ബുല്വായോ: സിംബാബ്വെക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 42.4 ഓവറില്‍ 144 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യ 30.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയും (64 നോട്ടൗട്ട്) സുരേഷ് റെയ്നയും (65 നോട്ടൗട്ട്) നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാരയും വിനയ്കുമാറിന് പകരം മോഹിത് ശര്‍മ്മയും ഇറങ്ങി. 10 ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മോഹിത്ത് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. മോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ചും. സിംബാബ്വെ നിരയില്‍ 50 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചിഗുംബരയാണ് ടോപ് സ്കോറര്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിനയക്കുകയായിരുന്നു. കനത്ത ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തുടക്കത്തിലേ തകര്‍ന്ന സിംബാബ്വെ നിരയില്‍ നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ചിഗുംബരക്ക് പുറമെ സിബാന്‍ഡ 24ഉം മാല്‍ക്കം വാലര്‍ 35ഉം മസാകഡ്സ 10 റണ്‍സെടുത്തു. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ട് പേര് ഒരു റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലര്, സീന്‍ വില്ല്യംസ്, മൈക്കല്‍ ചിനൗയ എന്നിവരാണ് സ്കോര്‍ നേടും മുന്നേ കൂടാരം കയറിയത്. ഉത്സേയയും ചതാരയും ഓരോ റണ്‍സെടുത്തും മടങ്ങി.
ബാറ്റിംഗ് ആരംഭിച്ച് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന സിംബാബ്വെയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് അദഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ വാലറും ചിഗുംബരയും ചേര്‍ന്ന് നേടിയ 80 റണ്‍സാണ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മോഹിത്ത് ശര്‍മ്മക്ക് പുറമെ അമിത് മിശ്ര 8.4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുതു. 9 ഓവറില്‍ 28 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി.
145 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ വീണു. 13 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ചേതേശ്വര്‍ പൂജാരയെ ടെന്‍ഡായ് ചതാര ബൗള്‍ഡാക്കി. സിംബാബ്വെയുടെ ആഹ്ലാദവും ഇവിടെ തീര്‍ന്നു. പിന്നീട് ക്യാപ്റ്റന്‍ കോഹ്ലിക്ക് പകരം സുരേഷ് റെയ്നയാണ് ക്രീസിലെത്തിയത്. രോഹിത് ശര്‍മ്മക്കൊപ്പം റെയ്നയും മികച്ച ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ 25.2 ഓവറില്‍ 100ലെത്തി. ഏറെ കഴിയും മുന്നേ രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. രോഹിത് ശര്‍മ്മ 84 പന്തുകളില്‍ നിന്നും സുരേഷ് റെയ്ന 60 പന്തുകളില്‍ നിന്നുമാണ് 50ലെത്തിയത്. ഒടുവില്‍ ഇന്ത്യ വിജയതീരമണിഞ്ഞപ്പോള്‍ സുരേഷ് റെയ്ന 71 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളോടെ 65 റണ്‍സും രോഹിത് ശര്‍മ്മ 90 പന്തുകളില്‍ നിന്ന് 5 ബൗണ്ടറിയും ഒരു സിക്സറുമടക്കം 64 റണ്‍സുമെടുത്തു. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിംബാബ്വെയുടെ 7 പേര് ബൗള്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: