ ട്രാക്ക്. സിഎംഎസ് ഹൈസ്കൂള്‍ കായിക ഡയറക്ടര്‍, ഇ.ജെ.ലൂക്കോസ് ആയിരുന്നു ആദ്യ സ്റ്റാര്‍ട്ടര്‍. മുഖ്യ വിധികര്‍ത്താവ് താഴത്തങ്ങാടി കുര്യന് ജോണ്‍ ആയിരുന്നു.
ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ലായിരുന്നതിനാല്‍ 1952ല്‍ കൊല്ലം ജില്ലാ കളക്ടറാണ് അന്ന് വള്ളംകളി നടത്തിയത്. 1954ല്‍ കൈനകരിയിലെ മീനപ്പള്ളി വട്ടക്കായലിലാണ് വള്ളംകളി നടത്തിയത്. 1955 മുതലാണ് മത്സരം പുന്നമടക്കായലിലേക്ക് മാറ്റിയത്.
1,370 മീറ്ററാണ് ട്രാക്കിന്റെ ദൂരം. ജലമേള ആരംഭിക്കുന്നത് സാംസ്ക്കാരിക ഘോഷയാത്രയോടെയാണ്. ചുണ്ടന് വള്ളങ്ങളാണ് മുന്നില്‍. തുടര്‍ന്ന് ചെറുവള്ളങ്ങളായ ചുരുളന്‍, വെപ്പ്, ഓടി തുടങ്ങിയവയും ഉണ്ടാകും. കുചേലവൃത്തം വഞ്ചിപ്പാട്ടിെന്റ ഈരടികള്‍ പാടി കരുത്തരായ കുട്ടനാടന്‍ മക്കള്‍ വിദഗ്ധമായി തുഴയെറിയുമ്പോള്‍ വള്ളങ്ങള്‍ കുതിച്ചുനീങ്ങും.
തയ്യാറെടുപ്പുകള്‍
ജലമേളയില്‍ മത്സരിക്കാനായി മാസങ്ങള്‍ മുമ്പേ ഓരോ കരയും തയാറെടുപ്പുകള്‍ ആരംഭിക്കും. ചുണ്ടന് വള്ളങ്ങള്‍ കമിഴ്ത്തിയിട്ട് മീനെണ്ണ പുരട്ടും.
വെള്ളത്തിലൂടെ സുഗമമായി തെന്നി മുന്നോട്ടു പോകാനാണ് ഇത് ചെയ്യുന്നത്. പരിചയ സമ്പന്നരായ മുതിര്‍ന്ന തുഴച്ചില്‍ക്കാരാണ് പുതുതലമുറയ്ക്ക് പരിശീലനം നല്‍കുന്നത്. ഓരോ ഗ്രാമത്തില്‍ നിന്നും ഏകദേശം 150 തുഴക്കാര്‍ മത്സരം കഴിയുന്നതു വരെ കര്‍ശന വ്രതശുദ്ധി ഉറപ്പുവരുത്തും. ഗ്രാമവാസികളും, ക്ലബുകളും കണ്ണുചിമ്മാതെയാണ് തുഴച്ചില്‍ക്കാരെയും വള്ളത്തെയും ഇക്കാലയളവില്‍ സംരക്ഷിക്കുക. ഇവര്‍ക്കായുള്ള ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുന്നതും കരക്കാരോ ക്ലബുകളോ ആയിരിക്കും. ഇക്കാലയളവില്‍ കായല്‍ത്തീരത്തിലൂടെ കടന്നുപോയാല്‍ തുഴച്ചില്‍ക്കാര്‍ക്കായി സദ്യയൊരുക്കുന്നതിന്റെ മനോഹര കാഴ്ചകള്‍ കാണാന്‍ കഴിയും. ശരീരത്തിന് കരുത്ത് ലഭിക്കുന്നതിനായി കലോറിയും ഊര്‍ജവും ലഭിക്കേണ്ട സമീകൃതാഹാരമാണ് ഇതിനായി അവര്‍ ഒരുക്കുന്നത്. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്തും കുട്ടനാട്ടില്‍ വള്ളംകളിയെ ഇതൊന്നും ബാധിച്ചിരുന്നില്ല. നാനാ ജാതി മതസ്ഥരും ഒരുമിച്ചിരുന്ന് അന്നും വള്ളസദ്യ കഴിച്ചു. കുട്ടനാട്ടിലെ സാമുദായിക ഐക്യത്തിെന്റ അടയാളമായിരുന്നു അത്.
ചുണ്ടന്റെ കഥ
ചുണ്ടന് വള്ളത്തിന്റെ ചരിത്രത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. പഴയ തിരുവിതാംകൂറിലെ നാട്ടുരാജാക്കന്മാര് പോരടിക്കാന്‍ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ചെമ്പകശേരി, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍ ഇങ്ങനെ ഇന്നത്തെ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലെ രാജാക്കന്മാര് കുട്ടനാടിന്റെ ഓളപ്പരപ്പിലാണ് കൊമ്പുകോര്‍ത്തത്. ചെമ്പകശേരിക്ക് അവരേക്കാള്‍ നാവികബലമുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കുഴപ്പം തന്റെ പോര് വള്ളങ്ങളുടേതാണെന്ന് വൈകാതെ ചെമ്പകശേരി രാജാവിനു ബോധ്യപ്പെടുകയും നാട്ടിലുള്ള വള്ളം പണിയില്‍ വിദഗ്ദ്ധരായ തച്ചന്മാരെ എല്ലാം വിളിച്ചുവരുത്തി വേഗതയേറിയ പോര് വള്ളങ്ങള്‍ രൂപകല്പന ചെയ്യണമെന്നും ആവശ്യപ്പെട്ടു. ദിവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ അന്ന് വള്ളംപണിയില്‍ ഏറ്റവും പ്രസിദ്ധനായിരുന്ന കൊടുപ്പുന്ന വെങ്കിട്ടനാരായണന്‍ ആശാരി, രാജാവിന് തൃപ്തിതോന്നിയ ഒരു മാതൃക സൃഷ്ടിച്ചു. ഈ പുതിയ വള്ളത്തിന് വേഗതയും കയ്യടക്കവും, നൂറോളം വരുന്ന യോദ്ധാക്കളെ വഹിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. കൂടാതെ ഈല്‍ മത്സ്യസമാനമായ ഇതിന്റെ രൂപഘടന കരയിലുള്ള മരങ്ങളുടെ ചില്ലകള്‍ക്കിടയില്‍ ഒളിച്ചിടാനും ശത്രുസൈന്യങ്ങളുടെ വള്ളങ്ങളെ പതിയിരുന്നാക്രമിക്കാനും പറ്റുന്ന തരത്തിലുള്ളതുമായിരുന്നു. തുടര്‍ന്നുനടന്ന എല്ലാ യുദ്ധങ്ങളിലും ചെമ്പകശേരി രാജ്യം വിജയിക്കുകയും ചെയ്തു.
പടയില്‍ തോറ്റ കായംകുളം രാജാവ് പുതിയ വള്ളത്തിന്റെ തന്ത്രം പഠിക്കാനായി ഒരു ചാരനെ നിയോഗിച്ചു. ഇയാള്‍ ആശാരിയുടെ മകളെ പ്രണയത്തില്‍ കുടുക്കുകയും ഇയാളെ മകള്‍ക്ക് വരനായിക്കിട്ടിയാലുള്ള സൗഭാഗ്യമോര്‍ത്ത് ആശാരിയുടെ ഭാര്യ നിര്‍ബന്ധിച്ചതുമൂലം ആശാരി ഈ യുവാവിനെ വള്ളംപണിയുടെ വിദ്യ പഠിപ്പിക്കുകയും ചെയ്തുവത്രേ. വിദ്യ പഠിച്ചമാത്രയില്‍ ചാരന് അപ്രത്യക്ഷനായി. ആശാരിയെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടയ്ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന യുദ്ധങ്ങളില്‍ കായംകുളം രാജാവിന്റെ പുതിയ വള്ളങ്ങള്‍ക്ക് ചെമ്പകശേരിയുടെ വള്ളങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്ക്കാനായില്ല. വള്ളംപണിയുടെ തന്ത്രം അത്രവേഗത്തില്‍ ഗ്രഹിക്കാനാവുന്നതായിരുന്നില്ല. സന്തുഷ്ടനായ ചെമ്പകശേരി രാജാവ് ആശാരിയെ സ്വതന്ത്രനാക്കി ധാരാളം സമ്മാനങ്ങളും നല്കിയെന്നു പഴമക്കാര്‍ പറയുന്നു.
ചമ്പക്കുളം മൂലം വള്ളംകളി, പായിപ്പാട് ജലോത്സവം, ആറന്മുള ഉത്തൃട്ടാതി വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പുള്ളികുന്ന് വള്ളംകളി, കരുവാറ്റ വള്ളംകളി, ഹരിപ്പാട് മാന്നാര്‍ വള്ളംകളി, മാന്നാര്‍ വള്ളംകളി കൂടാതെ ചെറുവള്ളംകളികളും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്.
വള്ളംകളി മത്സരം കുട്ടനാടിന്റെ ഉത്സവമാണ്. കായലും കരയും നദിയും നാട്ടാരും വള്ളവും വെള്ളവും ഒന്നിച്ചാഘോഷിക്കുന്ന ഉത്സവം. കുട്ടനാടിന്റെ ഞരമ്പിലെ ആഘോഷമാണ് വള്ളംകളികള്‍. ആഘോഷമായാലും ആവേശമായാലും വള്ളംകളികഴിഞ്ഞേ കുട്ടനാടിനു മേറ്റ്ന്തുമുള്ളു. വഞ്ചിപ്പാട്ടിന്റെ താളം കഴിഞ്ഞേ കുട്ടനാട്ടുകാര്‍ക്ക് താരാട്ടുപാട്ടുതാളം പോലുമുള്ളു. അതെ, കുട്ടനാടിന്റെ വംശീയ വിനോദമാണ് വള്ളം കളികള്‍.
അവിടെ മത്സരം കരയും മറുകരയും തമ്മില്‍, കരക്കാരും മറുകരക്കാരും തമ്മില്‍, വള്ളവും വള്ളവും തമ്മില്‍, ഒരേ വള്ളത്തിലെ തുഴച്ചില്ക്കാര്തമ്മില്… മത്സരത്തില്‍ പക്ഷേ ആരും തോല്ക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു വംശീയാഘോഷമാണ്….
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: