കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ പത്ത് കിടക്കകളുള്ള കാന്‍സര്‍ യൂണിറ്റ് ആരംഭിക്കുമെന്ന് കേന്ദ്രതൊഴില്സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കാന്‍സര്‍ യൂണിറ്റിന് ഓങ്കോളജി ഫിസിഷ്യനെ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഫിസിഷ്യനെ കിട്ടിയാല്‍ ഉടന്‍തന്നെ കാന്‍സര്‍ യൂണിറ്റ് ആരംഭിക്കാനാകുമെന്നും ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ യൂണിറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ കാത്ത് ലാബിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഹൃദ്രോഗത്തിന് ലോകോത്തര ചികിത്സ ലഭ്യമാക്കുന്നതിന് കാത്ത് ലാബിലൂടെ സാധിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇഎസ്ഐ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയില്‍ കാത്ത്ലാബ് സൗകര്യം ആരംഭിക്കുന്നത്. പ്രതിവര്‍ഷം 3.4 കോടി രൂപയുടെ ലാഭമാണ് കോര്പ്പറേഷന് ലാബിലൂടെ ലഭിക്കുക. സങ്കീര്‍ണമായ ഹൃദ്രോഗ ചികിത്സക്കുപോലും സ്വകാര്യ ആശുപത്രികളേക്കാള്‍ 24,000 രൂപ വരെ കുറവായിരിക്കും ഇവിടുത്തെ ചികിത്സാ ചെലവ്.
ഹൃദയധമനികളിലെ തടസ്സം നീക്കാന്‍ ബലൂണ്‍ ചികിത്സ, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ധമനികളില്‍ കടന്നുള്ള സ്കാന്‍ സംവിധാനം തുടങ്ങി അത്യാധുനിക ചികിത്സ ലഭ്യമാണ്. ഇവിടെ ഏഴ് ഡയാലിസിസ് യൂണിറ്റുകളാണ് ആരംഭിക്കുന്നത്. നിലവില്‍ 58 ഓളം രോഗികള്‍ സമീപപ്രദേശങ്ങളില്‍ നിന്നും ഡയാലിസിസിനായി ആശുപത്രിയെ സമീപിച്ചിട്ടുണ്ട്. യൂണിറ്റ് ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.എന്‍.പീതാംബരക്കുറുപ്പ് എംപി അധ്യക്ഷത വഹിച്ചു.
പി.കെ.ഗുരുദാസന് എം എല്‍ എ, കോര്പ്പറേഷന് അംഗങ്ങളായ കെ സുരേഷ് ബാബു, എം മുരളി, കൗണ്‍സിലര്‍ ശ്രീകുമാരി, ഡോ. എസ്.കെ.രാജു, ഡോ.പ്രതാപ് കുമാര്‍, മാര്ട്ടിന് ടി കുര്യന്, ഡോ. എസ് ബീനാകുമാരി, ഡയറക്ടര്‍ എസ്.വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: