കൊല്ലം: പിതൃപുണ്യം തേടി ബലികര്‍മ്മത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി തിരുമുല്ലവാരം ക്ഷേത്രഉപദേശക സമിതിയും വിശ്വഹിന്ദുപരിഷത്ത് സേവാവിഭാഗവും. ആഗസ്റ്റ് ആറിന് നടക്കുന്ന കര്‍ക്കിടക വാവിന് ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. വിശ്വഹിന്ദുപരിഷത്തും 10,000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
5ന് രാത്രി തുടങ്ങി 6ന് രാത്രിയില്‍ അവസാനിക്കുന്ന കര്‍ക്കിടക വാവിന് അഞ്ച് ലക്ഷം ഭക്തജനങ്ങള്‍ തിരുമുല്ലവാരം സ്നാന ഘട്ടത്തില്‍ എത്തുമെന്നാണ് ക്ഷേത്രസമിതി പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളേക്കാള്‍ തിലഹവനത്തിനും പ്രസാദ വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ ക്ഷേത്രസമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കയി പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് നിര്‍ദ്ദേശപ്രകാരം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.
തിരക്കൊഴിവാക്കാന്‍ വിഷ്ണുത്തുകാവ് മുതല്‍ തിരുമുല്ലവാരം വരെയുള്ള റോഡ് രണ്ടായി വിഭജിക്കും. ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ലഭ്യമാക്കും. ഈ രണ്ടു വകുപ്പുകളുടേയും ആംബുലന്‍സ് ബലികര്‍മ്മം അവസാനിക്കുന്നതുവരെ സ്നാനഘട്ടത്തിലുണ്ടാകും. ടൂറിസം വകുപ്പിന്റെ മുങ്ങല്‍ വിദഗ്ധര്‍ കടല്‍ത്തീരത്ത് ജാഗരൂകരായി ഉണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസ് സദാ ജാഗ്രതയോടെ സ്ഥലത്തുണ്ടാകും. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ശുചീകരണവും വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും കര്‍ക്കിട കഞ്ഞിയും കര്‍ക്കിടക കൂട്ടും മിതമായ വിലയ്‌ക്ക് ക്ഷേത്രക്കുളത്തിന് സമീപം വിതരണം ചെയ്യുമെന്ന് ക്ഷേത്രഉപദേശക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ വേണുഗോപാലിന്റെ നിര്‍ദ്ദേശാനുസരണം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരായ സജിബാബു, സതീശന്‍പിള്ള, ക്ഷേത്രം ഓഫീസര്‍ ടി.കെ. വിജയമ്മ, ദേവസ്വം എഞ്ചിനീയര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണന്‍, സെക്രട്ടറി സുനില്‍കുമാര്‍, കമ്മിറ്റിയംഗം തോപ്പില്‍ വിനോദ്, ഷിബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിശ്വഹിന്ദുപരിഷത്ത് കൊല്ലം ജില്ലാ സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം തിരുമുല്ലവാരം വിഷ്ണു സങ്കേതത്തിലെ സമുദ്രതീരത്ത് ബലിതര്‍പ്പണ കര്‍മ്മ പരിപാടിക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബലിതര്‍പ്പണം നടത്തുന്നതിന് വിശാലമായ പന്തല്‍ ഒരുക്കിക്കഴിഞ്ഞു. പൂജാദ്രവ്യങ്ങള്‍ അടങ്ങിയ തര്‍പ്പണകിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് പ്രത്യേകം സൗകര്യങ്ങളുണ്ടാകും. 50 ല്‍പ്പരം മാതൃശക്തിപ്രവര്‍ത്തകര്‍ അവര്‍ക്ക് നേതൃത്വം നല്‍കും. ബലിതര്‍പ്പണകര്‍മ്മത്തിന് 100 ല്‍പ്പരം സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തുണ്ടാകും.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ നിന്നും അഖിലകേരളാ പുരോഹിത പരിഷത്തിലെ തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തില്‍ ആചാര്യന്മാരും, തിലഹവനം വിധിപ്രകാരം നടത്തുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടാകും. ബലിതര്‍പ്പണകേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം പുതിയകാവ് ദേവീക്ഷേത്ര മേല്‍ശാന്തിയും മുന്‍ശബരിമല മേല്‍ശാന്തിയുമായ എന്‍. ബാലമുരളി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്പി നേതാക്കളായ വി.ആര്‍. രാജശേഖരന്‍, കെ.വി രാജഗോപാലന്‍നായര്‍, സി.എസ് ശൈലേന്ദ്രബാബു, കെ.പി പരമേശ്വരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: