തിരുവനന്തപുരം: എംജി കോളേജില്‍ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ പ്രിന്‍സിപ്പാളും ചില അധ്യാപകരും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന എംജി കോളേജ് ഉപരോധസമരത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ രക്തദാനവും അന്നദാനവും നടത്തി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയായ കലാലയമാണ് എംജി കോളേജ്. കോളേജില്‍ നടക്കുന്ന വിഷയങ്ങള്ക്കുപിന്നില് പ്രിന്‍സിപ്പാള്‍ ഒറ്റയ്ക്കല്ല. ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെ എബിവിപിയുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ക്രിമിനലുകളാക്കി ചിത്രീകരിച്ച് മനോവീര്യം തകര്‍ത്ത് മറ്റുചില സംഘടനകളെ അവരോധിക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. കോളേജിലെ അധ്യാപകര്‍ ഗുണ്ടകളായി മാറുകയാണ്. വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം പാടില്ലെന്നു പറയുന്ന പ്രിന്‍സിപ്പാളിനും മറ്റ് അധ്യാപകര്‍ക്കും അധ്യാപക രാഷ്ട്രീയം എന്തിനാണ്. വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നവര്‍ അധ്യാപക രാഷ്ട്രീയത്തെ നിഷേധിക്കാന്‍ തയ്യാറാവയ്യാത്തതെന്താണ്. സ്വാമി വിവേകാനന്ദന്റെ പരിപാടിയില്‍പോലും പങ്കെടുക്കാന്‍ മനസ്സില്ലാത്ത കക്ഷി രാഷ്ട്രീയമുള്ള സങ്കുചിത മനോഭാവമുള്ള അധ്യാപകര്‍ എംജി കോളേജിലുണ്ട്. ഇവരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. എബിവിപി പ്രവര്‍ത്തകരെ തല്ലിചതയ്ക്കുന്ന പോലീസുകാര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ കയറാന്‍ ധൈര്യമുണ്ടോ. കേറിയാല്‍ കുപ്പായം കീറും.
കേരളത്തിലെ ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്ന തീവ്രവാദസംഘടനകളെ നിയന്ത്രിക്കാനോ ലൗജിഹാദ് തടയാനോ ഇവിടത്തെ ആഭ്യന്തര വകുപ്പിനോ പോലീസിനോ കഴിയുന്നുണ്ടോ. ബംഗ്ലാദേശില്‍പോലും നിരോധിച്ച ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള ചങ്കൂറ്റം കേരളത്തിലെ ആഭ്യന്തരവകുപ്പിനുണ്ടോ, ശോഭാ സുരേന്ദ്രന് ചോദിച്ചു.
കോളേജിലെ പിരിച്ചുവിട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുക, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത് സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
എബിവിപി സംസ്ഥാനസമിതി അംഗം രജുല്‍, ബിജെപി കൗണ്‍സിലര്‍ കുര്യാത്തി മോഹനന്‍നായര്‍, കോളേജ് യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറി എം. സനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: