കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ നിര്‍മിക്കാന്‍ അനുമതിയായതായി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ഇതുസംബന്ധിച്ച ബന്ധപ്പെട്ടവരുടെ നിര്‍ദേശം അംഗീകരിച്ച് കഴിഞ്ഞു. ഡിസൈന്‍ തയാറാക്കി വരികയാണ്. ഇതിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കൂടി കിട്ടിയാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധുര-കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ പുനലൂര്‍ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മെമു ഷെഡ് ഒരുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്കായി വിശ്രമമുറിയും നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലം-വിശാഖപട്ടണം ട്രെയിന്‍ ഒരുമാസത്തിനകം സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച വിജ്ഞാപനം റെയില്‍വേ ബോര്‍ഡ് പുറപ്പെടുവിക്കുന്നതിനുള്ള കാലതാമസം മാത്രമേയുള്ളൂ. പുനലൂര്‍-കൊല്ലം-കോട്ടയം വഴി ഗുരുവായൂര്‍ക്ക് എക്സ്പ്രസ് ട്രെയിന്‍ ഓണത്തിന് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നേരത്തെ ഗുരുവായൂര്‍ക്ക് പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റെയില്‍വേ അനുമതി നല്കുകയുണ്ടായില്ല.
തുടര്‍ന്ന് വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് എക്സ്പ്രസ് ട്രെയിനായി പുതിയ നിര്‍ദേശം നല്കാന് പറഞ്ഞത്. ഈ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ മധ്യതിരുവിതാംകൂറില്‍ നിന്നും ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും ഗുരുവായൂര്‍ക്ക് പോകുന്നവര്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാഗൂര്-എറണാകുളം എക്സ്പ്രസ് കൊല്ലം വരെ നീട്ടണമെന്ന് മന്ത്രി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു. നാഗൂരിലും വേളാങ്കണ്ണിയിലും പോകുന്ന വിശ്വാസികള്‍ക്ക് ഇത് പ്രയോജനപ്പെടും. കൊല്ലത്തുനിന്ന് പുനലൂര്‍ വരെ മെമു സര്‍വീസ് ആരംഭിക്കണമെന്നും കൊടിക്കുന്നില്‍ നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ഭാവിയില്‍ ഈ സര്‍വീസ് ചെങ്കോട്ടവരെ നീട്ടാനും പറ്റും. കൊല്ലം-പുനലൂര്‍ പാതയില്‍ വൈദ്യുതീകരണം നടപ്പിലാക്കണമെന്നും അദ്ദേഹം റെയില്‍വേ അധികാരികളോട് ആവശ്യപ്പെട്ടു. ഇരട്ടപ്പാതയായ തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടില്‍ സബര്‍ബന്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ പാതയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ മണിക്കൂര്‍ ഇടവിട്ട് സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയാല്‍ സീസണ് ടിക്കറ്റ് യാത്രക്കാര്‍ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത റെയില്‍വേ ബജറ്റില്‍ അജ്മീരില്‍ നിന്ന് കൊല്ലത്തേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇപ്പോള്‍ അജ്മീരില്‍ നിന്ന് എറണാകുളം വരെ ട്രെയിനുണ്ട്. ഇത് കൊല്ലം വരെ നീട്ടണം. പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്തിന് കൂടുതല്‍ തുക അനുവദിക്കണം. ഇതടക്കമുള്ള കൊല്ലത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്ത പാര്‍ലമെന്റ് സെഷനില്‍ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും. ഇക്കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു. തുടര്‍ന്ന് മധുര-കൊല്ലം പാസഞ്ചറിന്റെ കന്നിസര്‍വീസ് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഫ്ലാഗ്ഓഫ് ചെയ്തു. എംപിമാരായ എന്‍.പീതാംബരക്കുറുപ്പ്, കെ.എന്‍.ബാലഗോപാല്‍, ഡിസിസി പ്രസിഡന്റ് അഡ്വ.ജി.പ്രതാപവര്‍മ തമ്പാന്, തിരുവനന്തപുരം ഡിആര്‍എം രാജേഷ് അഗര്‍വാള്‍, മധുര ഡിആര്‍എം എ.കെ.രസ്തോഗി, ജില്ലാ പഞ്ചായത്തംഗം ഇ.സഞ്ജയ്ഖാന്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ സി.വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: