മഴകനത്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയിലേക്ക് വീണ്ടും സന്തോഷം പടി കടന്നെത്തിയപ്പോള്‍ ശ്രീക്കുട്ടി എന്ന കൊച്ചു കായികതാരത്തിനും കുടുംബത്തിനും സന്തോഷത്തിന് അതിരുകളില്ല. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന ഭാരോദ്വഹന മത്സരത്തില്‍ 57 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ശ്രീക്കുട്ടി എന്ന 16 വയസുകാരി കുടുംബത്തിനും നാടിനും അഭിമാനമായത്.
ആലപ്പുഴ മുഹമ്മ ചാണിവെളിയില്‍ ശിവപ്രസാദിന്റെയും ശ്രീദേവിയുടെയും മകളാണ് ശ്രീക്കുട്ടി. ചെറുപ്രായത്തില്‍ തന്നെ കായിക മത്സരങ്ങളില്‍ എന്നും ഒന്നാമതായിരുന്നു. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും കൈനിറയെ സമ്മാനങ്ങള്‍ വാരികൂട്ടാന് അവള് മിടുക്കിയാണെന്ന് സ്കൂളിലെ അധ്യാപികമാര്‍ പറയുന്നു. ആര്യക്കര എബി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രികുട്ടിയുടെ ഈ വിജയം നാടിന്റെ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
കടുത്ത ദാരിദ്ര്യത്തിലും കുടുംബത്തിന്റെ ഏകപ്രതീക്ഷ ശ്രീക്കുട്ടിയിലാണെന്ന് അച്ഛന് ശിവപ്രസാദ് പറയുമ്പോള്‍ മുഖത്ത് സങ്കടത്തിന്റെ നിഴല്‍ വീണിരുന്നു. അപകടത്തെ തുടര്‍ന്ന് ശിവപ്രസാദിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അമ്മ ശ്രീദേവി കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിക്കുന്നതും വീട്ടുചെലവുകള് നടത്തുന്നതും. ശ്രീക്കുട്ടിക്ക് ശ്രീലേഖ എന്ന ഒരു സഹോദരിയുമുണ്ട്. ഒരു നല്ല വീടോ, മറ്റ് സൗകര്യങ്ങളോ ഇവര്‍ക്കില്ല. ഓലയും ടിന്‍ഷീറ്റും മേഞ്ഞ വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
ആര്യക്കര എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സവിനയനാണ് പരിശീലകന്. നല്ല പരിശീലനം നല്കാന് ആവശ്യത്തിനുള്ള ഉപകരണങ്ങളില്ലാത്തതും ശരിയായ ഭക്ഷണത്തിന്റെ അഭാവവുമാണ് ശ്രീക്കുട്ടിയുടെ പരിശീലനത്തിന് തടസമായി നില്കുന്നതെന്ന് സവിനയന്‍ പറയുന്നു. ശ്രീക്കുട്ടി നല്ല കഴിവുള്ള കുട്ടിയാണ്.
നല്ല പരിശീലനം നേടിയാല്‍ ഇനിയും ഉയര്‍ന്നുവരാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ഊട്ടിയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പ് മത്സരത്തില്‍ വെള്ളിമെഡലിനും ശ്രീകുട്ടി അര്‍ഹയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: