മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിവസം ചായസമയത്തിന് കളിനിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും 26 റണ്‍സെടുത്ത സ്റ്റീഫന്‍ സ്മിത്തുമാണ് ക്രീസില്‍. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ഹ്യൂസ്, പാറ്റിന്സണ്, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ക്ക് പകരം ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഇറങ്ങി.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ച ഓസീസ് ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ സ്കോര്‍ 76 റണ്‍സിലെത്തിയപ്പോള്‍ വാട്സണ് മടങ്ങി. 19 റണ്‍സെടുത്ത വാട്സനെ ബ്രസ്നന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടികൂടി. ഏറെ വൈകാതെ ഉസ്മാന് ഖവാജയും മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത കവാജയെ സ്വാന് മാറ്റ് പ്രയറിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ റോജേഴ്സും ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും ചേര്‍ന്ന് ഓസീസ് സ്കോര്‍ 100 കടത്തി. സ്കോര്‍ 129 റണ്‍സിലെത്തിയപ്പോള്‍ കംഗാരുക്കള്‍ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോജേഴ്സിനെ (84) സ്വാന് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സ്വാന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: