തെളിഞ്ഞ പുഞ്ചിരിയുമായി അമൃതയും പ്രസാദും കടന്നുവന്നു. ഇന്നലത്തെ മരം കേറിക്കഥയുണര്‍ത്തിയ പൊട്ടിച്ചിരിയുടെ ഇളം കൂമ്പാണ് അതെന്ന് എനിക്ക് തോന്നി.
“അമ്മാവാ, ചങ്ങമ്പുഴക്കവിതകളെപ്പറ്റിയാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ അമ്മാവന് പറയുന്നത് ചങ്ങമ്പുഴക്കഥകളാണ്. ഏറെ രസകരം. ഇനിയുമുണ്ടോ ഇത്തരം?” പ്രസാദ് ചോദിച്ചു.
ഇനിയുമുണ്ട് പലതരം കഥകള്‍. എല്ലാം പറയുക വയ്യ. അത്യാവശ്യവുമില്ല. തിരഞ്ഞെടുത്തേ പറയൂ. നാലാം ക്ലാസില്‍ കൊച്ചുകുട്ടന് ഒരു വര്‍ഷം കൂടുതല്‍ പഠിക്കേണ്ടി വന്നിരുന്നു. അഞ്ചാംപനി പിടിപെട്ടതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയതാണ് കാരണം. പിന്നെ അടുത്തുള്ള കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡില്‍ സ്കൂളിലേക്ക് മാറി.
മിഡില്‍ സ്കൂളിലെ ഉയര്‍ന്ന ക്ലാസ്സില്‍ കവിതക്കമ്പമുള്ള മറ്റൊരു പിള്ള പഠിക്കുന്നുണ്ടായിരുന്നു-ഇടപ്പള്ളി രാഘവന് പിള്ള. കൊച്ചുകുട്ടന് അയാളുമായി വേഗത്തില്‍ ചങ്ങാത്തം കൂടി. പക്ഷെ അത്ര അടുക്കുന്ന മട്ടുകാരനായിരുന്നില്ല രാഘവന് പിള്ള.
രണ്ടുപേരും കവികളായി സ്കൂളില്‍ അറിയപ്പെട്ടു. എന്നാല്‍ രാഘവന് പിള്ള അല്‍പ്പം തലക്കനം ഭാവിച്ചിരുന്നു. താന്‍ മൂന്ന് വയസ്സ് മൂത്തവനാണ്. മുതിര്‍ന്ന ക്ലാസിലാണ് തന്റെ കവിതയാണ് മികച്ചത് എന്നൊക്കെ ആ പെരുമാറ്റത്തില്‍ കൃഷ്ണപിള്ളക്ക് തോന്നി. തമ്മില്‍ സൗന്ദര്യപ്പിണക്കങ്ങളും പതിവായി.
രാഘവന് പിള്ള, കൃഷ്ണപിള്ളയെ തരം കിട്ടുമ്പോഴെല്ലാം പരിഹസിച്ച കൂട്ടത്തില്‍ ഒരു നാലുവരി സാമ്പിള്‍ കേട്ടോളൂ.
പച്ചക്കടലയ്ക്ക തിന്നാ-ലാര്‍ക്കും
പദ്യമെഴുതുവാനൊക്കും
മെച്ചത്തിലുള്ളതായ്ത്തീരും-കുറ-
ച്ചെച്ചിലും കൂടി കഴിച്ചാല്‍!
ഇടപ്പള്ളി കൊട്ടാരത്തില്‍ അടിച്ചു തളിക്കാരിയായിരുന്ന മുത്തശ്ശിയുടെ വലത്തെ തോളില്‍ കടലയ്ക്കയുടെ മുഴുപ്പില്‍ ഒരു അരിമ്പാറയുണ്ടായിരുന്നു. അതിനാല്‍ മുത്തശ്ശിയെ പലരും ‘കടലയ്ക്ക’ എന്നു കളിയാക്കി വിളിക്കാറുണ്ട് എന്നതാണ് ആദ്യവരിയിലെ ദുസ്സൂചന.
കൊട്ടാരത്തില്‍നിന്ന് മുത്തശ്ശി കൊണ്ടുവരുന്ന എച്ചിലുള്‍പ്പെടെയുള്ള ഭക്ഷണമാണ് കൃഷ്ണപിള്ളയുള്‍പ്പെടെയുള്ളവരുടെ ഭക്ഷണമെന്ന് ആളുകള്‍ പറയുന്നുണ്ട്. അക്കാരണത്താല്‍ ചില കുട്ടികള്‍ കൃഷ്ണപിള്ളയെ “എച്ചില് തീനി” എന്നു വിളിച്ചിരുന്നു. അതാണ് രണ്ടാം ദുസ്സൂചന.
മറ്റുളളവര്‍ കളിയാക്കുമ്പോള്‍ കൃഷ്ണപിള്ളയ്ക്ക് വല്ലാത്ത സങ്കടവും അപകര്‍ഷബോധവും തോന്നാറുണ്ട്. “ഞാന്‍ എച്ചില് കഴിച്ചിട്ടില്ല, എനിക്ക് വീട്ടിലുള്ളവര്‍ എച്ചിലായ ഭക്ഷണം തന്നിട്ടുമില്ല” എന്ന് കൃഷ്ണപിള്ള തര്‍ക്കിച്ചും ആവര്‍ത്തിച്ചും പറയുമായിരുന്നു. ഭേദപ്പെട്ട തറവാട്ടില്‍ ജനിച്ചിട്ടും അന്നത്തെ ഒരു കുട്ടിയുടെ ദയനീയാവസ്ഥ നോക്കണേ!
അക്കാലത്ത് പല പ്രായക്കാരുള്‍പ്പെടുന്ന സാഹിത്യസമാജങ്ങള് ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നു. നല്ല എഴുത്തുകാരും ആസ്വാദകരും നിരൂപകരും അതില്‍ വരും. രചനകള്‍ വായിക്കും, വിമര്‍ശിക്കും, തിരുത്തും. കൃഷ്ണപിള്ളയെ അത് വല്ലാതെ ആകര്‍ഷിച്ചു. ചെറുകവിതകള്‍ ധാരാളമായി രചിക്കാനും തുടങ്ങി.
സ്വന്തം രചനകള്‍ മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കാന്‍ തിടുക്കമായിരുന്നു കൃഷ്ണപിള്ളയ്ക്ക്. അത് ‘ഭയന്നു’ ചില കൂട്ടുകാര്‍ ഒഴിഞ്ഞുമാറുമായിരുന്നു. അവരോട് കൃഷ്ണപിള്ള പിണങ്ങാറുണ്ട്. കൈയില്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. പ്രത്യേകിച്ചും കവിതകള്‍, കൃഷ്ണഗാഥ, രാമായണം, ഭാരതം, തുള്ളല്‍ കൃതികള്‍….കുഞ്ചന്‍ നമ്പ്യാരോട് പ്രത്യേകമായ ഇഷ്ടമുണ്ട്. രണ്ടോ മൂന്നോ വട്ടം വായിച്ചാല്‍ മതി, കൃഷ്ണപിള്ളയ്ക്ക് പലതും മനഃപാഠമാകുമായിരുന്നു.
ഇടയ്ക്കിടെ ഇടപ്പള്ളിയില്‍ സാഹിത്യ സദസ്സ് നടക്കാറുണ്ട്. പ്രഗത്ഭരായ തമ്പുരാക്കന്മാരും പണ്ഡിത ശ്രേഷ്ഠരും അതില്‍ പങ്കെടുക്കും. സമസ്യാപൂരണം, വിവര്‍ത്തനം, ദ്രുതകവനം, അക്ഷരശ്ലോകം എന്നിവയില്‍ കടുത്ത മത്സരങ്ങള്‍ പതിവാണ്. കുട്ടികള്‍ക്ക് അവിടെ പ്രവേശനം എളുപ്പമല്ല. എന്നാല്‍ സംഘാടകനായ ഇടപ്പള്ളി കരുണാകരമേനോന്റെ താല്‍പ്പര്യത്താല്‍ രാഘവന്‍പിള്ള കടന്നുപറ്റുകയുണ്ടായി. കൃഷ്ണപിള്ളയ്ക്ക് അതില്‍ അസൂയ തോന്നാതിരുന്നില്ല. പക്ഷെ, അധികകാലം കഴിയും മുമ്പ് അദ്ദേഹവും അത് നേടിയെടുത്തു. അതിന് പിന്നിലും നല്ലൊരു കഥയുണ്ട്.
“കഥയോ?” കുട്ടികളുടെ ചുണ്ടില്‍ ചിരി വിരിഞ്ഞു. അവര്‍ പരസ്പ്പരം നോക്കി എന്റെ നേരെ തിരിഞ്ഞു: “കേള്‍ക്കട്ടെ അമ്മാവാ, ചങ്ങമ്പുഴ വീരസാഹസ കഥകള്‍!”
കുട്ടികളുടേതായ ഒരു സാഹിത്യസമാജം കുറച്ചുകാലമായി ഇടപ്പള്ളിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൃഷ്ണപിള്ളയാണ് സംഘാടക നേതാവ്; അഥവാ സെക്രട്ടറി. മാറന്‍കുളം എന്നൊരു കുളമുണ്ട് അടുത്ത്. അതിന്റെ കല്‍പ്പടവുകളിലോ കോശ്ശേരി മാളികയുടെ സമീപം അരമതിലിലോ ഒക്കെയാവും സഭ ചേരുന്നത്. റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍, ഭാവി പരിപാടികള്‍ നിശ്ചയിക്കല്‍ തുടങ്ങിയ സഭാ നടപടികളെല്ലാം കൃഷ്ണപിള്ള കൃത്യമായി നിര്‍വഹിച്ചു പോന്നു.
അമ്മയ്ക്ക് പരാതിയായി. മകന് മിക്കപ്പോഴും വൈകിയാണ് വീട്ടില്‍ എത്തുന്നത്. അവധി ദിവസങ്ങളിലും കാണാന്‍ കിട്ടുന്നില്ല. അമ്മ ശകാരം തുടങ്ങി. ഫലമില്ലാതെ വന്നപ്പോള്‍ അവര്‍ ഒരു സൂത്രം പ്രയോഗിച്ചു.
കൃഷ്ണപിള്ളയ്ക്ക് ഒരു മുണ്ടു മാത്രമേ ഉടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞാണ് അലക്കുക. ആ ദിവസങ്ങളില്‍ കൗപീനം മാത്രം ധരിച്ചു കൃഷ്ണപിള്ള വീട്ടിലിരിക്കും. വല്ലതും വായിക്കും.
അന്നൊരു ദിവസം, മകന് സമാജത്തില്‍ പോകണമെന്ന് അറിഞ്ഞുതന്നെ മുണ്ടെടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് ഒളിച്ചുവെച്ചു, അമ്മ. ഇവന് ഇന്ന് എങ്ങനെ പോകുമെന്ന് കാണട്ടെ.
പോകാന്‍ നേരമായപ്പോള്‍ മുണ്ടു കാണാതെ കൃഷ്ണപിള്ള ബഹളമായി. അമ്മ ഒഴിഞ്ഞുമാറി. എന്തുചെയ്യും? പോകാതെ വയ്യ? ഉത്തരവാദിത്വമില്ലെ? കൃഷ്ണപിള്ള പിന്നെ ഒന്നും നോക്കിയില്ല. റിപ്പോര്‍ട്ട് ബുക്കുമെടുത്ത് യോഗസ്ഥലത്തേക്ക് ഒരോട്ടം. യോഗം കൃത്യസമയത്ത് തുടങ്ങിയിരുന്നു. അപ്പോഴാണ് കൃഷ്ണപിള്ള ഓടിക്കിതച്ചെത്തുന്നത്. റിപ്പോര്‍ട്ട് വായനയുടെ സമയമായിരുന്നു. കൈയിലെ നോട്ടുപുസ്തകത്തില്‍ നോക്കി ഒരു കൂസലുമില്ലാതെ കൃഷ്ണപിള്ള വായന തുടങ്ങി. അത് കേള്‍ക്കുന്നതിലേറെ കാണുകയായിരുന്നു സമാജാംഗങ്ങള്‍. സെക്രട്ടറിയുടെ അരയില്‍ ഒരു കോണകം മാത്രമേ വസ്ത്രമായുള്ളൂ!
കൂട്ടുകാര്‍ക്കെല്ലാം ചിരി പൊട്ടുന്നുണ്ടായിരുന്നു. പക്ഷെ ചിരിക്കാനുംവയ്യ! ആദരണീയനായ ഇടപ്പള്ളി കരുണാകര മേനോന് അന്ന് യോഗത്തില്‍ എത്തിയിരുന്നു. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ താല്‍പ്പര്യമുള്ള അദ്ദേഹം ഇടയ്ക്കൊക്കെ യോഗങ്ങളില്‍ വരാറുണ്ട്. ചെറിയ തോതില്‍ ചില ഉപദേശങ്ങള്‍ കൊടുക്കുകയും ചെയ്യും.
അന്ന് കരുണാകരമേനോന്‍ കൃഷ്ണപിളളയുടെ കൃത്യനിഷ്ഠയേയും ഉത്തരവാദിത്വബോധത്തേയും കൂസലില്ലായ്മയേയും വളരെയേറെ പുകഴ്ത്തിപ്പറയുകയുണ്ടായി. ഒപ്പം ചങ്ങമ്പുഴ കൃഷ്ണപിള്ള അവതരിപ്പിച്ച കവിതകളുടെ ഗുണവിശേഷങ്ങളും ശബ്ദസുഖവും മറ്റും എടുത്തുപറയുക കൂടി ചെയ്തു. അതും പോരാഞ്ഞു, മുതിര്‍ന്നവരുടെ സാഹിത്യ സദസ്സില്‍ പങ്കെടുക്കാനുള്ള അനുമതിയും നല്‍കിയതോടെ ചങ്ങമ്പുഴയ്ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
സെക്രട്ടറി കോണകം മാത്രമേ ധരിച്ചിട്ടുള്ളൂ എന്ന ചിന്തയും കാഴ്ചയും എല്ലാവരില്‍നിന്നും മറഞ്ഞുപോയി. ബഹുമാന്യനായ ഒരാളുടെ പ്രശംസാ വചനങ്ങളും അംഗീകാരവും പുതുവസ്ത്രങ്ങളായി മാറിയോ? താന്‍ നില്‍ക്കുന്നത് നവവരന്റെ വേഷത്തിലാണ് എന്ന തോന്നല്‍ കൃഷ്ണപിള്ളയ്ക്കും അപ്പോള്‍ ഉണ്ടായിക്കാണണം.
ഈ സംഭവം കൃഷ്ണപിള്ളയില്‍ വലിയ ഉത്സാഹവും ശ്രദ്ധയും വളര്‍ത്തി. തന്റെ കവിതകള്‍ കൂടുതല്‍ ശ്ലാഘിക്കപ്പെടണമെന്ന നിഷ്കര്‍ഷയോടെ പിന്നെ നിരന്തരമായ എഴുത്തായിരുന്നു.
നോക്കൂ കുട്ടികളെ, ഉടുതുണിക്ക് മറുതുണിയില്ല എന്നും ഊണിന് വേണ്ടത്ര വകയില്ല എന്നുമുള്ള അന്നത്തെ അവസ്ഥ കണ്ടില്ലേ? എന്നിട്ടും കൃഷ്ണപിള്ളയുടെ കൃത്യനിഷ്ഠയും ഉത്തരവാദിത്വബോധവും കണ്ടില്ലേ? പ്രശംസയും അംഗീകാരവും കൈവന്നപ്പോള്‍ കാവ്യരചനയിലുണ്ടായ ഉത്സാഹവും ശ്രദ്ധയും കണ്ടില്ലേ?
“ഇത്രയൊക്കെയുണ്ടോ അമ്മാവാ, ഈ സംഭവത്തില്‍?” പ്രസാദ് അത്ഭുതപ്പെട്ടു.
“ഇത്രയുമല്ല, മറ്റൊരു സംഭവത്തെക്കൂടി ഇത് ഓര്‍മിപ്പിക്കുന്നുണ്ട്” ഞാന്‍ പറഞ്ഞു.
“എന്താണമ്മാവാ?”
“നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ബ്രിട്ടീഷ് രാജ്ഞി നല്കിയ വിരുന്നില്‍ തോര്‍ത്ത് മുണ്ടി ചുറ്റിയാണ് പങ്കെടുത്തതെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഫോട്ടോ കണ്ടുകാണും ഇല്ലേ? ഇന്ത്യന്‍ ജനതയുടെ അവസ്ഥ ബോധ്യപ്പെടുത്താനും സ്വാതന്ത്ര്യം വേഗത്തില്‍ ലഭ്യമാക്കാനും വേണ്ടിയായിരുന്നു അത്. ചുമ്മാ ഓര്‍ത്തു പോയെന്നേയുള്ളൂ. നമുക്ക് തല്ക്കാലം ഇവിടെ നിര്‍ത്താം. നാളെ വന്നോളൂ.” ഞാന്‍ പറഞ്ഞു. കുട്ടികള്‍ എഴുന്നേറ്റ് മുറ്റത്തിറങ്ങവെ ഞാന്‍ തമാശയായി വീണ്ടും പറഞ്ഞു; “കൃത്യനിഷ്ഠ പാലിക്കാന്‍ തിടുക്കപ്പെട്ട് പാതി വസ്ത്രവും ധരിച്ച് ഓടിവരേണ്ട കേട്ടോ……” അതുകേട്ട് രണ്ടുപേരും ചിരിച്ച് കുഴഞ്ഞ് ഓടിപ്പോയി.
(തുടരും)
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: