കുട്ടികള്‍ക്ക് വായനാശീലം അന്യമാകുന്നു എന്ന ആക്ഷേപത്തിനിടെ കൃഷ്ണപ്രിയാ മേനോന് എന്ന ഏഴാംക്ലാസുകാരി ആ ധാരണ തിരുത്തുകയാണ്. പുസ്തകങ്ങള്‍ വായിക്കുക മാത്രമല്ല കൃഷ്ണപ്രിയ ചെയ്തത്. മറ്റ് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ സ്വയം ഒരു ചെറുനോവല്‍ തന്നെ എഴുതി; ഇംഗ്ലീഷില്‍. നിധി കണ്ടുപിടിക്കാനായിപുറപ്പെടുന്ന കുട്ടിസംഘത്തിന്റെ ചിന്തകളും അനുഭവങ്ങളും ലളിതമായ ഭാഷയില്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് കൃഷ്ണപ്രിയ എഴുതിയ നോവല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങി. ‘മിസ്റ്ററി ബിഹൈന്‍ഡ് ദ മാസ്ക്ക്’ എന്നാണ് നോവലിന്റെ പേര്. കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലാണ് കൃഷ്ണപ്രിയ പഠിക്കുന്നത്.
തീരെ ചെറുതായിരിക്കുമ്പോള്‍ മുതല്‍ തനിക്ക് കഥകളോട് വലിയ ഇഷ്ടമായിരുന്നു എന്ന് കൃഷ്ണപ്രിയ പറയുന്നു. പക്ഷേ എല്ലാ കുട്ടികളേയും പോലെ കഥ കേള്‍ക്കാനല്ല വായിക്കാനാണ് ഇഷ്ടമെന്നും ഈ കുട്ടി പറയുന്നു. ഒന്നാം ക്ലാസില്‍ എത്തിയപ്പോള്‍ തന്നെ ആദ്യകഥ എഴുതി. അതിപ്പോഴും നിധി പോലെ സൂക്ഷിച്ചു വയ്ക്കുന്നു, മരങ്ങളായിരുന്നു ആ കഥയിലെ കഥാപാത്രങ്ങള്‍. പിന്നീട് അത്തരത്തിലുള്ള ചെറിയകഥകള്‍ എഴുതാന്തുടങ്ങിയതോടെ അച്ഛന് കെ.ജയശങ്കറും അമ്മ ബൃന്ദയും എല്ലാ പ്രോത്സാഹനവും നല്കി. കഴിഞ്ഞ വര്‍ഷമാണ് ഒരു കുട്ടി നോവല്‍ എന്ന ആശയം മനസ്സില്‍തോന്നിയത്. അച്ഛനും അമ്മയും ധൈര്യം പകര്‍ന്നതോടെ എഴുതിത്തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കുഞ്ഞു നോവല്‍ അങ്ങനെ എഴുതിത്തീര്‍ത്തു. കൊച്ചിയില്‍ വയല്ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതിന് ശേഷമായിരുന്നു സ്കൂളില്‍ നോവലെഴുതിയ കാര്യം അറിയിച്ചത്. അതോടെ പ്രകാശനം ആഘോഷമാക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം എട്ടിന് എളമക്കര സരസ്വതി വിദ്യാനികേതനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാടമ്പ് കുഞ്ഞുക്കുട്ടനാണ് മിസ്റ്ററി ബിഹൈന്‍ഡ് ദ മാസ്ക്ക് പ്രകാശനം ചെയ്തത്. അതോടെ സ്കൂളില്‍ കൃഷ്ണപ്രിയ താരമായി. ഇത്ര ചെറിയ വയസില്‍ നോവലെഴുതിയ കൂട്ടുകാരിയെ മറ്റു കുട്ടികള്‍ അതിശയത്തോടെയാണ് കാണുന്നത്. വലിയസന്തോഷമുണ്ടെന്നും ഇതൊക്കെ കാണുമ്പോള്‍ ഇനിയും എഴുതുമെന്ന് താന്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും ഈ എഴാംക്ലാസുകാരി പറയുന്നു.
രതി.എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: