കനക
ജീവിച്ചിരിക്കെ താന്‍ മരിച്ചു എന്ന പ്രചാരണം കേള്‍ക്കേണ്ടിവരികയും അതേത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറക്ക് മുന്നിലെത്തുകയും ചെയ്ത നടി കനകയാണ് ഈ ആഴ്ച്ചയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സ്ത്രീ. ക്യാന്‍സര്‍ബാധിതയായി ആലപ്പുഴയിലെ ഒരു ചികിത്സാകേന്ദ്രത്തില്‍ കഴിയുകയാണ് കനകയെന്നും അവരുടെ അവസ്ഥ അതീദയനീയമാണെന്നും വാര്‍ത്ത പരന്നതിന് പിന്നാലെയാണ് കനക മരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കനകയുടെ ദാരുണ അന്ത്യത്തില്‍ സഹതപിച്ച് ദൃശ്യമാധ്യമങ്ങള്‍ അനുസ്മരണ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു തുടങ്ങിയപ്പോള്‍ താന്‍ മരിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി കനക ചെന്നൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഏത് കാര്യത്തിലും ഇന്‍വെസ്റ്റിഗേഷന്‍ നടത്തി എക്സ്ക്ലൂസിവ് വെളിപ്പെടുത്തലുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഇത്തരത്തിലൊരു വാര്‍ത്ത എങ്ങനെ പ്രചരിച്ചു എന്ന് കണ്ടെത്തുന്നതില്‍ പക്ഷേ അമ്പേ പരാജയപ്പെട്ടു.
പ്രേക്ഷകനെ അമ്പരപ്പിക്കുന്ന അഭിനയപ്രതിഭയോ പ്രലോഭിപ്പിക്കുന്ന സൗന്ദര്യധാമമോ അല്ലാതിരുന്നിട്ടും വളരെ കുറച്ചു ചിത്രങ്ങളിലൂടെ മലയാളി അംഗീകരിച്ച നടിയായിരുന്നു കനക. ഗോഡ്ഫാദര്, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കനക മലയാളി പ്രേക്ഷകരുടെ പ്രിയംകരിയായത്. ചലച്ചിത്ര ലോകത്ത് നിന്ന് വിട്ടുനിന്ന നീണ്ട ഒരിടവേളയിലെവിടെയോ കനകയെക്കുറിച്ച് ആരൊക്കെയോ ചര്‍ച്ചചെയ്ത് മറക്കുകയും ചെയ്തു. 2002ല്‍ അമ്മയും ചലച്ചിത്രനടിയുമായിരുന്ന ദേവികയുടെ മരണത്തോടെയാണ് കനക അഭിനയരംഗം വിട്ടത്. 2010ല്‍ പിതാവ് ദേവിദാസിനെതിരെ ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. ആ വാര്‍ത്താസമ്മേളനത്തിലൂടെ സ്വകാര്യജീവിതത്തിലെ അസ്വസ്ഥതകളെക്കുറിച്ച് സൂചന നല്കി മടങ്ങിയ നടി പിന്നീട് എവിടെയെന്ന് ആരും അന്വേഷിച്ചില്ല. അവര്പുറത്തു വന്നുമില്ല.
എന്തായാലും അപ്രതീക്ഷിതമായി ഒട്ടും സുഖകരമല്ലാത്ത ഒരു വാര്ത്തയിലൂടെയാണെങ്കിലും കനക വീണ്ടും ക്യാമറകള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. തന്റെ മരണവാര്ത്തയെചിരിച്ചു തള്ളിയ നടിക്ക് ഇനി തിരികെ വരാം, അതുമല്ലെങ്കില്‍ വീണ്ടും ആ അജ്ഞാത വാസത്തിലേക്ക് മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: