നവതിയിലെത്തി, ആ ജീവിതം അനുകരണാര്‍ഹം തന്നെ. ഇതുപോലെ ആസ്വദിക്കുന്ന ജീവിതം വളരെ കുറവ്. രാവിലെ 8 മണിയായാല്‍ പതിയെ പതിയെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ ലൂയീസ് മാഷെത്തും. ശുഭ്രവസ്ത്രധാരിയായ അദ്ദേഹത്തിന്റെ പോക്കറ്റില്‍ മൊബെയില്‍ ഫോണ്‍, വിളി കേള്‍ക്കാന്‍ വേണ്ടി മാത്രം ഒരു ചരടില്‍ കോര്‍ത്ത് സൂക്ഷിക്കുന്നു. ഒരു കാലന് കുടയും. സദാ പ്രസന്നവദനനായ മാഷിനെ ആരും ശ്രദ്ധിക്കും. എല്ലാവരേയും പരിചയപ്പെടും. ആദ്യം വരുന്ന വണ്ടിയില്‍ എറണാകുളത്തേക്ക്. കടുപ്പശ്ശേരിയിലെ വീട്ടില്‍ നിന്ന് രാവിലെ അല്‍പ്പം കഞ്ഞിയാണ് പ്രാതല്‍. എറണാകുളം സൗത്തില്‍ ചെന്നാല്‍ വേണാട് എക്സ്പ്രസ് എത്തിയാല്‍ അതില്‍ കയറും.
പരിചയക്കാരും പുതുശക്കാരും അവരെയെല്ലാം വരവ് വെച്ച് വേണാടിന്റെ അങ്ങേത്തലമുതല്‍ നടത്തം തുടങ്ങും. ഒട്ടേറെപ്പേരുമായി ഹൃദയം പങ്കുവെക്കും. ഷൊര്ണ്ണൂരെത്തിയാല് അവിടെ ഭക്ഷണം. കാന്റീനിലുള്ളവര്‍ അദ്ദേഹത്തിനെ പുത്രതുല്യ സ്നേഹത്തോടെ പരിചരിക്കും. അടുത്ത വണ്ടി വഴി എറണാകുളത്തേക്ക്. സൗത്തില്‍നിന്ന് 4 ന് പുറപ്പെടുന്ന എക്സിക്യൂട്ടീവിന് വീട്ടിലേക്ക് തിരിക്കും. സന്ധ്യക്ക് മുന്‍പേ വീടണയും. കുളിയും പ്രാര്‍ത്ഥനയും ഭക്ഷണവും.
മഴക്കാലമായതിനാല്‍ ഇപ്പോള്‍ ഉച്ചക്ക് ഷൊര്ണൂര്ക്കില്ല. തൃശ്ശൂരില്‍ അവസാനിപ്പിക്കും. അടുത്ത വണ്ടിയില്‍ എറണാകുളത്തേക്ക് തിരിക്കും. ഇതിനിടയില്‍ തൃശ്ശൂരില്‍ ആശുപത്രി സന്ദര്‍ശനം പതിവുണ്ട്. കാന്‍സര്‍ രോഗം, വൃക്ക തകരാറിലായവര്‍ അവര്‍ക്കെല്ലാം നല്കുന്ന അകമഴിഞ്ഞ സഹായമാണ് ലൂയീസ് മാഷുടെ ദൈവാരാധന. തൃശ്ശൂരിലെ ഒരു ഉദ്യോഗസ്ഥനുണ്ട്. അദ്ദേഹവുമായുള്ള യാത്രയാണ് ആശുപത്രിയിലേക്കുള്ളത്. നടക്കാന്‍ വയ്യായ്കയും ഉദ്യോഗസ്ഥന് പ്രമോഷന് വന്നതുമാണ് വഴികള്‍ തിരിക്കാന്‍ ഇടവന്നത്.
മാഷ് അധ്യാപകന് ആയിരുന്നു. ഭാര്യ മരിച്ചിട്ട് പതിമൂന്ന് വര്‍ഷം. ഏകാന്തതയാല്‍ വശം കെട്ടു. പിന്നെ തോന്നിയതാണ് ഈ ഉപായം. യാത്ര തന്നെ യാത്ര. സീസണ് ടിക്കറ്റു മാത്രം. ആയിരക്കണക്കിന് പരിചയക്കാരുണ്ട്. കുട്ടികള്‍ മുതല്‍ പടുവൃദ്ധന്‍വരെ. മനസ്സിന് ആനന്ദം തന്നെ. വേറെ ചിന്തകളൊന്നും മനസ്സിനെ അലട്ടില്ല. മാര്‍ഗദര്‍ശിയാണ് ഈ മനുഷ്യന്. റിട്ടയര്‍ ചെയ്ത് കുടുംബത്ത് കുത്തിയിരിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് അവര്‍ തന്നെ കാരാഗൃഹം പണിയുകയാണ്. നിത്യേന പുതിയ പുതിയ മുഖങ്ങളെ പരിചയപ്പെടാം. അവരുടെ ചരിത്രം പഠിക്കാം. ദേശത്തെ മനസ്സിലാക്കാം. മറന്നുപോയ പലരേയും ഓര്മയിലേക്കെടുക്കാം എന്നിങ്ങനെ നൂറ് നൂറ് കാര്യങ്ങള്‍. വിധിയെ തോല്‍പ്പിക്കുകയാണ് ഈ മനുഷ്യന്. പതുക്കെയുള്ള നടത്തം. ട്രെയിനില്‍നിന്നിറങ്ങാന്‍ ചെറിയ സഹായം വേണം. പ്ലാറ്റ്ഫോം മാറാന്‍ ഗോവണി വഴി കയറിയിറങ്ങും. എറണാകുളത്തും തൃശ്ശൂരും എല്ലായിടത്തും ഇങ്ങനെ തന്നെ. മക്കള്‍ രണ്ടാണും മൂന്നു പെണ്ണും. ആണ്മക്കള് ബാങ്ക് മാനേജര്‍മാര്‍. പെണ്മക്കളും വലിയ നിലയില്‍ തന്നെ. ആരുടേയും സഹായമില്ലാതെ കഴിഞ്ഞുകൂടാന്‍ തന്നെയാണ് മാഷുടെ ഉറച്ച തീരുമാനം. അസുഖങ്ങളെല്ലാം ഈ ഗുരുവര്യനോട് തോറ്റ് പിന്മാറുകയാണ്. മാധ്യമങ്ങള്‍ പലതും മാഷുടെ ജീവിതം പകര്‍ത്തുകയും ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മാലോകരെല്ലാം ഇദ്ദേഹത്തെ നന്നായിട്ടറിയും.എനിക്കും ഇതുപോലെയാവണം എന്നു കരുതി ഇറങ്ങിത്തിരിച്ചവര്‍ ഏറയുണ്ടെന്നാണ് മാഷ് ചിരിച്ചുകൊണ്ട് പറയുന്നത്. യാതൊരു ഓര്‍മക്കുറവും അദ്ദേഹത്തെ പിടികൂടിയിട്ടില്ല. ജീവിതം ആസ്വദിക്കുകയാണ് മാഷ്. വിഭവസമൃദ്ധമായ സദ്യ ഉണ്ണുംപോലെ.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: