കൊല്ലം: ശിരോവസ്ത്രധാരണം മൗലികാവകാശമാണെന്ന പ്രഖ്യാപനവുമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ രംഗത്ത്. കൊല്ലം വടക്കേവിള എസ്‌എന്‍ ട്രസ്റ്റ് പബ്ലിക് സ്കൂളില്‍ ശിരോവസ്ത്രം നിരോധിച്ചു എന്ന ആരോപണമുന്നയിച്ചാണ് ജമാ അത്തൈ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്. നേരത്തെ കൊല്ലം സെന്റ് ജോസഫസ് സ്കൂളില്‍ സമാനമായ പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ഡിപിഐ ഓഫീസില്‍ നിന്ന് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ അധികരിച്ച് തയ്യാറാക്കിയ സര്‍ക്കുലറില്‍ വിദ്യാലയാന്തരീക്ഷത്തില്‍ ഇടപെടുന്നതില്‍ നിന്ന് ഇസ്ലാമിക തീവ്രവാദ പശ്ചാത്തലമുള്ള സംഘടനകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രണ്ട്, എസ്സിപിഐ, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളെയാണ് സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരുന്നത്.
സെന്റ് ജോസഫില്‍ പിടിഎ യോഗം ചേര്‍ന്ന് സ്കൂളിലെ ഡ്രസ് കോസ് നിലനിര്‍ത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. വടക്കേവിള എസ്‌എന്‍ പബ്ലിക് സ്കൂളിലും ഇതുതന്നെയാണുണ്ടായത്. ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം രക്ഷിതാക്കളും വിദ്യാലയാന്തരീക്ഷത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറാകുമ്പോഴാണ് മത അജണ്ടയുമായി ഒരു ചെറു ന്യൂനപക്ഷം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്.
ഹിന്ദു, ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിരെ മതസ്വര്‍ധ സൃഷ്ടിക്കുന്ന പ്രചാരണവുമായാണ് ഇവര്‍ രംഗത്തുവന്നിട്ടുള്ളത്. ശിരോവസ്ത്ര നിരോധനത്തിന്റെ പേരില്‍ മതവിവേചനം നടക്കുന്നുവെന്ന് മുറവിളി കൂട്ടുന്ന ഇതേ ശക്തികള്‍ തന്നെയാണ് കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ മൈനാഗപ്പള്ളി കടപ്പാ സര്‍ക്കാര്‍ സ്കൂളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരടക്കമുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ ‘വിളക്കും വീണയും’ എന്ന സ്കൂള്‍ എംബ്ലം യൂണിഫോമില്‍ നിന്ന് മാറ്റാതെ അദ്ധ്യായനം നടക്കില്ലെന്ന നിലപാടായിരുന്നു മൈനാഗപ്പള്ളിയില്‍ അവര്‍ സ്വീകരിച്ചത്. സര്‍വകക്ഷിയോഗം ചേര്‍ന്ന് രാഷ്‌ട്രീയ പാര്‍ട്ടികളും മതപ്രീണനത്തിന്റെ മറവില്‍ ഭീകരവാദികള്‍ക്ക് സ്തുതി പാടുകയായിരുന്നു അവിടെ.
മൈനാഗപ്പള്ളി സംഭവത്തിന്റെ തുടര്‍പ്രവര്‍ത്തനമാണ് വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിനെതിരെയും ഈ സംഘടനകള്‍ നടത്തുന്നത്.
മതതീവ്രവാദ പശ്ചാത്തലമുള്ള ഇസ്ലാമിക സംഘടനകളുടെ പിന്തുണയോടെ അവകാശ സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇതര സ്കൂള്‍ മാനേജ്മെന്റുകളെ തകര്‍ക്കാനുള്ള പരിശ്രമം നടക്കുന്നത്. അതേസമയം ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാമിക സമൂഹം ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളുടെ വാദഗതികള്‍ അംഗീകരിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ജമാ അത്തെ ഇസ്ലാമിയുടെ തീവ്രവാദമുഖത്തിന് മനുഷ്യാവകാശഭാഷ്യം തീര്‍ക്കാന്‍ രംഗത്തിറങ്ങിയ സോളിഡാരിറ്റിയാണ് ഇപ്പോള്‍ പ്രകടമായ മത അജണ്ടയുടെ പ്രചാരകരായി രംഗത്തു വന്നിട്ടുള്ളത്. നേരത്തെ സോളിഡാരിറ്റി ഏറ്റെടുത്തു നടത്തിയിരുന്ന പരിസ്ഥിതി, മനുഷ്യാവകാശ പ്രശ്നങ്ങള്‍ ജമാ അത്തൈ ഇസ്ലാമിയുടെ രാഷ്‌ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടികള്‍ക്ക് കൈമാറിയാണ് ഇവര്‍ ഇപ്പോള്‍ ശിരോവസ്ത്രനിഷേധം പോലുള്ള പ്രശ്നങ്ങളില്‍ മതവിരോധം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: