മൂവാറ്റുപുഴ: ജനറല്‍ ആശുപത്രി ലേ സെക്രട്ടറിയുടെ തിരോധാനത്തെ തുടര്‍ന്ന് തുറക്കുവാന്‍ സാധിക്കാതെ വന്ന അലമാര ഡി എം ഒയുടെ നേതൃത്വത്തില്‍ തുറന്ന് പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ഡി എം ഒ ഡോ. ഹസീന മുഹമ്മദ്, ഹെല്‍ത്ത് വിജിലന്‍സ് ചുമതലയുള്ള അഡീഷണല്‍ ഡി എം ഒ ഡോ. ജയശ്രീ എന്നിവരും പോലീസും ചേര്‍ന്നാണ് അലമാര തുറന്ന് പരിശോധിച്ചത്. പരിശോധനയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അലമാരയില്‍ കണ്ടെത്തി.
ജൂലൈ രണ്ട് മുതല്‍ കാണാതായ ലേ സെക്രട്ടറി മധുലാല്‍ ആശുപത്രി ജീവനക്കാരുടെ ശമ്പളം മാറിയ വകയില്‍ നാല് ലക്ഷത്തില്‍ പരം രൂപയാണ് കണ്ടെത്തേണ്ടിയിരുന്നത്. ഭൂരിഭാഗം ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിരുന്നുവെങ്കിലും നഴ്സിങ് അസിസ്റ്റന്റ്മാരടക്കം ഇരുപതോളം പേര്‍ക്ക് ശമ്പളം നല്കുവാനുണ്ടായിരുന്നു. ഈ തുകയുമായാണ് ഇയാള്‍ സ്ഥലം വിട്ടതെന്ന് സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡി എം ഒയ്ക്ക് റിപ്പോര്‍ട്ട് നല്കുകകയും ആളെ കാണുവാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കുകകയും ചെയ്തിരുന്നു.
പോലീസ് ഇയാളുടെ കൊല്ലത്തുള്ള വസതിയിലടക്കം അന്വോഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജീവനക്കാരുടെ ശമ്പളം നല്‍കാതെ ലേ സെക്രട്ടറി മുങ്ങിയതെന്ന ആരോപണത്തെ തുടര്‍ന്ന് ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ചുളള അന്വേഷണം പോലീസ് നടത്തി വരുന്നതായും ഇരുപതോളം ജീവനക്കാര്‍ക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയിട്ടുള്ളതായും അലമാര തുറന്ന് നടത്തിയ പരിശോധനയുടെ വിശദാംശങ്ങളും ഹെല്‍ത്ത് ഡയറക്ടറെ അറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി എം ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: