കൊല്ലം: പാചകവാതക വിതരണ വാഹനങ്ങളില്‍ നിര്‍ബന്ധമായും അളവുതൂക്ക ഉപകരണങ്ങള്‍ ഉണ്ടാവണമെന്നും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി വേണം ഗ്യാസ് നല്‍കാനെന്നും ജില്ലാകളക്ടര്‍ ബി.മോഹനന് നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ നടന്ന പാചകവാതക അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. ദൂരത്തിനനുസരിച്ച് നിയമാനുസൃതം മാത്രമേ തുക ഈടാക്കാവൂ.
ഏജന്‍സികളില്‍ ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ശരിയല്ല. പരമാവധി പരാതികള്‍ ഒഴിവാക്കി ഉപഭോക്താക്കളെ വിശ്വാസത്തിലെടുത്തു വേണം ഗ്യാസ് വിതരണമെന്നും കളക്ടര്‍ പറഞ്ഞു. ഗ്യാസ് ലീക്കുചെയ്യുന്ന പരാതികള്‍ ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അടിയന്തരമായി ഇടപ്പെട്ട് പരിഹരിക്കണം. ഗ്യാസ് കൊണ്ടുപോകുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് നല്ലരീതിയില്‍ പെരുമാറണം. ബുക്ക് ചെയ്ത് പരമാവധി മൂന്നു ദിവസത്തിനകം ഉപഭോക്താവിന് ഗ്യാസ് എത്തിക്കുന്നതിന് ഏജന്‍സികള്‍ ശ്രദ്ധിക്കണം അല്ലാത്തപക്ഷം ഏജന്‍സിക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
വിവിധ താലൂക്കുകളില്‍ നിന്നും എത്തിയ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ സി.സുധര്‍മ്മകുമാരി, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ.ആസാദ്, ബിപിസി എന്‍ ഡെപ്യൂട്ടി മാനേജര്‍ അജിത്, വിവിധ ഉപഭോക്തൃ സംഘടനകളുടെ പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: